Latest News

യൂത്ത്‌കോണ്‍ഗ്രസുകാരെ മര്‍ദിച്ചതിനെതിരെ കോണ്‍ഗ്രസ്: 5 ലക്ഷം പേരുടെ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് 20 ന്

Tue Dec 2023 | 04:35:44 news

തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്റേയും സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20ന് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ബഹുജന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ അഞ്ചു ലക്ഷത്തിലധികം പേര്‍ അണിനിരക്കുന്ന പ്രതിഷേധം ഇരമ്പുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.സംസ്ഥാനത്തെ 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ 11നാണ് സംസ്ഥാനത്തെ 564 പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഒരു മണ്ഡലത്തില്‍ നിന്ന് ചുരുങ്ങിയത് 1000 പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. രണ്ടോ അതില്‍ കൂടുതലോ മണ്ഡലങ്ങളുടെ നേതൃത്വത്തിലായിരിക്കും ചിലയിടങ്ങളില്‍ ഒരു പോലീസ് സ്റ്റേഷനിലേക്കുള്ള പ്രതിഷേധം. കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ചൂടറിയുന്ന ശക്തമായ പ്രക്ഷോഭമായി പോലീസ് സ്റ്റേഷന്‍ പ്രതിഷേധ മാര്‍ച്ച് മാറും. ഡിസിസി അധ്യക്ഷന്‍മാര്‍, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍, അതത് ജില്ലകളിലെ കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനകളുടേയും സെല്ലുകളുടേയും ഭാരവാഹികള്‍ തുടങ്ങിയവര്‍ ബഹുജന പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകളില്‍ മേല്‍നോട്ടം നല്‍കും. അധികാരികളുടെ വിടുവേല ചെയ്യുകയല്ല പോലീസിന്റെ പണിയെന്ന് അവരെ ഓര്‍മ്മപ്പെടുത്തുന്നതായിരിക്കും കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധം.

VIDEO