Latest News

ഇനി ഐസ്ക്രീം വാഴയിലയിലുമാകാം

Wed Oct 2020 | 12:57:58 news

വാഴയിൽ ചോറുണ്ണുന്ന ഒരു പതിവ് എല്ലാവർക്കും പൊതുവെ ഉണ്ട്. എന്നാൽ വാഴയിലയിൽ ഐസ്ക്രീം കഴിക്കുന്ന ഒരാശയം ഒരു പുതുമ തന്നെയാണ്. ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ ഐസ്ക്രീമുകൾ പല രൂപത്തിലും ഭാവത്തിലും ഇപ്പോൾ വിപണിയിലുണ്ട്. വിവിധ ഫ്‌ളേവറുകൾ ഉള്ള ഇവ കപ്പിലും, കോണിലുമൊക്കെ ലഭ്യമാണ്. എന്നാൽ ഇപ്പോൾ വാഴയിലയിൽ പൊതിഞ്ഞ ഐസ്‌ക്രീമിന് സമൂഹ മാദ്ധ്യാമങ്ങളിൽ ആരാധകർ ഏറെയാണ്. നോര്‍വേയിലെ മുന്‍ പരിസ്ഥിതി മന്ത്രിയും മുന്‍ യുഎന്‍ഇപി എക്സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സൊലെയിം ആണ് വാഴയിലെ ഐസ്ക്രീമിനെ സമൂഹ മാദ്ധ്യങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു വാഴയില പാത്രത്തിന്റെ പോലെ വട്ടത്തിലുള്ള രൂപത്തിലാക്കി അതിൽ ഐസ്ക്രീം നിറച്ചിരിക്കുന്നതാണ് ചിത്രം. ഒപ്പം മുളകൊണ്ടുള്ള സ്പൂണുമുണ്ട്. പ്ലാസ്റ്റിക് ഉപയോഗത്തോടുള്ള വിരോധമാണ് ഈ ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്. ചെറിയ കാര്യങ്ങളിൽ പോലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ഒരു സന്ദേശമാണ് എറിക് ഈ ചിത്രത്തിലൂടെ പങ്കുവെയ്ക്കുന്നത്. ഈ ചിത്രം ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഐസ്ക്രീം കമ്പനികളെല്ലാം ഈ ആശയം ഉൾക്കൊള്ളണമെന്ന് പലരും ഈ പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്. ഐസ്ക്രീം മാത്രമല്ല ഭക്ഷ്യവസ്തുക്കൾ എന്ത് തന്നെയായാലും പ്ലാസ്റ്റിക് പ്ലേറ്റുകൾ ഉപയോഗിക്കാതെ വാഴയില ഉപയോഗിക്കാം. അങ്ങനെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പ്ലാസ്റ്റിക്കിനെ നമുക്കു നിത്യ ജീവിതത്തിൽ നിന്നും ഒഴിവാക്കാം. മാത്രവുമല്ല ഈ ചിത്രം തികച്ചും ഒരു പുതിയ ആശയമാണ് ഉൾക്കൊണ്ടിരിക്കുന്നത്. വർണ്ണങ്ങളും, നിറങ്ങളും കൊണ്ട് പൊതിഞ്ഞു കണ്ണിനെ ആകർഷിപ്പിക്കുന്ന പ്ലാസ്റ്റിക് കവറിങ്ങിനെക്കാൾ എത്രയോ നല്ലതാണ് നമ്മുടെ വീട്ടിലെ മുറ്റത്ത് ഉണ്ടാകുന്ന വാഴയില. അതുകൊണ്ട് ഇനിയിപ്പോ ചോറ് മാത്രമല്ല, ഐസ്ക്രീമും വാഴയിലയിൽ വിളമ്പാം.

VIDEO