Latest News

നവകേരള സദസിനൊപ്പം കെഎസ്ആർടിസിയെയും മ്യൂസിയത്തിലാക്കരുത്: കെ. മുരളീധരൻ

Sat Dec 2023 | 04:42:52 news

തിരുവനന്തപുരം: നവകേരള സദസ് കഴിഞ്ഞ് ആഢംബര ബസിനും ഗതാഗത മന്ത്രിക്കുമൊപ്പം കെഎസ്ആർടിസിയെക്കൂടി സർക്കാർ മ്യൂസിയത്തിലാക്കരുതെന്ന് കെ. മുരളീധരൻ എം.പി. ശമ്പളം ക്യത്യമായി നൽകാത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ ഐഎൻടിയുസി സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ചീഫ് ഓഫീസിൽ നിന്നും സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ “കാളവണ്ടി യാത്ര” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയെ സ്വകാര്യ വത്കരിക്കാനുള്ള നടപടികളാണ് മാനേജ്മെന്റും സർക്കാരും ചേർന്ന് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി ഐഎൻടിയുസി നിരന്തര സമരത്തിൽ ആണെന്നത് യുഡിഎഫും കോൺഗ്രസും മനസ്സിലാക്കുന്നുണ്ടെന്നും കെഎസ്ആർടിസിയെ സംരക്ഷിക്കാൻ കോൺഗ്രസ് നേത്യത്വത്തിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു. കെഎസ്ആർടിസി പുനരുദ്ധാരണത്തിന്റെ മറവിൽ കോടികളുടെ പർച്ചേസുകളിലൂടേയും രണ്ടു വർഷങ്ങളുടെ ഇടവേളകളിൽ രണ്ടു തവണ ഇടിഎമ്മുകൾ വാങ്ങിക്കൂട്ടിയുമുള്ള അഴിമതികൾ മാത്രമാണ് കെഎസ്ആർടിസിയിൽ നടക്കുന്നതെന്ന് മാർച്ചിനെ അഭിസംബോധന ചെയ്ത ടിഡിഎഫ് വർക്കിങ് പ്രസിഡന്റ് അഡ്വ. എ വിൻസെന്റ് എംഎൽഎ പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കോടികളുടെ അഴിമതി നടത്തി കെഎസ്ആർടിസിയെ തകർത്ത ഒരാളേയും വെറുതേ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കെഎസ്ആർടിസി ജീവനക്കാരെ റോഡിലിട്ട് മർദ്ദിക്കുന്നവർക്ക് വേണ്ടി പോലും വക്കാലത്ത് എടുത്ത് പൊലീസ് കേസുകൾ ഒതുക്കി തീർക്കാൻ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്ന തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളിലാണ് കെഎസ്ആർടിസി സിഎംഡിക്ക് താൽപര്യം. ഈ താൽപര്യം ഒന്നും പാവപ്പെട്ട തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കാണിക്കുന്നില്ല എന്നുള്ളത് ലജ്ജാവഹമാണെന്നും എംഎൽഎ പറഞ്ഞു. ടിഡിഎഫ് സംസ്ഥാന നേതാക്കളായ ഡി. അജയകുമാർ, ടി. സോണി, എം. മുരുകൻ, വി.ജി ജയകുമാരി, എസ്.കെ മണി, ദീപു ശിവ, സന്തോഷ് കുമാർ, രാജേഷ്, ഷിബു തുടങ്ങിയവർ സംസാരിച്ചു. സിഎംഡിയുടെ ഓഫീസിന് മുന്നിൽ നിന്നും നിന്നും നവകേരള സദസിലെ ബസിന്റെ മാതൃകയിൽ അലങ്കരിച്ച കാളവണ്ടിയുമായി നൂറുകണക്കിന് തൊഴിലാളികൾ നയിച്ച മാർച്ച് ഐഎൻടിയുസി ദേശീയ സെക്രട്ടറി വി.ആർ പ്രതാപൻ ഫ്ളാഗ് ഓഫ് ചെയ്തു. യാത്ര സെക്രട്ടേറിയേറ്റിന് മുന്നിലെത്തിയാണ് സമാപിച്ചത്.

VIDEO