Latest News

യുവ തലമുറയ്ക്ക് കണ്ടു പഠിക്കാൻ ഒരു കർഷകൻ

Wed Oct 2020 | 11:55:44 news

സൗന്ദര്യത്തിനു കോട്ടം തട്ടാതെ, വെയിലു കൊള്ളാതെ, ഷര്‍ട്ട് ചുളിയാതെ ജോലി എടുക്കണം എന്നാണ് പുതിയ തലമുറയുടെ ആഗ്രഹം. ചുറ്റി നടക്കാന്‍ ഒരു ബൈക്കും വില കൂടിയ മൊബൈല്‍ ഫോണും കൈയ്യില്‍ ഉണ്ടെങ്കില്‍ എല്ലാം തികഞ്ഞു എന്നു കരുതുന്നവരാണ് മിക്ക യുവാക്കളും. എന്നാല്‍ അതൊന്നുമല്ല ജീവിതം, ദേഹമനങ്ങിയുളള അധ്വാനമാണെന്ന് കാണിച്ചു കൊടുക്കുകയാണ് പാലക്കാട് പട്ടാമ്പിയിലെ മുതുതല സ്വദേശിയായ ആനന്ദ്. പാടത്തും പറമ്പിലും വെയിലും മഴയും കൊണ്ടുള്ള കഠിനാധ്വാനത്തിലൂടെ നൂറു മേനി വിളയിച്ചിരിക്കുകയാണ് ആനന്ദ് എന്ന യുവ കര്‍ഷകന്‍. നാട്ടിലെ പ്രമുഖ കര്‍ഷകനായിരുന്ന അച്ഛന്റെ മരണത്തോടെയാണ് ആനന്ദ് കൃഷിയില്‍ സജീവമാകുന്നത്. ഒരു കര്‍ഷകന്റെ മകനായതിനാല്‍ ചെറുപ്പത്തില്‍ തന്നെ ഇതെല്ലാം കണ്ടാണ് ആനന്ദ് വളര്‍ന്നത്. അതുകൊണ്ടു തന്നെ കൃഷിയോടു താല്‍പര്യവും ഉണ്ടായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒന്നര വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. തുടര്‍ന്നങ്ങോട്ട് കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ആനന്ദിന്റെ കൈകളിലാണ്. കൃഷിയില്‍ ആനന്ദിന് കൂട്ടായി അമ്മയും കൂടെയുണ്ട്. മൂന്നര ഏക്കറില്‍ വാഴയും തെങ്ങും ആറര ഏക്കറില്‍ നെല്‍ കൃഷിയുമാണ് ആനന്ദിനുളളത്. ഇതു കൂടാതെ ഇരുപത്തിയാറു പശുക്കളുമുണ്ട്. നൂറ്റി അന്‍പത് ലിറ്റര്‍ പാലു വരെ ഒരു ദിവസം ഇവയില്‍ നിന്നും ലഭിക്കും. ഇതിനു പുറമേ പറമ്പിലായി കുരുമുളക്, കുമ്പളം, ചേമമ്പ്, ചേന തുടങ്ങിയവയും ഉണ്ട്. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ആനന്ദ് കൃഷിയോടൊപ്പം മുടങ്ങിപ്പോയ തന്റെ പഠിത്തവും മുന്നോട്ടു കൊണ്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ തലമുറയ്‌ക്ക് ഒരു മാതൃകയാണ് ആനന്ദ് എന്ന ഈ യുവ കര്‍ഷകന്‍.

VIDEO