Latest News

കൃഷിയിടങ്ങളില്‍ നൂറുമേനി വിളയിച്ച് മികച്ച വനിതാ പച്ചക്കറി കര്‍ഷകയ്ക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ വീട്ടമ്മ

Wed Nov 2020 | 06:09:12 news

കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രം തന്റെ കൃഷിയിടങ്ങളില്‍ നൂറുമേനി വിളയിച്ച് മികച്ച വനിതാ പച്ചക്കറി കര്‍ഷകയ്ക്കുള്ള പുരസ്‌ക്കാരം. നേടിയിരിക്കുകയാണ് കെ.പി. ഡോളി എന്ന വീട്ടമ്മ. മഴമറ രീതികളാണ് ഡോളിയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബളാല്‍ പഞ്ചായത്തിൽ മലഞ്ചെരുവിലെ ആറേക്കര്‍ ഭൂമിയിലാണ് ഈ വീട്ടമ്മയുടെ കൃഷി തോട്ടമുളളത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, റബ്ബർ, വാഴ തുടങ്ങി മിക്ക കൃഷികളും ഇവിടെയുണ്ട്. കൂടാതെ പച്ചക്കറികളായ പയര്‍, തക്കാളി, ഞരമ്പന്‍, പടവലം, വെണ്ട, മത്തന്‍, വഴുതന എന്നിവയും മഞ്ഞുകാല വിളകളായ കോളിഫല്‍വര്‍, കാബേജ്, തക്കാളി, കാരറ്റ്, ഉള്ളി എന്നിങ്ങനെ മായമില്ലാത്ത പച്ചക്കറികള്‍ എല്ലാം തന്നെ ഡോളിയുടെ ഈ മുപ്പതേക്കറിലുണ്ട്. ഇതിനെല്ലാം പുറമെ ഇടവിളയായി നെല്‍ കൃഷിയും ചെയ്യാറുണ്ട്. ഇവിടെ നടത്തിയ മുപ്പതു വര്‍ഷത്തെ തന്റെ കഠിനാധ്വാനത്തിന്റെ ഫലമായാണ് കാര്‍ഷിക വികസനക്ഷേമ വകുപ്പിന്റെ മികച്ചവനിതാ പച്ചക്കറി കര്‍ഷകയ്ക്കുള്ള പുരസ്‌ക്കാരം ഡോളിയുടെ കൈകളില്‍ എത്തിയത്. കൃഷിക്ക് പുറമേ കാലി വളര്‍ത്തലും ഉണ്ട് ഡോളി എന്ന വീട്ടമ്മയ്ക്ക്. ഇവയില്‍ നിന്നും കിട്ടുന്ന ചാണകവും ഗോമൂത്രവും ഉപയോഗിച്ച് സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന ജൈവ കീടനാശിനികളാണ് തന്റെ കൃഷിയിടങ്ങളില്‍ ഡോളി ഉപയോഗിക്കുന്നത്.മായമില്ലാത്ത ഈ പച്ചക്കറികളെല്ലാം തന്ന വെള്ളരിക്കുണ്ടിലെ ഇക്കോ ഷോപ്പിലും ആഴ്ച ചന്തയിലുമാണ് വിറ്റഴിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ അവയെ അതിജീവിച്ച് വിജയം കൈവരിച്ച ഒരു വീട്ടമ്മയാണ് ഡോളി. ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഇവര്‍ തന്റെ മൂന്നു മക്കളെയും ചേര്‍ത്തു പിടിച്ച് ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ എല്ലാം തന്നെ ഡോളി എന്ന വീട്ടമ്മയുടെ കഠിനാധ്വാനത്തിന്റെ മാത്രം ഫലമാണ്. തെങ്ങിന് തടമെടുക്കലും, തേങ്ങയിടലും, ടാപ്പിംഗും, കറവയും, കിളയ്ക്കലും കുഴിയെടുക്കലും തുടങ്ങി കൃഷിയിടത്തിലെ എല്ലാ കാര്യങ്ങൾക്കും ഡോളി തന്നെയാണ് മുന്നിലുള്ളത്.

VIDEO