Latest News

ഒത്തുകളിച്ച് പോക്സോ പ്രതിയെ രക്ഷപ്പെടുത്തി: കെ.സുധാകരൻ എംപി

Fri Dec 2023 | 04:48:59 news

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവം ആഭ്യന്തര വകുപ്പിന് അങ്ങേയറ്റം നാണക്കേടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി . പ്രതിക്ക് വേണ്ടി സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ദുരുപയോഗിക്കപ്പെട്ടതിനാലാണ് തൂക്കിലേറ്റേണ്ട പ്രതി കൈയും വീശി കോടതിയിൽ നിന്നിറങ്ങിപ്പോയത്.കേരളത്തിന്റെ മന:സ്സാക്ഷിയെ ഞെട്ടിക്കുന്ന കോടതി വിധിയാണ് വന്നിരിക്കുന്നത്. ഭരണകക്ഷിയുമായി വളരെ അടുപ്പമുള്ള പ്രതിയെ തെളിവുകൾ ഇല്ലാതാക്കി പിണറായി വിജയന്റെ പോലീസ് സംരക്ഷിച്ചു എന്നു പറയുന്നതാകും കൂടുതൽ ഉചിതം. കൊലപാതകവും പീഡനവും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടും കുറ്റം തെളിയിക്കാൻ ആവശ്യമായ യാതൊരു രേഖകളും പോലീസ് കോടതിയിൽ ഹാജരാക്കിയില്ല. പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചതും പ്രതിക്ക് സഹായകരമായി. പ്രതി പ്രാദേശിക ഡിവൈഎഫ് ഐ നേതാവ് കൂടിയായിരുന്നു.പോക്‌സോ കേസിലെ പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുന്ന സാഹചര്യം മനഃപൂർവ്വം സൃഷ്ടിക്കുന്നത് അത്യന്തം ഗൗരവതരമാണ്. നമ്മുടെ കുഞ്ഞുങ്ങളും സ്ത്രീകളും നിരന്തരം ആക്രമിക്കപ്പെടുന്ന കേരള സമൂഹത്തിൽ ഏറെ ഭയപ്പാടുണ്ടാക്കുന്ന സമീപനമാണ് കേരള പോലീസ് സ്വീകരിച്ചത്. തുടർന്നാണ് ഒരമ്മയുടെ ചങ്ക് പൊട്ടിയ നിലവിളി ഉയരുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളുടെ മേൽ കുതിര കയറിയും പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ അടച്ചും സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും വെറും അകമ്പടി സേവകർ മാത്രമായി കേരള പോലീസിനെ ഈ സർക്കാർ അധ:പതിപ്പിച്ചു. നീതിക്കായി ഇരകൾക്കൊപ്പം നിൽക്കുന്നതിന് പകരം വേട്ടക്കാർക്കൊപ്പം ചേരാനാണ് പിണറായി സർക്കാർ പോലീസിനെ പ്രേരിപ്പിച്ചത്.വാളയാറിലും പ്രതികൾക്ക് ഒപ്പം നിന്ന ഭരണകൂടമാണ് പിണറായി വിജയന്റേത്.പിഞ്ചുകുഞ്ഞുങ്ങളുടെ കാര്യത്തിലെങ്കിലും രാഷ്ട്രീയം ഇല്ലാതെ മികച്ച അന്വേഷണം നടപ്പിലാക്കാൻ പിണറായി സർക്കാരിന് കഴിയാതെ പോയത് ഈ നാട്ടിലെ അമ്മമാരോടും കുട്ടികളോടുമുള്ള വെല്ലുവിളിയാണ്. ഇങ്ങനെയാണോ പിണറായി വിജയൻ നവ കേരളം സൃഷ്ടിക്കുന്നത് ? പിഞ്ചുകുഞ്ഞിന്റെ ഘാതകനായ നരാധമന് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിന് കീഴ്‌ക്കോടതിവിധിക്കെതിരെ മേൽക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകുന്നതിനും കേസ് അന്വേഷണത്തിലുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനും ആവശ്യമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പുനഃരന്വേഷണം ആവശ്യമെങ്കിൽ അതിനും സർക്കാർ തയ്യാറാകാണം. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായാൽ കോടതിയെ സമീപിക്കാനും നീതിക്കായുള്ള നിയമ പോരാട്ടത്തിനും കുഞ്ഞിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി കോൺഗ്രസ് കൂടെയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

VIDEO