Latest News

സ്ലേറ്റ് മായ്ക്കാൻ മാത്രമല്ല രുചിയിലും കേമനാണ് മഷിത്തണ്ട്

Wed Oct 2020 | 12:08:10 news

കുട്ടികൾ സ്ലേറ്റുകൾ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക് . കല്ലുപെൻസിൽ കൊണ്ട് സ്ലേറ്റിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങൾ മായ്ക്കാൻ കുട്ടിക്കൂട്ടങ്ങൾ ഉപയോഗിച്ചിരുന്ന പല വസ്തുക്കളിൽ ഒന്നാണ് മഷിത്തണ്ട് . ഓർമ്മകളുടെ പൂക്കാലം വിരിയിക്കുന്ന ഈ കുഞ്ഞൻ സ്ലേറ്റ് മായ്ക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. ഇവന് വേറെയും ഉണ്ട് ഗുണങ്ങൾ . ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മഷിത്തണ്ട് . ഒരു വർഷം മാത്രം ജീവിക്കുന്ന , വേരുകൾക്കും തണ്ടുകൾക്കും അത്ര കട്ടിയില്ലാത്ത മഷിത്തണ്ട് വെള്ളത്തണ്ട് , വെറ്റിലപ്പച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു .വെറ്റിലയോട് സാമ്യമുള്ള നല്ല ഭംഗിയുള്ള ഇലകളാണ് മഷിത്തണ്ടിന്റെത് .പതിനഞ്ചു മുതൽ നാൽപ്പത്തിയഞ്ച് സെന്റിമീറ്റർ വരെ ഉയരം വെക്കുന്ന മഷിത്തണ്ട് , ഈർപ്പം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ആണ് ധാരാളമായി കണ്ടു വരുന്നത് . മഷിത്തണ്ടിന്റെ ഗുണങ്ങളെ കുറിച്ച് അധികം ആർക്കും അറിയാൻ സാദ്ധ്യതയില്ല . അതിനാൽ തന്നെ ഒരു കളയായി കണ്ട് പറിച്ചു കളയുകയാണ് പൊതുവെ എല്ലാവരും ചെയ്യാറ് . അധികം പരിചരണം ഒന്നും വേണ്ടാത്ത, തന്നെ വളരുന്ന ഈ പാവം കുഞ്ഞന് ഔഷധഗുണങ്ങൾ ഏറെയാണ് . മഷിത്തണ്ടിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ പലനാടുകളിലും ഇത് സാലഡിനകത്തൊക്കെ ഇടാറുണ്ട് . മഷിത്തണ്ടിന് ആന്റിബാക്റ്റീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനും ഉള്ള ഗുണങ്ങൾ ഉണ്ടെന്ന് എത്രപേർക്കറിയാം . മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കുന്ന ഔഷധ സസ്യം കൂടിയാണ് . വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു ഔഷധമാണ് മഷിത്തണ്ട് . സമൂലമായി വൃക്ക രോഗങ്ങൾ ചികിൽസിക്കാനും ഉപയോഗിക്കാറുണ്ട് . ഇത്രയും ഔഷധ ഗുണമുള്ള ഈ ഇത്തിരി കുഞ്ഞനെ വെറുതെ പറിച്ചു കളയാതെ തോരൻ വെച്ചോ , എരിശ്ശേരിയിൽ ഇട്ടോ , രസം വെക്കുമ്പോൾ അതിൽ അല്പം തൂവിയോ കഴിക്കാൻ ശ്രമിക്കൂ . ഭക്ഷണത്തിന് പോഷകഗുണവും കൂടും ഒപ്പം രുചിയും.

VIDEO