Latest News

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു‌

Fri Dec 2023 | 04:23:51 news

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ചടങ്ങ്. രേവന്ത് റെഡ്ഡിക്ക് ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എം.പി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സോണിയ ഗാന്ധിയും രേവന്ത് റെഡ്ഡിയും തുറന്ന വാഹനത്തിൽ സഞ്ചരിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. മുതിർന്ന നേതാവ് മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു‌. ശദ്ദം പ്രസാദ് കുമാർ സ്‌പീക്കറായി ചുമതലയേൽക്കും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത‌് അധികാരമേറ്റു. ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, പൊന്നം പ്രഭാകർ, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദർ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വർ റാവു, കൊണ്ട സുരേഖ, ന്ധുപള്ളി കൃഷ്ണ റാവു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. തെലങ്കാന രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് ബി.ആർ.എസിനെ വീഴ്ത്തി കോൺഗ്രസ് അധികാരത്തിലെത്തുന്നത്. തെലങ്കാനയിൽ 119 സീറ്റിൽ 64 എണ്ണത്തിലാണ് കോൺഗ്രസ് വിജയിച്ചത്.

VIDEO