Latest News

കാസർകോടിന്റെ സ്വന്തം ഞണ്ടുകുഴി

Fri Oct 2020 | 05:33:21 news

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതി സൗന്ദര്യം എത്ര പറഞ്ഞാലും മതിവരില്ല. ഓരോ നാട്ടിൻപുറവും ഓരോ കാൻവാസുകൾ പോലെയാണ്. നാടുകളുടെ മനോഹാരിതകൾക്ക് നിറം പകരുവാനായി ഓരോ നാടിനും സ്വന്തമായുള്ള കലാരൂപങ്ങളും ഉണ്ടാകും. ഒരുപക്ഷേ പല സഞ്ചാരികളും പറയും ഞങ്ങൾ പോവാത്ത സ്ഥലങ്ങൾ ഇല്ല എന്ന്. എന്നാൽ മനുഷ്യർ അധികമൊന്നും എത്താത്ത അതിമനോഹരമായ സ്ഥലങ്ങൾ നമ്മുടെ കൊച്ചുകേരളത്തിൽ തന്നെയുണ്ട്. അത്തരത്തിലൊരു സ്ഥലത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. കാസർകോടിന്റെ സ്വന്തം ഞണ്ടുകുഴിയിലേക്കാണ് ഇന്നത്തെ യാത്ര. ഭൂമിയിലെ സ്വർഗ്ഗത്തിലെത്തിയ ഒരു അനുഭവം ആയിരിക്കും ഇവിടം സന്ദർശിക്കുന്നവർക്ക് തോന്നുക. ഭീമനടിക്ക് സമീപം കുറുഞ്ചേരിയിലാണ് ഞണ്ടുകുഴി വെള്ളച്ചാട്ടം കാണാൻ സാധിക്കുക. കാടിനുള്ളിലാണ് ഞണ്ടുകുഴി വെള്ളച്ചാട്ടം ഉള്ളത്. കാടിനോട് സംസാരിച്ച് ഇവിടെ എത്തിച്ചേരാൻ ഒരുപാട് കടമ്പകൾ ഒന്നും ഇല്ലെങ്കിലും വഴുക്കൽ ആണ് ശ്രദ്ധിക്കേണ്ടത്. ദൂരെയെവിടെനിന്നോ ഒഴുകിവരുന്ന വെള്ളച്ചാട്ടം പാറകളിലും കല്ലുകളിലും തട്ടി തട്ടി ഒഴുകിയെത്തുന്ന മനോഹരമായ കാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുക. സർക്കാരിന്റെ അനുമതിയോടെ മാത്രമേ പ്രവേശനമുള്ളൂ. പാറക്കൂട്ടങ്ങൾക്കിടയിൽ ഞണ്ടുകളെ കാണാൻ സാധിക്കും എന്നതിനാലാണ് ഞണ്ടുകുഴി എന്ന പേര് ലഭിച്ചതെന്നാണ് ചിലർ പറയുന്നത്. നിലവിലെ കൊറോണ രോഗവ്യാപന സാഹചര്യത്തിൽ ഇവിടം സന്ദർശിക്കാൻ പോകുന്നവർ തീർച്ചയായും സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ നിർദ്ദേശങ്ങളും അനുസരിക്കേണ്ടതാണ്. പ്രവേശനം നിഷേധിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അതിക്രമിച്ച് കയറാതിരിക്കുക. മാസ്കും സാനിറ്റൈസറും കയ്യിൽ കരുതുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനോടൊപ്പം പ്രകൃതിയെ നോവിക്കാതെയും ഇരിക്കുക. വെള്ളരിക്കുണ്ട് ഭീമനടിയിൽ നിന്നും കാലിക്കടവ് കുറുഞ്ചേരി റൂട്ടിലൂടെ സഞ്ചരിച്ചുവേണം ഞണ്ടുകുഴി വെള്ളച്ചാട്ടത്തിന് സമീപമെത്താൻ. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് തികച്ചും നല്ലൊരു അനുഭവം തന്നെയായിരിക്കും ഞണ്ടുകുഴി വെള്ളച്ചാട്ടം.

VIDEO