Latest News

ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം ഈ കറ്റാർവാഴ മിശ്രിതം

Wed Oct 2020 | 09:18:45 news

ചർമ്മ പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് കറ്റാർ വാഴ. പ്രായം കൂടുന്തോറും ചർമ്മം നോക്കി പ്രായം തോന്നാതിരിക്കാൻ പലരും നിരവധി പരീക്ഷണങ്ങൾ ആണ് നോക്കാറുള്ളത്. ഉറങ്ങുന്ന സമയം ചർമ്മ സംരക്ഷണത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. ഉറങ്ങുന്ന വേളയിൽ മുഖത്ത് പുരട്ടാൻ ഉള്ള നിരവധി നൈറ്റ് ക്രീമുകൾ വിപണിയിൽ ലഭ്യമാണെങ്കിലും ദോഷഫലങ്ങളില്ലാത്ത ഒരു മിശ്രിതം നമുക്ക് നിർമ്മിക്കാം. ചർമ്മത്തിന് ഒരു തരത്തിലും ദോഷം ഉണ്ടാകുന്നില്ല എന്നതാണ് ഈ മിശ്രിതം ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണം. കറ്റാർ വാഴയും വിറ്റാമിൻ ഇ ഓയിലും വീട്ടിൽ ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് തന്നെ ഈ നൈറ്റ് ക്രീം ഉണ്ടാക്കാവുന്നതാണ്. പ്രായമാകുമ്പോൾ ചർമ്മത്തിന് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ചർമ്മം അയയുന്നത്. അതിനുള്ള നല്ലൊരു പരിഹാരമാണ് കറ്റാർ വാഴ. ആയുർവേദത്തിലും അലോപ്പത്തിയിലും ചർമ്മ സംരക്ഷണത്തിനായി നിർമ്മിക്കുന്ന വസ്തുക്കളിലെ പ്രധാന ഘടകം കൂടിയാണ് കറ്റാർ വാഴ. ചർമ്മം അയയാതെ സൂക്ഷിക്കുന്നതിനായുള്ള കൊളാജൻ നിർമ്മാണത്തിന് കറ്റാർ വാഴ സഹായിക്കുന്നു. ചർമ്മത്തിൽ അയവ് ഇല്ലാതിരിക്കാനും ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ ഇ. വരണ്ട ചർമ്മം ഉള്ളവർ ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് വിറ്റാമിൻ ഇ. നൈറ്റ് ക്രീം ആയി ഉപയോഗിക്കാവുന്ന മിശ്രിതത്തിന് ആവശ്യമായി വരുന്നത് കറ്റാർ വാഴയും വൈറ്റമിൻ ഇ ഓയിലുമാണ്. കറ്റാർ വാഴയിൽ നിന്നും ജെൽ മാത്രം വേർതിരിച്ചെടുത്തതിന് ശേഷം ജെൽ നല്ല പോലെ കഴുകിയെടുക്കുക. ശേഷം വൈറ്റമിൻ ഇ ഓയിൽ കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടാം. കൂടുതൽ ഉള്ള മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പ്രായമാകുമ്പോൾ ചർമ്മത്തിന് ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമായി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്


മാഞ്ഞതു ചിരിപ്പിച്ചു മടുപ്പിക്കാത്ത പെൺമുഖം

Thu Mar 2023 | 06:21:45 news

ആൺകോയ്മ അരങ്ങു വാണ വേദിയിലേക്ക് ധൈര്യപൂർവം കടന്നു വന്ന് സിംഹാസനം സൃഷ്ടിച്ച നടിയാണ് സുബി സുരേഷ്. നിനച്ചിരിക്കാതെയുള്ള അവരുടെ ആകസ്മിക അന്ത്യം കുടുംബ സദസുകളെ അക്ഷരാർഥത്തിൽ കരയിക്കുകയാണ്. നടിയും അവതാരകയുമായ സുബി സുരേഷിൻറെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകരാരും അറിഞ്ഞിരുന്നില്ല എന്നതാണു വാസ്തവം. രോ​ഗം കവർന്ന കരളുമായി സ്വയം വേദന മറന്നായിരുന്നു അവർ നമ്മെ ചിരിപ്പിച്ചതെന്നും തിരിച്ചറിയാൻ വൈകി. കരൾ രോഗത്തെ തുടർന്നാണ് സുബിയു‌ടെ മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അടുത്തകാലത്ത് സുബിയുടെ യൂട്യൂബിന് സബ്സ്ക്രൈബേർസ് കൂടിയതോടെ അതിൻറെ ഭാഗമായി കേക്ക് കട്ട് ചെയ്ത് ആഘോഷമാക്കി സുബി. വിവാഹത്തിൻറെ പടിവാതിക്കൽ നിൽക്കുകയായിരുന്നു സുബി. കഴിഞ്ഞ പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലിൽ ആയിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങളൾക്കിടെയാണ് അന്ത്യം. സുബിയുടെ മാതൃസഹോദരിയുടെ മകൾ കരൾ നൽകാൻ തയ്യാറായിരുന്നു. ഡാൻസ് ടീമിൽ നിന്നും സ്കിറ്റ് കളിക്കാൻ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു. സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിയായിരുന്നു സുബി. വനിതകളിൽ നിന്നു മിമിക്രി രം​ഗത്തെത്തിയ അപൂർവം ചിലരിൽ ഒരാളായിരുന്നു. കുട്ടികളുടെ പരിപാടികളിലൂടെയാണ് സുബി ടെലിവിഷൻ രം​ഗത്ത് സൂപ്പർ സ്റ്റാറായത്.


പത്തനംതിട്ടയുടെ പച്ചപ്പിലേക്ക് ഇനി യാത്ര തുടരാം; നീണ്ട ഇടവേളയ്ക്ക് ശേഷം ഗവി വീണ്ടും തുറക്കുന്നു

Fri Nov 2020 | 06:06:39 news

വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. വനങ്ങളാൽ സമ്പന്നമാർന്ന ഗവിയിൽ പച്ചപ്പിന്റെ തണുപ്പും, പ്രകൃതിയുടെ മനോഹാരിതയുമാണ് പ്രധാന ആകർഷണം. സമുദ്രനിരപ്പില്‍ നിന്നും 3400 അടിയോളം ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ പെരിയാര്‍ കടുവ സങ്കേത്തില്‍പ്പെടുന്ന പ്രദേശത്ത് പകുതിയിലേറെ കാടുകളാണ്. ആന, കടുവ, പുലി തുടങ്ങിയ മൃഗങ്ങളും കാട്ടിലുണ്ട്. അതുകൊണ്ടു തന്നെ ധാരാളം നിയന്ത്രണങ്ങൾ ഗവി യാത്രയ്ക്കിടയിൽ സ്വാഭാവികമാണ്. മഞ്ഞുമൂടിയ കാനനഭംഗി ആസ്വദിക്കാൻ ഒട്ടേറെ ആളുകൾ ഗവി സന്ദർശിക്കാറുണ്ട്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ആറ് മാസമായി ഗവിയും അടച്ചിട്ടിരിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ഗവി വിനോദ സഞ്ചാരികൾക്കായി തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്ന മുപ്പത് വാഹങ്ങൾക്ക് മാത്രമേ ഒരു ദിവസം ഗവിയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. അതുപോലെ കുട്ടികൾക്കും, 65 വയസിനു മുകളിൽ ഉള്ളവർക്കും പ്രവേശനം ഉണ്ടാകില്ല. നിലവിൽ ഗവിയിലേക്ക് എത്തിച്ചേരേണ്ട റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കനത്ത മഴയിലും റോഡുകൾ കുറച്ചൊക്കെ തകർന്നിട്ടുണ്ട്. അതിനാൽ റോഡുകളുടെ അറ്റകുറ്റ പണികളെല്ലാം തീർത്തിട്ടായിരിക്കും വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുക. വനം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മരാമത്ത് വിഭാഗവും ചേർന്ന് ചർച്ച നടത്തിയ ശേഷമാണ് കൃത്യമായ പ്രവേശന തിയതി നിശ്ചയിക്കുക. എങ്കിൽപ്പോലും വരുന്ന ആഴ്ചകളിൽ തന്നെ ഗവി പുനരാരംഭിക്കും എന്നാണ് അധികൃതർ പറയുന്നത്. ഗവിയിലെ കാലാവസ്ഥയും, വന്യമൃഗങ്ങളും വിനോദ സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. പ്രതിദിനം ശരാശരി 200 ലധികം ആളുകൾ ഗവിയിൽ വരാറുണ്ടായിരുന്നു. കൊറോണ നിയന്ത്രങ്ങളിൽ ഇളവ് വന്നതുകൊണ്ട് വീണ്ടും സഞ്ചാരികൾ ഗവിയിലേക്ക് എത്തിച്ചേരും എന്നുതന്നെയാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ.