Latest News

പെൺകരുത്തിൽ വിശ്വാസം: രാഹുൽ ​ഗാന്ധി

Sat Dec 2023 | 04:37:25 news

കൊച്ചി: മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഇന്ത്യയെ വീണ്ടെടുക്കുവാൻ പെൺകരുത്ത് രാഹുൽ ഗാന്ധിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി ഉത്സാഹ് കൺവെൻഷൻ എറണാകുളം മറൈൻഡ്രൈവിൽ രാഹുൽ ​ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. കരുത്തുറ്റ ഇന്ത്യയുടെ ഭാവി രാജ്യത്തെ വനിതകളിൽ നിക്ഷിപ്തമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. വനിതാ സംവരണ ബിൽ കോൺ​ഗ്രസിന്റെ ആശയമാണ്. പാർലമെന്റ് നിയമം പാസാക്കിയെങ്കിലും അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റെ തെരഞ്ഞെടുപ്പിൽ നിയമം നടപ്പാക്കാൻ കഴിയാത്തത് ഖേദകരമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കോൺഗ്രസ്‌ പാർട്ടിക് നിരവധി വനിതാ അധ്യക്ഷമാർ ഉണ്ടായിട്ടുണ്ട്. ജനപ്രതിനിധികളായി ഉയർന്ന സ്ഥാനങ്ങളിൽ സ്ത്രീകൾ കടന്നുവന്നിട്ടുണ്ട്. ഒരു ഘട്ടത്തിലും സ്ത്രീകൾ പുരുഷന്മാർക്ക് താഴെയാണെന്ന് കോൺഗ്രസ്‌ ചിന്തിക്കുന്നില്ല. സംഘപരിവാർ ഒരു പുരുഷ കേന്ദ്രീകൃത ശൈലിയിലാണ്. സ്ത്രീകൾ അധികാരത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും ഉൾപ്പെടണം. സംഘപരിവാർ മുന്നോട്ട് വെക്കുന്നത് അത്തരമൊരു രാഷ്ട്രീയമല്ല. അവർ ഒരു കാലത്തും സ്ത്രീ മുന്നേറ്റങ്ങൾക്ക് അവസരം ഒരുക്കിയവരല്ല. ആർ എസ് എസിനെയും സംഘപരിവാറിനെയും സംബ്ധധിച്ച കാഴ്ചപാട് വേറെയാണ്. പാർലമെന്റിൽ ഒരു ബിൽ പാസ് ആക്കുകയും അത് പിന്നീട് നടപ്പാക്കാമെന്നും പറയുന്ന ഒരു രീതി പാർലമെന്റ് ചരിത്രത്തിൽ ഇല്ല. കോൺഗ്രസ്‌ അങ്ങനെ അവതരിപ്പിക്കുന്ന ബില്ലുകൾ വേഗത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ബിജെപിയും കേന്ദ്ര സർക്കാരും വനിതാ ബിൽ അവതരിപ്പിച്ചത് നടപ്പാക്കുവാൻ വേണ്ടിയല്ല. സ്ത്രീകളെ ഉന്നത സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാൻ ആണ് കോൺഗ്രസ്‌ നിലകൊള്ളുന്നത്. കോൺഗ്രസ്‌ സർക്കാരുകൾ ഇന്നലെകളിൽ കൊണ്ടു വന്ന പദ്ധതികൾ പരിശോധിച്ചാൽ എത്രത്തോളം സ്ത്രീപക്ഷ പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്നത് മനസിലാകുമെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ സ്ത്രീകളെ മാറ്റി നിർത്തപ്പെടുന്ന സാഹചര്യമിന്നും ഉണ്ട്. സ്ത്രീകളെ മാറ്റി നിർത്തുകയെന്ന പ്രവണതയ്ക്ക് വലിയ പ്രധാന്യമുണ്ട്. കേന്ദ്ര സർക്കാരും ബിജെപി എങ്ങനെയാണ് സ്ത്രീകളെ പരിഗണിക്കുന്നത് എന്ന് വിലയിരുത്തണം. കോൺഗ്രസുമായി അതിന് വലിയ അന്തരമുണ്ട്. സ്ത്രീ എന്ത് ധരിക്കണമെന്നതും എന്ത് ജോലി ചെയ്യണമെന്നതും അവരുടെ മാത്രം തീരുമാനമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി ക്ഷണിതാവ് രമേശ് ചെന്നിത്തല, അം​ഗങ്ങളായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എംപി, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസം​ഗിച്ചു. രാജ്യത്തെ വർഗീയ- വിഘടനവാദികളിൽ നിന്നും വീണ്ടെടുക്കുവാനുള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങൾക്ക് ശക്തി പകരുകയാണ് ഈ കൺവെൻഷനിലൂടെയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഉത്സാഹ് ക്യാമ്പയിന്റെ ഭാഗമായി ജില്ലകളിലും തുടർന്ന് ബ്ലോക്കുകളിലും കൺവെൻഷനുകൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഒട്ടാകെ വാർഡ് കമ്മിറ്റികൾ രൂപീകരിച്ച ശേഷമാണ് ഉത്സാഹ് സംസ്ഥാന കൺവെൻഷൻ നടക്കുന്നത്.

VIDEO