Latest News

സുപ്രീംകോടതി വിധി: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ചെന്നിത്തല

Fri Dec 2023 | 04:44:59 news

തിരുവനന്തപുരം: കണ്ണൂർ വി.സി പുനർനിയമനത്തിൽ അനധികൃതമായി ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഗവർണറെ കണ്ട് പറഞ്ഞത് ഇയാളെ നിയമിക്കണം എന്റെ നാട്ടുകാരനാണ് എന്നാണ്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഗവർണർക്ക് ശുപാർശക്കത്ത് കൊടുത്തത്. ഇപ്പോൾ ഗവർണർ വെളിപ്പെടുത്തിയിരിക്കുന്നു മുഖ്യമന്ത്രിയുടെ ഒഎസ്ഡിയും മുഖ്യമന്ത്രിയുടെ ഓഫീസും നേരിട്ട് ഇടപെട്ടിരുന്നുവെന്ന്. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് ആ പദവിയിൽ തുടരാൻ ധാർമ്മികമായ അവകാശമില്ല. കണ്ണൂർ വി.സി നിയമനം ഒരു അനാവശ്യമായിരുന്നു. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി നിയമിച്ചത് എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ്. ഇത് അധികാരദുർവിനിയോഗവും അഴിമതിയുമാണ്. ഇതിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയും മന്ത്രിയും തുടരുന്നത് ശരിയല്ല. ഇവരുടെ സമ്മർദ്ദത്തിന് വഴങ്ങിയ ഗവർണറും കുറ്റക്കാരനാണ്. ഗവർണർ എന്ന നിലയിൽ സർക്കാരിന്റെ ശുപാർശകൾ അംഗീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നാൽ ചാൻസലർ എന്ന നിലയിൽ അംഗീകരിക്കാൻ ബാധ്യതയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. നമ്മുടെ നിയമസംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഒരു സാധാരണക്കാരനായ വ്യക്തിക്ക് നിയമാനുസൃതം ഗവൺമെന്റ് പ്രവർത്തിച്ചില്ല എന്ന് പറഞ്ഞ് കോടതിയിൽ നീതി ലഭിക്കില്ല, ലോകായുക്തയിൽ പോയാൽ നീതി ലഭിക്കില്ല. സാധാരണക്കാരൻ സുപ്രീം കോടതിയിൽ പോകേണ്ട അവസ്ഥയാണ്. ലോകായുക്ത സർക്കാരിന്റെ റബ്ബർ സ്റ്റാമ്പാണ്. മണികുമാറിനെപ്പോലുള്ള ചീഫ് ജസ്റ്റീസുമാർ സർക്കാർ പറയുന്നത് മാത്രം കേൾക്കുന്നു. ഇതൊരു ദു:ഖകരമായ അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ മുഖ്യമന്ത്രി പിൻവാതിൽ നിയമനമാണ് നടത്തിയത്. ഇതിനുളള ശുപാർശക്കത്താണ് മന്ത്രി ബിന്ദു കൊടുത്തത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയ തന്നെ ആക്ഷേപിച്ച മന്ത്രി ബിന്ദു കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. വിധിയുടെ പശ്ചാത്തലത്തിൽ കണ്ണൂർ വി.സിയുടെ കീഴിൽ നടന്ന എല്ലാ നിയമനങ്ങളും പുന:പരിശോധിക്കണം. പാർട്ടിക്കാരെയും ബന്ധുക്കളെയും കുടിയിരുത്താനാണ് രവീന്ദ്രനെ നിയമിച്ചത്.പുതിയ വി.സിയെ നിയമിക്കാനുള്ള പ്രോസസിങ് നടന്നുകൊണ്ടിരിക്കേ ഇവർ രവീന്ദ്രനെ നിയമിക്കാൻ സമ്മർദ്ദം ചെലുത്തിയതും തെറ്റാണ്. സമ്മർദ്ദത്തിന് വഴങ്ങിയ ഗവർണ്ണറുടെ നടപടിയും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

VIDEO