18 November 2023, 05:12 AM
ശബരിമല സന്നിധാനത്തെയും പരിസങ്ങളിലേയും ശുചീകരണത്തിനായി ആവിഷ്കരിച്ച പവിത്രം ശബരിമല യജ്ഞം സജീവമാക്കി ദേവസ്വം ബോർഡ്. ശബരിമലയിലെ മാലിന്യം പൂർണമായും ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമലയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വൃശ്ചികം ഒന്നിന് വിശുദ്ധദിനമായി ആചരിച്ചിരുന്നു. പോലീസ് നേതൃത്വത്തിൽ വിജയകരമായി നടത്തിയിരുന്ന പുണ്യം പൂങ്കാവനം മാലിന്യനിർമാർജന പരിപാടി ഇക്കുറി തുടങ്ങിയിട്ടില്ലാത്തതിനാൽ പവിത്രം ശബരിമല സജീവമാക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം സുന്ദരേശൻ എന്നിവർ പങ്കാളികളായി. സന്നിധാനത്തെ എല്ലാം പ്രധാനപോയിന്റുകളും നേരിട്ടെത്തി പി.എസ് പ്രശാന്തും സുന്ദരേശനും ജൈവ, അജൈവമാലിന്യം ശേഖരിച്ച് ട്രാക്ടറിൽ കയറ്റി.ദേവസ്വം ബോർഡിന് കീഴിലുള്ള 1,257 ക്ഷേത്രങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.