Latest News

തട്ടിക്കൊണ്ടുപോകൽ: പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

Mon Dec 2023 | 04:36:55 news

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡ് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാരാജിൽ കെ.ആർ പദ്മകുമാർ, ഭാര്യ എം.ആർ അനിത കുമാരി, മകൾ പി. അനുപമ എന്നിവരെ കസ്റ്റഡിയിൽ കിട്ടുന്നതിന് പൊലീസ് ഇന്ന് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകും. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ശനിയാഴ്ചയാണു ജയിലിലടച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. പദ്മകുമാറിനെ കൊട്ടാരക്കര സ്പെഷ്യൽ സബ് ജെയിലിലും അനിത കുമാരിയെയും അനുപമയെയും അട്ടക്കുളങ്ങര വനിതാ ജെയിലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. അവിടെ നിന്ന് ഇവരെ കസ്റ്റഡിയിൽ വാങ്ങി പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിക്കും. പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടു പോയ ഓയൂരിലെ വീട്ടിലും മൊബൈൽ നമ്പർ ശേഖരിച്ച കടയിലും എത്തിച്ചു തെളിവെടുപ്പ് നടത്തും. കുട്ടിയെയും കൊണ്ടു മടങ്ഹുന്ന വഴി ഓട്ടോ റിക്ഷയിലെത്തി സാധനങ്ങൾ വാങ്ങിയ കടയിലെത്തിച്ച് കടയു‌ടമയുടെ മൊഴി രേഖപ്പെടുത്തും. പിന്നീട് ചാത്തന്നൂരിള്ള പ്രതികളുടെ വാട്, ആശ്രാമം ലിങ്ക് റോഡ്, ആശ്രാമം മൈതാനം, ആദായ നികുതി വകുപ്പ് ക്വാർട്ടേഴ്സ്, തെങ്കാശി പുളിയറ ഫാം, ഭക്ഷണം കഴിച്ച ഹോട്ടൽ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. എഡിജിപി എം.ആർ അജിത് കുമാർ, ഐജി സ്പർജൻ കുമാർ, ഡിഐജി ആർ. നിശാന്തിനി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ പണമുണ്ടാക്കുക എന്ന ലക്ഷ്യമായിരുന്നു എന്നു പ്രതികൾ സമ്മതിച്ചതായി എഡിജിപി അറിയിച്ചു. ജീവപര്യന്തം കഠിന ത‌ടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. കുട്ടിക്കടത്താണു പ്രധാന കുറ്റം. തട്ടിക്കൊണ്ടു പോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ, ക്രിമിനൽ ഗൂഢാലോചന, സഹായത്തിനെത്തിയ, സഹോദരനെ ആക്രമിച്ചു പരുക്കേല്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജൂവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പത്മകുമാർ ആണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകൾ അനുപമ മൂന്നാം പ്രതിയുമാണ്. അനിത കുമാരിയാണു സംഭവങ്ങളുടെ മുഖ്യ ആസൂത്രക. ഈ കേസിൽ നിലവിൽ മൂന്നു പ്രതികൾ മാത്രമാണെന്നും അവരെയാണ് ഇപ്പോൾ റിമാൻഡ് ചെയ്തതെന്നും എഡിജിപി അജിത് കുമാർ പറഞ്ഞു. സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടിയുടെ സഹോദരൻ ജോനാഥന്റെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. മൂന്നു പേർ മാത്രമാണ് പ്രതികളെന്നു പൊലീസ് പറയുന്നു. എന്നാൽ നാലാമതൊരാളുടെ രേഖാ ചിത്രം പുറത്തു വിട്ടതിനെ കുറിച്ചും പൊലീസ് മിണ്ടുന്നില്ല. കുട്ടിയുടെ അച്ഛന് സംഭവത്തിൽ യാതൊരു വിധത്തിലുളള പങ്കുമില്ലെന്നും എഡിജിപി അജിത്കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ അത്തരത്തിൽ കുട്ടിയുടെ അച്ഛനും പദ്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി അഭ്യൂഹം പ്രചരിച്ചിരുന്നു. ഒരു വർഷം നീണ്ട ആസൂത്രണത്തിനൊടുവിൽ ഒന്നര മാസം മുൻപാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഓയൂരിൽ മാത്രമല്ല, മറ്റു പലേടത്തും ഇതിനായി പ്രതികൾ സഞ്ചരിച്ചു. തുടക്കത്തിൽ മകൾ ഇതിനെ എതിർത്തിരുന്നു. പ്രതിമാസം അഞ്ചു ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്ന യു ട്യൂബറാണ് അനുപമ. എന്നാൽ രണ്ടു മാസമായി ഇവരുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇതാണ് മാതാപിതാക്കളുടെ പദ്ധതിയിൽ പങ്കാളിയാകാൻ അവരെ നിർബന്ധിതമാക്കിയത്. ഈ മാസം 27നാണ് കുട്ടിയെ റാഞ്ചിയത്. വ്യാഴാഴ്ച വൈകുന്നേരം പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നു. തെങ്കാശി പുളിയറയ്ക്കു സമീപം പദ്മകുമാറിന് ഒരു ഫാമുണ്ട്. വെള്ളിയാഴ്ച രാവിലെ ഇവിടെ എത്തിയ ശേഷം പുളിയറിയിലെത്തി ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇവരെ കൊല്ലത്തു നിന്നു വന്ന പൊലീസ് പിടികൂടിയത്. ഇവർക്കൊപ്പം പുളിയറയിലെ ഫാം ഹൗസ് കീപ്പർ നവാസ് എന്ന ആൾ കൂടി ഉണ്ടായിരുന്നു. പക്ഷേ, പൊലീസ് ഇയാളെ പിടികൂടിയില്ല.

VIDEO