Latest News

ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് ജിഎസ്ടി; ഓര്‍ഡിനന്‍സ് ഇറക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

Thu Dec 2023 | 04:35:18 news

തിരുവനന്തപുരം: പണം വച്ചുള്ള ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് ജിഎസ്ടി. ഇതിനായി സംസ്ഥാന ജിഎസ്ടി നിയമ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജിഎസ്ടി കൗണ്‍സില്‍ യോഗം കാസിനോ, കുതിരപന്തയം, ഒണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടയുള്ളവയ്ക്ക് 28 ശതമാനം ജിഎസ്ടി നിശ്ചയിച്ചിരുന്നു. പന്തയത്തിന്റെ മുഖവിലയ്ക്കാണ് നികുതി ചുമത്തേണ്ടത്. ഇതനുസരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ജിഎസ്ടി നിയമത്തിലും ഭേദഗതി കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളും നിയമത്തില്‍ ഭേദഗതി വരുത്തുന്നുണ്ട്.ഓണ്‍ലൈന്‍ ഗെയിമിങ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ ജിഎസ്ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകള്‍ നീക്കുന്നതിനുളള വ്യവസ്ഥകളും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും. ഭേദഗതികള്‍ക്ക് 2023 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യം നല്‍കിയായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക. വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ച ചട്ട പരിഷ്‌കരണത്തിനും മന്ത്രിസഭ അനുമതി നല്‍കി. വ്യവസായ ആവശ്യങ്ങള്‍ക്കായി വ്യവസായ ഏരിയയില്‍ സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം നല്‍കുന്നതും വ്യവസായ സംരംഭകരുടെ ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച ചട്ട പരിഷ്‌കരണത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.ഇതുള്‍പ്പെട്ട കേരള ഗവണ്‍മെന്റ് ലാന്റ് അലോട്ട്‌മെന്റ് ആന്റ് അസൈന്‍മെന്റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ പര്‍പ്പസ് റൂള്‍സ് 2023 അംഗീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വിട്ടുനല്‍കിയ കടകംപള്ളി വില്ലേജിലെ രണ്ട് ഏക്കര്‍ ഭൂമിയില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം 168 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കും. ഇതിനായി 37.62 കോടി രൂപയുടെ ഭരണാനുമതിയും മന്ത്രിസഭാ യോഗം നല്‍കി.

VIDEO