Latest News

മുഖ്യമന്ത്രിയുടെ ഇടപെടൽ ദുരൂഹം; അഞ്ച് വൈസ് ചാൻസലർമാർ തെറിക്കും

Fri Dec 2023 | 04:47:57 news

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെയുള്ള സുപ്രീംകോടതി ഉത്തരവ് പുറത്തുവരുമ്പോഴും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടൽ ദുരൂഹം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ മുൻനിർത്തി പിണറായി വിജയനാണ് യുജിസി ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് വി.സി നിയമനത്തിന് ചുക്കാൻ പിടിച്ചത്. സർവകലാശാലയിലെ ചില പാർട്ടി നിയമനങ്ങൾക്കുള്ള പ്രത്യുപകാരമായിരുന്നു ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമെന്നതിന്റെ നിരവധി തെളിവുകൾ പുറത്തുവരുന്നുണ്ട്. നാലു വർഷത്തെ കാലാവധി പൂർത്തയാക്കിയ വി.സിക്ക് അതേ പദവിയിൽ വീണ്ടും നാലു വർഷത്തേക്കുകൂടി പുനർനിയമനം നൽകിയത് സംസ്ഥാനത്ത് ആദ്യത്തെ സംഭവമായിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വി.സിയുടെ പുനർനിയമനത്തിന് താൻ വഴങ്ങിയതെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിശദീകരണം സർക്കാരിന് രാഷ്ട്രീയ തിരിച്ചടിയായി മാറി. തന്റെ ജില്ലക്കാരനായതിനാൽ ഗോപിനാഥിനെ നിയമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ഗവർണര്‍ നേരത്തെ പറഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഈ വാദത്തിൽ രാജ്ഭവൻ ഉറച്ചു നിൽക്കുകയും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം മുൻനിർത്തി മുന്നോട്ടു പോവുകയും ചെയ്താൽ, കേരളത്തിലെ അഞ്ച് സർവകലാശാലകളിലെ വൈസ് ചാൻസലർമാരും പുറത്താകും. യുജിസി മാനദണ്ഡം അനുസരിച്ചുള്ള പാനൽ നൽകാതെ ഒരേയൊരു പേര് നിർദ്ദേശിച്ച് നിയമനം നേടിയവരാണ് കേരള സർവകലാശാല, എംജി യൂണിവേഴ്സിറ്റി, കണ്ണൂർ സർവകലാശാല, ഫിഷറീസ്, സംസ്കൃത സർവകലാശാലകൾ എന്നിവിടങ്ങളിൽ വൈസ് ചാൻസലർമാർ. ഇതിനിടെ, കണ്ണൂർ സർവകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രൻെ ആദ്യമായി 2017ൽ നിയമിച്ചതും മാനദണ്ഡം പാലിക്കാതെയാണെന്നതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. ഗവർണർക്ക് സെർച്ച് കമ്മിറ്റി നൽകിയത് ഗോപിനാഥ് രവീന്ദ്രന്റ് പേര് മാത്രമായിരുന്നുവെന്ന മിനുട്സ് ആണ് പുറത്തുവന്നിരിക്കുന്നത്. തുടർ നിയമനത്തിലും ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രി നിലയുറപ്പിക്കുകയായിരുന്നു. 2021 നവംബറില്‍ വി.സിയുടെ കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു പുനര്‍നിയമനം നല്‍കിക്കൊണ്ട് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വി.സിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്‍കുന്നതു സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. ആസൂത്രണബോർഡ് വൈസ് ചെയർമാന്‍ കൺവീനറായ മൂന്നംഗ സേർച്ച് കമ്മിറ്റിയെയാണ് ഗവർണർ നിയമിച്ചത്. എന്നാൽ, സേർച്ച് കമ്മിറ്റിയെ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തു നൽകി. കേരള ചരിത്രത്തിൽ പതിവില്ലാത്തതായിരുന്നു അത്തരമൊരു കത്ത്. കണ്ണൂർ വൈസ് ചാൻസലറുടെ കാലാവധി 2021 നവംബർ 21ന് അവസാനിക്കുകയാണെന്നും പുതിയ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാൻ നവംബർ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നതായും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീടാണ് രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് വി.സി നിയമന ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചത്. തുടര്‍ന്ന്, വി.സി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സമ്മര്‍ദങ്ങള്‍ക്ക് വിധേയനായി ചാന്‍സിലര്‍ സ്ഥാനത്ത് തുടരാനാവില്ലെന്നും കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി.സിയായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്‍. ബിന്ദു എഴുതിയ കത്ത് പുറത്തായതോടെ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വാദം പൊളിഞ്ഞു. സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണ് വി.സി നിയമനത്തില്‍ അനുകൂല നിലപാടെടുത്തതെന്ന ഗവര്‍ണറുടെ വാദത്തെ സാധൂകരിക്കുന്നതായിരുന്നു ആര്‍. ബിന്ദുവിന്റെ കത്ത്. നിയമനത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ അതിന് കാരണമായത് സര്‍ക്കാരാണെന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. പിന്നീട് ഈ വിഷയം രമേശ് ചെന്നിത്തല ലോകായുക്തയില്‍ കൊണ്ടുവന്നു. എന്നാല്‍ ആര്‍ ബിന്ദു ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാല്‍ സുപ്രീംകോടതിയിലേക്ക് വിഷയം എത്തിയപ്പോള്‍ ബാഹ്യഇടപെടല്‍ ഉള്‍പ്പെടെ കോടതി വളരെ ഗൗരവമായാണ് കണ്ടത്. ഇല്ലാത്ത സവിശേഷ അധികാരം ഉണ്ടെന്ന തരത്തിലാണ് ഗോപിനാഥ് രവീന്ദ്രനുവേണ്ടി മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതെന്ന്‌ അന്നേ പ്രതിപക്ഷം ആരോപിച്ചിരുന്നു. അതുകൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു.

VIDEO