Latest News

റാഞ്ചിയവർ തന്നെ അബി​ഗേലിനെ വഴിയിലുപേക്ഷിച്ചതിന് മുഖ്യമന്ത്രിക്കു മരുമകന്റെ വക ബി​ഗ് സല്യൂട്ട്!

Wed Nov 2023 | 04:35:50 news

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയി 20 മണിക്കൂറുകൾക്കു ശേഷം വഴിയിലുപോക്ഷിച്ചു മടങ്ങിയതിന് അമ്മായിയപ്പൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നൽകി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്തു നിന്നു കണ്ടെത്തി. കുട്ടിയെ കാണാതായതു മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരള പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കു സല്യൂട്ട് എന്നാണ് മരുമകൻ മന്ത്രിയുടെ പോസ്റ്റ്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഓയൂരിൽ കാണാതായ കുട്ടിയെ കണ്ടുപിടിക്കുന്നതിൽ കേരള പൊലീസ് തികഞ്ഞ പരാജയമാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം നാരലരയോടെ കുട്ടിയെ റാഞ്ചിക്കൊണ്ടു പോയവർ ആരാണെന്ന് ഇതുവരെ ഒരു തുമ്പും പൊലീസിനു ലഭിച്ചില്ല. 20 മണിക്കൂറിലധികം സമയം കുട്ടിയെയും കൊണ്ട് പ്രതികൾ ചുറ്റിക്കറങ്ങി. അവർ കൊല്ലം ജില്ല വിട്ടു പോയതായി തെളിവില്ല. അര ഡസൺ പൊലീസ് സ്റ്റേഷനുകളും പിന്നിട്ടാണു സംഘം നീങ്ങിയത്. ഇവർ സഞ്ചരിച്ചത് വിമാനത്തിലോ, ഹെലികോപ്റ്ററിലോ അല്ല. റോഡ് മാർ​ഗം കാറിലോ ഓട്ടോ റിക്ഷയിലോ ആയിരിക്കണം. ഒരു റൂറൽ പൊലീസ് ജില്ലയും രണ്ട് സബ്ഡിവിഷനുകളും ഒരു കമ്മിഷണറേറ്റും അസിസ്റ്റന്റ് കമ്മിഷണറേറ്റും പിന്നിട്ട ശേഷമാണ് ആശ്രാമത്തെത്തിയത്. അതും പട്ടാപ്പകൽ. അവിടെ കുട്ടിയെ സുരക്ഷിതമായി ഒരിടത്ത് ഇരുത്തിയ ശേഷം ഒരു കൂസലുമില്ലാതെയാണ് പ്രതികൾ രക്ഷപ്പെട്ടത്. വന്ന വഴിയിലോ അവസാന എൻഡിലോ പൊലീസിനു വല വിരിക്കാനായില്ല. പിന്നെന്തിനാണ് മരുമകൻ മന്ത്രി അമ്മായിയപ്പൻ മന്ത്രിയെയും അദ്ദേഹത്തിന്റെ വകുപ്പിനെയും പൊലീസിനെയും സല്യൂട്ട് ചെയ്യുന്നതെന്നാണ് ഉയരുന്ന ചോദ്യം. പാരിപ്പള്ളിയിൽ നിന്നു കൊല്ലത്തേക്കു കഷ്ടിച്ച് 27 കിലോമീറ്റർ ദൂരമാണുള്ളത്. തിങ്കളാഴ്ച രാത്രി 7.30നു പ്രതികൾ പാരിപ്പള്ളിയിൽ ഉണ്ടായിരുന്നു എന്നതിനു തെളിവുണ്ട്. അതു കഴിഞ്ഞാണ് അവർ കൊല്ലത്തേക്കു തിരിച്ചത്. ദേശീയ പാതയും പ്രധാന റോഡുകളും അരിച്ചു പെറുക്കിയെന്നു പറയുന്ന പൊലീസ് ഈ ചറിയ ദൂരം അടച്ചു പരിശോധിച്ചിരുന്നെങ്കിൽ അബി​ഗേലിനെ മാത്രമല്ല, റാഞ്ചിയ പ്രതികളെയും കിട്ടുമായിരുന്നു. എന്നാൽ ഇരുട്ടിൽ തപ്പി നിന്ന പൊലീസിനെക്കാൾ, ജാ​ഗ്രത ആശ്രാമം മൈതാനത്തിനരികെ അഷ്ടമുടിക്കായലിൽ കുടക്കീഴിലിരുന്നു കാറ്റു കൊള്ളാനെത്തിയ പ്രണയ കൗമാരങ്ങൾക്കുണ്ടായി. കുട്ടിയെ കണ്ട മാത്രയിൽ അവർ കുട മടക്കി എഴുന്നേറ്റ് നാട്ടുകാരോടു വിവരം പറഞ്ഞ ശേഷം പൊലീസിലും അറിയിച്ചു. അങ്ങനെയാണ് പൊലീസ് ഓടിപ്പിടിച്ചെത്തിയത്. അപ്പോഴും സംഘത്തിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരാരും ഇല്ലായിരുന്നു. നാട്ടുകാർ കണ്ടുപിടിച്ച് ബ്സികറ്റും മിഠായിയും നല്കി അബി​ഗേലിനെ പൊലീസിനു കൈമാറിയതിനു നാട്ടുകാരെ അഭിനന്ദിക്കുന്നതിനു പകരമാണ് മരുമകൻ മന്ത്രി നാട്ടുകാരുടെ ചെലവിൽ അമ്മായിയപ്പനെ സല്യൂട്ട് ചെയ്യുന്നത്.

VIDEO