Latest News

സാമ്പത്തിക വർഷം തീരാൻ നാലുമാസം ബാക്കി; സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതി നിർവഹണം താളം തെറ്റി

Wed Dec 2023 | 04:58:34 news

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ നാലുമാസം മാത്രം ബാക്കി നിൽക്കെ സർക്കാരിന്റെ പദ്ധതി നിർവഹണം താളം തെറ്റിയ നിലയിൽ. കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി നിർവഹണത്തിലെ പ്രധാന വെല്ലുവിളി. പ്രതിസന്ധി രൂക്ഷമായതിനാല്‍ ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്നു ട്രഷറികൾക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബാക്കിയുള്ളവ ട്രഷറി ക്യൂവിലേക്കും മാറ്റി. ഗ്രാമങ്ങളിലെ പാര്‍പ്പിടനിര്‍മാണത്തിന് 525 കോടി രൂപയും നഗരങ്ങളിലേക്ക് 192 കോടി രൂപയും ഉള്‍പ്പെടെ 717 കോടി രൂപയാണ് ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയത്. ഇതുവരെയുള്ള കണക്കില്‍ 2.69 ശതമാനം തുകയേ ചിലവഴിച്ചിട്ടുള്ളൂ. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് 904.83 കോടി രൂപ വകയിരുത്തി. ചിലവഴിച്ചത് 15.37 ശതമാനംമാത്രം. സാമൂഹികസുരക്ഷാപദ്ധതികള്‍ക്ക് 152.33 കോടി നീക്കിവെച്ചതില്‍ 33.67 ശതമാനമാണ് ചിലവഴിച്ചത്. വയോമിത്രം പദ്ധതിയില്‍ 27.5 കോടി വകയിരുത്തിയതില്‍ 39.16 ശതമാനവും ആശ്വാസകിരണത്തില്‍ 54 കോടി നീക്കിവെച്ചതില്‍ 27.76 ശതമാനവും മാത്രം ചിലവഴിച്ചെന്നാണ് കണക്കുകള്‍. 38,629.19 കോടി രൂപയുടെ പദ്ധതിവിഹിതത്തില്‍ ഇതുവരെ 40.36 ശതമാനമേ ചിലവഴിച്ചിട്ടുള്ളൂ. പ്രതിസന്ധി മൂര്‍ച്ഛിച്ചതിനാല്‍ ബജറ്റില്‍ വകയിരുത്തിയതില്‍ പകുതിപോലും ചിലവഴിക്കാനായിട്ടില്ല. തനതു നികുതി വരുമാനം കൊണ്ട് പ്രതിസന്ധി തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തെയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെയും സാമ്പത്തികപ്രതിസന്ധി ബാധിക്കാതിരിക്കാനാണ് സര്‍ക്കാരിന്റെ മുന്‍ഗണന. ജിഎസ്ടിവിഹിതമായി മൂവായിരത്തോളം കോടി രൂപ മാത്രമേ കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിക്കാനുള്ളൂ. കേന്ദ്രവായ്പയ്ക്കുള്ള സാധ്യത അടഞ്ഞതോടെ, കെ.എസ്.എഫ്.ഇ, ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള നികുതി വരുമാനമാണ് ഇനിയുള്ള പ്രതീക്ഷ.

VIDEO