Latest News

സ്ത്രീധനഭിക്ഷക്കാര്‍ തകര്‍ക്കുന്ന പെണ്‍ജീവിതം

Wed Dec 2023 | 04:41:33 news

നിയമം പൂത്തുലഞ്ഞ് ഫയലുകളില്‍ മയങ്ങുന്നു. മരണം അനുസ്യൂതം രഥഘോഷയാത്ര നടത്തുന്നു. അത് സമയമാം രഥത്തിലല്ലെന്നുമാത്രം. സമയമാകുന്ന രഥമെത്തണമെങ്കില്‍ ഒരാളുടെ ജീവന്‍ നിരവധി അനുഭവങ്ങളിലൂടെ പൂര്‍ണ്ണവിരാമാവസ്ഥയിലെത്തണം. ആ അവസ്ഥയോടടുക്കുമ്പോള്‍ മാത്രമേ സമയമെന്ന രഥമെത്തുകയുള്ളൂ. ഇപ്പോള്‍ ജീവിതയാത്രയുടെ മധ്യാഹ്നങ്ങളില്‍ നിര്‍ബന്ധപൂര്‍വ്വം മരണത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ രഥമെത്തിക്കുന്നവരുടെ കൂട്ടമായി കേരളം മാറിയിരിക്കുന്നു. അതിലൊരാളാണ് ഡോ.ഇ.എ.റുവൈസ്. വിശുദ്ധ പ്രേമമെന്ന ആട്ടിന്‍തോലണിഞ്ഞു ധനമോഹിയായ കുറുക്കനായിരുന്നു അയാള്‍. അയാളുടെയും പിതാവുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെയും സ്ത്രീധന വിലപേശല്‍ തന്ത്രത്തില്‍, അവര്‍ അസമയമെത്തിച്ച മരണമെന്ന രഥത്തില്‍ കഠിനവ്യഥയോടെ, വഞ്ചനയുടെ ഫലമായി യാത്ര ചെയ്തത് ഡോ. ഷഹ്നയാണ്. ഇവിടെ ഷഹ്ന മരണയാത്ര ചെയ്തത് മുമ്പ് വിസ്മയ ചെയ്തതുപോലെ വിരുദ്ധ സാഹചര്യങ്ങള്‍ മുള്‍ക്കൂടുകള്‍ തീര്‍ത്ത് ഞെരുക്കി ശ്വാസം മുട്ടിച്ചപ്പോഴാണ്. ഉത്രയുടെ മരണം ഒരു ആസൂത്രിതകൊലപാതകമായിരുന്നു. റുവൈസിനെപ്പോലെ പെണ്‍വീട്ടുകാരുടെ പണം കൊണ്ട് ജീവിതം ഘോഷിക്കാന്‍ നടക്കുന്ന കുറെ വൈറസ്സുകള്‍ ഇനിയും സമൂഹത്തിലുണ്ട്. ഇവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ ദൃഢപ്രതിജ്ഞ ചെയ്യേണ്ടതും, അവസാന തീരുമാനമെന്നപോലെ സ്വജീവിതത്തെ മരണത്തില്‍ നിന്നും ഭിന്നമായി സുശോഭന ഭാവിയിലെത്തിക്കേണ്ടതും പെണ്‍കുട്ടികളാണ്. ഹത്യയിലൂടെ ജീവിതത്തെ അന്യമാക്കുകയും രക്ഷിതാക്കളുടെ മകളെക്കുറിച്ചുള്ള സ്വപ്നങ്ങളെ വിഫലമാക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കരുത്. കാരണം ഇനി പുലരുന്നത് നിങ്ങളുടെ ലോകമാണ്. അതിന്‍റെ തിരുനടയില്‍ അന്യസ്വാര്‍ത്ഥതയുടെ പേരില്‍ ജീവിതം തകര്‍ക്കുകയെന്നത് വളരെ മോശം കാര്യമാണ്. ഇത്തരം നരാധമന്മാര്‍ സ്ത്രീധന വിലപേശല്‍ നടത്തുമ്പോള്‍ നിന്നെ എനിക്കുവേണ്ടടാ എന്നു മുഖത്തുനോക്കി പറയുവാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ക്കുണ്ടാകണം. പഴയ ഓര്‍മ്മകളും അനാവശ്യ സെന്‍റിമെന്‍റ്സും മനസ്സില്‍ തികട്ടി വരുമ്പോള്‍, കിട്ടിയ കീറക്കടലാസ്സില്‍ രണ്ടുവരി എഴുതി വച്ച് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഒരു വേട്ടപ്പട്ടിയുടെ മുന്നില്‍ എറിഞ്ഞുടയ്ക്കേണ്ടതാണോ തന്‍റെ ജന്മമെന്ന് ഓരോ പെണ്‍കുട്ടിയും ചിന്തിക്കണം. ആ സന്ദിഗ്ധാവസ്ഥ തരണം ചെയ്തു കഴിഞ്ഞാല്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത് സഹസ്രദളപുഷ്പം നീട്ടി മാറ്റത്തിന്‍റെ വിശുദ്ധ പുലരിയായിരിക്കും; വേറിട്ടൊരു ലോകമായിരിക്കും. ഒരു അധമന്‍റെ കുത്സിതാസൂത്രണത്തില്‍പ്പിടയുന്ന ജന്മമാകാതെ സ്വന്തം ജീവിതം കൊണ്ട് മാറ്റങ്ങള്‍ സൃഷ്ടിച്ച് സധൈര്യം മുന്നേറാന്‍ പുതിയ കാലത്തെ പെണ്‍കുട്ടികള്‍ക്കു കഴിയണം. സ്ത്രീധനത്തിന്‍റേ പേരില്‍ ബലിയായ പെണ്‍കുട്ടിയുടെ പേരിലാകരുത് ഇനി മുതല്‍ ഒരു പെണ്ണ് വാര്‍ത്തകളില്‍ നിറയേണ്ടത്. അതിനെതിരെ പ്രതികരിച്ചതിന്‍റെ പേരിലാകണം. അതിന്‍റെ പേരില്‍ ആര്‍ജ്ജവമുള്ള സ്ത്രീത്വമായി ഉയര്‍ന്നതിന്‍റെ പേരിലാകണം. പലപ്പോഴും സ്ത്രീധനനിയമം ചര്‍ച്ച ചെയ്യപ്പെടുന്നത് ഓരോ സ്ത്രീയും അതിന്‍റെ പേരില്‍ മരണക്കുരുക്കില്‍ പിടയുമ്പോഴാണ്. സ്ത്രീധനനിയമപ്രകാരം വാങ്ങുന്നവരും കൊടുക്കുന്നവരും ഒരേപോലെ കുറ്റവാളിയാണെന്നാണ് പറയുന്നത്. റുവൈസും അയാളുടെ വൈറസ് കുടുംബവും ഡോ.ഷഹ്നയുടെ കുടുംബത്തോട് യാചിച്ചത് നൂറ്റമ്പത് പവനും ഒന്നര ഏക്കര്‍ പുരയിടവും ബി.എം.ഡബ്ലിയൂ കാറും ഒന്നരക്കോടി രൂപയുമായിരുന്നു. ആ യാചനയുടെ വ്യംഗ്യാര്‍ത്ഥം അല്ലെങ്കില്‍ അവര്‍ പട്ടിണി കിടന്നു ചത്തുപോകുമെന്നായിരിക്കും. ഇത്തരം പണക്കൊതിയന്മാരായ ഭിക്ഷക്കാരെ സമൂഹത്തിന്‍റെ വിവിധ തട്ടുകളില്‍ കാണാന്‍ കഴിയും. പെണ്‍കുട്ടിയെ വരിച്ച് വരനാകുന്നതിനു പകരം പണത്തെ വരിച്ച് വരനാകാനാണ് പല ചെറുപ്പക്കാര്‍ക്കും ഇഷ്ടം. കിട്ടിയ പണവും സ്വര്‍ണ്ണവും വിറ്റുതുലച്ച് ഒരു കൊച്ചിനെയും ഉണ്ടാക്കിക്കൊടുത്ത് കൂതറയായി നടക്കുന്ന എത്രയോ ചെറുപ്പക്കാര്‍ നമുക്ക് അരികില്‍ തന്നെയുണ്ട്. കുറച്ചുനാള്‍ കഴിയുമ്പോള്‍ പെണ്ണ് പെണ്ണിന്‍റെ വീട്ടിലും ചെറുക്കന്‍ അവന്‍റെ വീട്ടിലും കഴിയും. പിന്നെ ബന്ധവിച്ഛേദം. ഈ പാഠം ഇന്ന് പല പെണ്‍കുട്ടികളുടെയും മനസ്സിലുണ്ട്. അതുകൊണ്ടാണ് അവരില്‍പ്പലരും കല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ലാതെ ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതും. പണ്ട് ആണ്‍മേല്‍ക്കോയ്മയുടെ കാലത്ത് അവന്‍റെ വരുമാനത്തിലായിരുന്നു കുടുംബം പുലര്‍ന്നിരുന്നത്. ഇന്ന് അവനു തുല്യം അവളും ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ അവനു കീഴ്പ്പെടാന്‍ അവള്‍ തയ്യാറാകില്ല. ആ സമയത്താണ് വന്‍കിട ഭിക്ഷക്കാര്‍ പെണ്ണിനെ സ്ത്രീധനത്തിന്‍റെ പേരില്‍ വേട്ടയാടാനിറങ്ങുന്നത്. അവരെ മുഖത്തുനോക്കി ആട്ടാന്‍ പെണ്ണിനും പെണ്‍വീട്ടുകാര്‍ക്കും കഴിയണം. പകരം ഡോ. ഷഹ്നയുടെ വീട്ടുകാര്‍ പറഞ്ഞപോലെ അമ്പതുപവനും അമ്പതുലക്ഷവും തരാമെന്ന ശോചനീയ കീഴ്പ്പെടലല്ല വേണ്ടത്. അതുപോലും കുറ്റകരമാണെന്നോര്‍ക്കണം. പണം കൊടുത്ത് സ്ത്രീധന നിയമത്തെ ഉണരാന്‍ അനുവദിക്കരുത്. അത് സുഖമായി അടുത്ത മരണം വരെ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) ഉറങ്ങട്ടെ. വാല്‍ക്കഷണം: പല്ലുതേച്ചു കൊണ്ടിരിക്കുകയായിരുന്നു, അപ്പഴാ കുഴഞ്ഞുവീണു മരിച്ചത്. പശുവിനെ അഴിച്ചുകെട്ടി തിരിച്ചുവരുമ്പോള്‍ പെട്ടെന്നൊരു വല്ലായ്ക പോലെ വീണു, മരിച്ചു. ഇത്തരത്തില്‍ പെട്ടെന്നുള്ള മരണം കേരളത്തില്‍ വര്‍ദ്ധിച്ച് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. ഇങ്ങനെയുള്ള മരണത്തില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കും മൂന്നാംസ്ഥാനം കര്‍ണ്ണാടകയ്ക്കുമാണ്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് ഈ വിവരം പുറത്തുവിട്ടത്. ഈവിധ മരണങ്ങള്‍ക്ക് പ്രധാന കാരണം ഹൃദയത്തെ തളര്‍ത്തുന്ന കാര്യങ്ങളാണ്. അമിത വ്യായാമം ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതും കോവിഡാനന്തരം ഹൃദയപേശി രോഗം കൂടിയതും കോവിഡുണ്ടാക്കിയ സമ്മര്‍ദ്ദവും കോവിഡിന്‍റെ അടച്ചിരുപ്പുകാലത്ത് ജീവിതശൈലി രോഗങ്ങള്‍ക്ക് മരുന്നു മുടക്കിയതും പെട്ടെന്നുള്ള മരണത്തിന് കാരണമായിപ്പറയുന്നുണ്ടെങ്കിലും കേരളത്തില്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്നത് ഞെട്ടികകുന്ന സത്യമായി അവശേഷിക്കുന്നു. മരണപ്പെടുന്നതില്‍ കൂടുതല്‍ പേരും പുരുഷന്മാരാണ്. ഈ അജ്ഞാതകാരണത്തിലേയ്ക്ക് മെഡിക്കല്‍ രംഗത്തുനിന്നും പ്രത്യാശയുടെ വെളിച്ചം ഉടന്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

VIDEO