Latest News

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: കരളിനെ കാക്കാം, കരുതാം സ്വയം

Wed Jul 2021 | 07:13:20 news

ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയമാണ് കരൾ. ആരോഗ്യമുള്ള ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് കരളിന്റെ ആരോഗ്യം പ്രധാനമാണ്. എന്നാൽ കരളിന് ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ സംഭവിച്ചാൽ? അത് ശരീരത്തെ മുഴുവനായി ബാധിക്കും. കരളിനെ ബാധിക്കുന്ന അപകടകരമായ അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. കരളിന് സംഭവിക്കുന്ന വീക്കവും അനുബന്ധഅവസ്ഥകളും ചേരുന്നതാണ് ഹെപ്പറ്റൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഗുരുതരമായ കരൾ രോഗത്തിനും ഹെപ്പറ്റോസെല്ലുലാർ ക്യാൻസറിനും കാരണമാകുന്ന കരളിന്റെ വീക്കം അല്ലെങ്കിൽ വൈറൽ ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 28 ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു. 2030 ഓടെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഹെപ്പറ്റൈറ്റിസിനെ ഇല്ലാതാക്കാൻ പ്രത്യേക പദ്ധതികൾ കൊണ്ടുവരേണ്ടതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ് ഈ വർഷത്തെ ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രത്യേകത. 'ഹെപ്പറ്റൈറ്റിസ് - ഇനിയും വൈകിക്കരുത്' എന്നതാണ് ഈ വർഷത്തെ തീം. കരളിനെ കാർന്നു തിന്ന്‌ ജീവനെടുക്കുന്ന ഈ രോഗാവസ്ഥയെ എത്രയും പെട്ടെന്ന് തുടച്ചുനീക്കുക എന്നതാണ് മുന്നോട്ടുവെക്കുന്ന ആവശ്യം. ഓരോ 30 സെക്കന്റിലും ഒരാൾ ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖങ്ങൾ കാരണം മരിക്കുന്നു എന്നാണ് കണക്ക്. അതുകൊണ്ട് തന്നെ കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്തും ഹെപ്പറ്റൈറ്റിസ് തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണം എന്നാണ് ആവശ്യം. ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ നൽകിയില്ലെങ്കിൽ ലിവർ സിറോസിസ് അല്ലെങ്കിൽ കരൾ കാൻസർ പോലുള്ള അവസ്ഥയിലേക്ക് ഇത് പുരോഗമിക്കാം. ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് സാധാരണ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എന്നാൽ നിരന്തരമായ മദ്യത്തിന്റെ ഉപഭോഗം, ചില പ്രത്യേക മരുന്നുകൾ പതിവായി കഴിക്കുന്നത് തുടങ്ങിയ കാരണങ്ങൾ കൊണ്ടും ഹെപ്പറ്റൈറ്റിസ് ബാധിക്കാം. എ, ബി, സി, ഡി, ഇ എന്നിങ്ങനെ 5 പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകൾ ഉണ്ട്. ഈ 5 തരങ്ങളും വളരെയധികം ശ്രദ്ധിക്കണം. ബി, സി പോലുള്ളവ അതീവ ഗുരുതരാവസ്ഥ സൃഷ്ടിക്കുകയും മരണത്തിലേക്ക് പോലും നയിക്കുകയും ചെയ്യും.

VIDEO