23 November 2023, 02:20 PM
ട്രെൻഡിംഗ് വിവാഹങ്ങൾക്ക് ഇനി ശംഖുംമുഖം വേദിയാകും, ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. കേരളത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ ശംഖുംമുഖത്ത് ഒരുങ്ങി. ശംഖുംമുഖം ബീച്ച് പാർക്കിലുള്ള വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിലൂടെ 15,000 കോടിയുടെ നിക്ഷേപം കേരളത്തിന് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് പുതിയ തുടക്കമാണെന്നും കേരളത്തെ ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറ്റിയെടുക്കാനാണ് സർക്കാറിന്റെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം വകുപ്പ് നാല് കോടിയും സ്വകാര്യ പങ്കാളിത്തത്തിൽ രണ്ട് കോടിയുമാണ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിന് വിനിയോഗിച്ചത്. ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി ഗെയിമിങ് സോൺ, സീ വ്യൂ കഫെ എന്നിവയും ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കും. നവംബർ 30ന് ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രത്തിൽ ആദ്യ വിവാഹം നടക്കും.