Latest News

നരഭോജിക്കടുവയ്ക്കായി ഹര്‍ജി; 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി, പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് കോടതി നിരീക്ഷണം

Thu Dec 2023 | 04:46:34 news

കൊച്ചി: വയനാട്ടിലെ നരഭോജിക്കടുവയെ വെടിവെച്ചുകൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാര്‍ക്ക് 25,000 രൂപ പിഴ ചുമത്തി. ഹര്‍ജിക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ നിയമസേവന അതോറിറ്റിയില്‍ അടയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.കടുവയുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് നിസാര സംഭവമായി കാണാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കടുവയെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ വെടിവെച്ച് കൊലപ്പെടുത്താന്‍ സാധിക്കൂ എന്നായിരുന്നു ഹര്‍ജിക്കാരായ അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്മ്യൂണിറ്റിയുടെ ആവശ്യം. എന്നാല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ശരിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വയനാട് വാകേരിയിലെ പ്രജീഷ് എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജിക്കടുവയ്ക്കായുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുകയാണ്. 90 ഏക്കര്‍ വനമേഖല കേന്ദ്രീകരിച്ച് വനംവകുപ്പിന്റെ മയക്കുവെടി സംഘവും ആര്‍ആര്‍ടി അംഗങ്ങളും നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.കടുവയെ കണ്ടതായി പറയപ്പെടുന്ന സ്ഥലങ്ങളില്‍ വനംവകുപ്പിന്റെ അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുവ സാന്നിധ്യമുള്ളതിനാല്‍ വയനാട് മൂടകൊല്ലിയിലെ സ്‌കൂളിന് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കടുവയക്കായുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. ഇന്നലെ നടത്തിയ തിരച്ചിലില്‍ കടുവയുടെ കാല്‍പ്പാടുകള്‍ ഉള്‍പ്പെടെ കണ്ടെത്തി. പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി വാര്‍ഡില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

VIDEO