Latest News

നവ കേരള നാടകം’ നയപ്രഖ്യാപനം വരെ; ജനുവരിയിൽ സർക്കാരിനെ പുകഴ്ത്താൻ ഗവർണർ സഭയിലെത്തും

Tue Dec 2023 | 04:37:44 news

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇടതുസർക്കാരും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന് നവകേരള സദസിന്റെ സമാപനത്തോടെ വിരാമമാകും. ജനുവരി മധ്യത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്താനായി ഗവർണറെ രാജ്ഭവനിലെത്തി ക്ഷണിക്കാനുള്ള തിരക്കിട്ട നടപടികൾ ഭരണസിരാകേന്ദ്രത്തിൽ ആരംഭിച്ചു കഴിഞ്ഞു. നവകേരള സദസ് 23ന് സമാപിച്ച ശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിയമസഭാ സമ്മേളന തീയതി തീരുമാനിക്കും. തൊട്ടുപിന്നാലെ, ഗവർണറെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള നടപടിക്രമങ്ങളും പൂർത്തീകരിക്കും. ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന പിണറായി വിജയന്റെ ഭീഷണിയും മുഖ്യമന്ത്രി ഭരണഘടന തകർത്തുവെന്ന ഗവർണറുടെ ആരോപണവും രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പ് പലതവണ സർക്കാരുമായി ഇടഞ്ഞിട്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സഭയിലെത്തി എന്റെ സർക്കാരെന്ന് പറഞ്ഞ് ഇടതുഭരണ നേട്ടങ്ങൾ ഉറക്കെവായിച്ചിട്ടുള്ളത് ഉദാഹരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഓരോ വർഷവും ആദ്യ നിയമസഭാ സമ്മേളനം ചേരുമ്പോഴും, പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോഴും ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യണമെന്നതു ഭരണഘടനാ ബാധ്യതയാണ്. ഇതിൽനിന്നു ഗവർണർക്ക് ഒഴിയാനാകില്ല. മന്ത്രിസഭ അംഗീകരിച്ചു നൽകുന്ന നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചശേഷമാണു ഗവർണർ നിയമസഭ തുടങ്ങുന്ന ദിവസം സഭയിലെത്തി പ്രസംഗം വായിക്കേണ്ടത്. ഭരിക്കുന്നതു തനിക്ക് ഇഷ്ടമില്ലാത്ത മുന്നണിയാണെങ്കിലും ‘എന്റെ സർക്കാർ’ എന്നു വിശേഷിപ്പിച്ച് പ്രസംഗം വായിക്കണം. സർക്കാരിന്റെ നേട്ടങ്ങളും നയങ്ങളും തന്റേതെന്ന രീതിയിൽ ഉറപ്പിച്ചു പറയണം. സഭാ സമ്മേളന തീയതി പ്രഖ്യാപിക്കുന്നതിനായി ഗവർണറോട് ശുപാർശ ചെയ്യുന്നതാണ് മന്ത്രിസഭാ നടപടി. ഇതംഗീകരിച്ച് ഗവർണർ മറുപടി നൽകുന്നതാണ് കീഴ്വഴക്കം. എന്നാൽ, എസ്എഫ്ഐയുടെ പ്രകോപനം ഇത്രത്തോളം ആയ സ്ഥിതിക്ക് ഇക്കാര്യത്തിൽ ഗവർണർ സ്വീകരിക്കാൻ പോകുന്ന നിലപാടിനെക്കുറിച്ച് രാഷ്ട്രീയ കേരളത്തിന് ആകാംക്ഷയുണ്ട്. അതേസമയം, ഗവർണർ എന്ത് നിലപാടെടുത്താലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് നയപ്രഖ്യാപനത്തിന് എത്തിക്കുകയെന്നതാകും സർക്കാരിന്റെ നയം. തനിക്കെതിരെയുള്ള പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പരസ്യമായി പ്രതികരിച്ചെങ്കിലും മുഖ്യമന്ത്രി രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിച്ചാൽ ഗവർണർ അയയുമെന്ന് ഉറപ്പാണ്. മുൻകാലങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. സർക്കാരും രാജ്ഭവനും ചില സമ്മർദ്ദ തന്ത്രങ്ങൾ പയറ്റുമെന്ന് മാത്രം. പൗരത്വ ഭേദഗതിയുടെ പേരിൽ 2019ൽ സർക്കാരും ആരിഫ് മുഹമ്മദ്ഖാനുമായി ഇടയുകയും പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ കർഷക ബില്ലിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതായിരുന്നു അടുത്ത പ്രകോപന കാരണം. പൗരത്വ ഭേദഗതിക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം വായിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും സഭയിൽ അത് വായിച്ചു. 2022ലെ നയപ്രഖ്യാപന പ്രസംഗ സമയത്തും ഗവർണർ ഉടക്കുണ്ടാക്കി. മന്ത്രിമാരുടെ സ്റ്റാഫിന്റെ പെൻഷന്റെ കാര്യത്തിലായിരുന്നു അത്. ഗവർണറുടെ സ്റ്റാഫിൽ ബിജെപിക്കാരനെ നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ പ്രതിരോധം. അന്നും ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകം നടന്നു. പൊതുഭരണ വകുപ്പിൽ നിന്ന് കെആർ ജ്യോതിലാലിനെ മാറ്റണമെന്നും രാജ്ഭവനിൽ ഫോട്ടോഗ്രാഫർ തസ്തിക സ്ഥിരപ്പെടുത്തണമെന്നുമായിരുന്ന സഭയിലെത്താനുള്ള ഗവർണറുടെ ഡിമാന്റ്. പിണറായി വിജയൻ രണ്ടിനും സമ്മതിച്ചതോടെ ഗവർണർ നയപ്രഖ്യാപന പ്രസംഗം അതേപടി വായിച്ചു. അന്ന് ലോകായുക്തയുടെ ചിറകരിയാനുള്ള ഓർഡിനൻസിൽ ഒപ്പിട്ട ഗവർണർക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ ഗോബാക്ക് മുദ്രാവാക്യം മുഴക്കി. ഇക്കഴിഞ്ഞ ജനുവരിയിൽ ചേർന്ന സമ്മേളനത്തിൽ ഗവർണറെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഒഴിവാക്കാനായി സർക്കാർ തന്ത്രം മെനെഞ്ഞെങ്കിലും കടുത്ത നടപടി വേണ്ടിവന്നില്ല. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ പാസാക്കിയ സമയമായിരുന്നു അത്. ഡിസംബറിൽ തുടങ്ങിയ സമ്മേളനം ജനുവരിയിൽ നീട്ടിക്കൊണ്ടുപോയാൽ ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാമെന്നായിരുന്നു സർക്കാരിൽ ഉരുത്തിരിഞ്ഞ ധാരണ. എന്നാൽ നയപ്രഖ്യാപനത്തിന് റെഡിയാണെന്ന് രാജ്ഭവൻ അറിയിച്ചതോടെ സർക്കാർ ഗവർണറെ ക്ഷണിച്ചുകൊണ്ടുവന്നു. ഇത്തവണയും ഗവർണറുടെയും മുഖ്യമന്ത്രിയുടെയും വാക്ക് പോരും ഭരണഘടനാ വിരുദ്ധ നടപടികളും കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ സഭയിലെത്തുമെന്നതിൽ തർക്കമില്ല. പകരം, ഗവർണർ എന്ത് സമ്മർദ്ദമാകും പ്രയോഗിക്കുകയെന്നതിലാണ് ആകാംക്ഷ.

VIDEO