Latest News

അഞ്ചുമാസമായി വിധവാ പെന്‍ഷനില്ല; മറിയക്കുട്ടി ഹൈക്കോടതിയില്‍

Wed Dec 2023 | 03:34:44 news

കൊച്ചി: അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും പുതുവത്സരത്തിന് മുന്‍പ് പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണം എന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് പണം നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങി സമരം ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവര്‍ ഭിക്ഷ യാചിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ മറിയക്കുട്ടിക്ക് വിധവാ പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം.

VIDEO