Latest News

ഗൺമാൻ രാജിനെതിരേ പൊലീസിൽ പൊട്ടിത്തെറി, നവകേരള സദസ് കഴിഞ്ഞാൽ മുഖ്യമന്ത്രിയെ കാണും

Mon Dec 2023 | 04:49:35 news

കൊല്ലം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയ്ക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ, പൊലീസ് മേധാവികളുടെ സാന്നിധ്യത്തിൽ നിയമം കൈയിലെടുക്കുന്നതിനെതിരേ പൊലീസ് ഉന്നതങ്ങളിൽ അതൃപ്തി പുകയുന്നു. ആലപ്പുഴയിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടികൂടി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുന്നതിനിടെ, ലോക്കൽ ഡിവൈഎസ്പി, സർക്കിൾ ഇൻസ്പെക്റ്റർ എന്നിവരുടെ കരുതലിലേക്കുകടന്നു കയറിയാണ് ഗൺമാൻ അനിൽ ലാത്തി ഉപയോഗിച്ചുപ്രവർത്തകരെ ആക്രമിച്ചത്. മാരകമായി മുറിവേറ്റ പ്രവർത്തകർക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്കാണ് ഉത്തരവാദിത്തമെന്ന് ഈ ഉദ്യോഗസ്ഥർ പറയുന്നു. തന്നെയുമല്ല, മുഖ്യമന്ത്രി ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ അദ്ദേഹത്തിനു ദേഹോപദ്രവമേൽക്കാതെ സുരക്ഷിതമായി മാറ്റിക്കൊണ്ടു പോകേണ്ട ഉദ്യോഗസ്ഥൻ അവിടെ നിന്നു മാറി പൊതുനിരത്തിലെത്തി ക്രമസമാധാന ദൗത്യം ഏറ്റെടുത്തത് നിയമ വിരുദ്ധവും കൃത്യവിലോപവുമാണെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ വാദം. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെ പോലും നോക്കുകുത്തികളാക്കി, മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽപ്പെട ഉദ്യോഗസ്ഥർ യജമാനഭക്തി കാണിക്കുകയാണെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വീക്ഷണത്തോടു പ്രതികരിച്ചത്. സിപിഎം സംരക്ഷണയിൽ കഴിയുന്ന ഉദ്യോഗസ്ഥനാണ് അനിൽ എന്നാണ് പൊലീസിലെ തന്നെ വെളിപ്പെടുത്തൽ. കടുത്ത മാനസിക സമ്മർദത്തിലാണ് സേനയിലെ മിക്കവരും ജോലി ചെയ്യുന്നത്. ഇതു മറി കടക്കാൻ സേനയിലെ മേലുദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്നാണ് ഡിവൈഎസ്പി വരെയുള്ള ഒരു വിഭാഗം ഓഫീസർമാർ പറയുന്നത്. സീനിയോരിറ്റി മറികടന്ന് സേനയുടെ തലപ്പത്തെത്താൻ വെമ്പുന്നവരാണ് മുഖ്യമന്ത്രിയുടെ പിണിയാളുകളായി നിയമം കൈയിലെടുക്കുന്നത്. ശബരിമല ഡ്യൂട്ടിയുടെ പേരിൽ പൊലീസ് ഉദ്യോഗസ്ഥരെ വല്ലാതെ പീഡിപ്പിക്കുകയാണ്. തെക്കൻ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നു മൂന്നും നാലും സിപിഒമാരെ ശബരിമല ഡ്യൂട്ടിക്കു ചുമതലപ്പെട്ടുന്നുണ്ട്. രാവും പകലും ഒരു പോലെ ജോലി ചെയ്തു മടങ്ങിയെത്തുന്നവർക്ക് ഒരു ദിവസം പോലും വിശ്രമം അനുവദിക്കാതെ നവകേരള സദസിന്റെ സുരക്ഷാ ചുമതലയും ഏല്പിക്കുന്നു. ഫലത്തിൽ ഓരോ സ്റ്റേഷനിലും ആവശ്യമുള്ളതിന്റെ പകുതി പോലും അംഗങ്ങളില്ല. എല്ലാ വിഭാഗം പൊലീസ് ഉദ്യോഗസ്ഥരും ഇത്രയും കടുത്ത മാനസികാവസ്ഥയിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ മുപ്പതോളം ഓഫീസർമാർ സ്വയം വിരമിക്കലിനു തയാറെടുക്കുകയാണെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനിലെ ഒരു ഭാരവാഹി പറഞ്ഞു. പൊലീസ് അംഗങ്ങളിൽ ആത്മഹത്യാ പ്രവണതയും വർധിക്കുകയാണ്. സേനയിൽ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തു. ഇതേ കാലയളവിൽ 12 പേർ ആത്മഹത്യാ ശ്രമവും നടത്തി. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നാണ് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. സമ്മർദം മറികടക്കാൻ സേനാംഗങ്ങൾക്ക് കൗൺസിലിംഗ് നടത്താൻ പദ്ധതി ഇട്ടെങ്കിലും പണമില്ലെന്നു പറഞ്ഞ് പിന്നീട് ഒഴിവാക്കി. സേനയിലെ താഴേതട്ടിലുള്ളവർക്കാണ് ഭീഷണിയും വെല്ലുവിളിയും കൂടുതൽ. ആത്മഹത്യയും സ്വയം വിരമിക്കൽ പ്രവണതയും അവരിലാണ് കൂടുതൽ. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദം കുറയ്ക്കണമെന്നും സ്വതന്ത്രമായ പൊലീസിംഗ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് ഓഫീസ് അസോസിയേഷനിലെ ചിലരാണ് മുഖ്യമന്ത്രിയെ കാണാൻ ആലോചിക്കുന്നത്. നവകേരള സദസ് കഴിഞ്ഞാൽ ഇതിനുള്ള അനുമതി തേടും.

VIDEO