Latest News

കരിങ്കൊടി പ്രതിഷേധമറിയാൻ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫോൺചോർത്തുന്നു;മുഖ്യമന്ത്രിക്ക് റോബോ ഫോബിയ: എറിക് സ്റ്റീഫൻ

Sat Dec 2023 | 04:46:52 news

തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം ശക്തമായതോടെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫോൺ പൊലീസ് ചോർത്തുന്നു. കോളേജിലെ പരിപാടിക്കായി ബംഗളുരുവിലെ ഒരു കമ്പനിയിൽ വിളിച്ച് ഡ്രോണിന്റെ വിവരങ്ങൾ അന്വേഷിച്ച എൻ.എസ്.യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനാണ് ഡ്രോൺ വാങ്ങുന്നതെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. എറിക് സ്റ്റീഫൻ ബംഗളൂരുവിലുള്ള കമ്പനിയിൽ വിളിച്ച് ഡ്രോണിന്റെ വിവരങ്ങളും അതിന്റെ പേലോഡ് ശേഷിയുമൊക്കെ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസം പോലീസ് എറിക് സ്റ്റീഫനെ കസ്റ്റഡിയിലെടുക്കുകയും ഡ്രോൺ വാങ്ങുന്നതെന്തിനാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ താൻ ഫോണിൽ സംസാരിച്ച വിവരങ്ങൾ തിരിച്ച് പോലീസ് തന്നോട് തന്നെ അന്വേഷിച്ചത് ഫോൺ ചോർത്തൽ നടന്നുവെന്ന് ഉറപ്പിക്കുന്നുണ്ടെന്ന് എറിക് സ്റ്റീഫൻ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. കെ.എസ്.യുവിന്റെ ഡി.ജി.പി. ഓഫീസ് മാർച്ചിന് മുമ്പാണ് ചൊവ്വാഴ്ച രാത്രി എറിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ നാലുവരെ സ്റ്റേഷനിൽ ഇരുത്തി. എറിക് ബെംഗളൂരുവിൽ വിളിച്ച് അന്വേഷിച്ച നാല് ഏജൻസികൾക്കും ഡ്രോൺ എറിക്കിന് വിൽക്കാൻ പാടില്ല എന്ന് നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ മാർ ഇവാനിയോസ് കോളേജിന്റെ ഒരു പരിപാടിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഡ്രോൺ വാങ്ങാൻ തീരുമാനിച്ചതെന്നാണ് എറിക് പറയുന്നത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത തന്റെ ഫോൺ ചോർത്തിയത് എന്തിനാണെന്ന എറിക്കിന്റെ ചോദ്യത്തിന് പക്ഷെ പോലീസിന് മറുപടിയില്ല. താൻ ഡ്രോൺ വാങ്ങാൻ തീരുമാനിച്ചത് ഒരു ക്രിമിനൽ കുറ്റമല്ല. വാങ്ങിയ ഡ്രോൺ ഉപയോഗിച്ച് നിയമലംഘനം നടത്തിയാൽ മാത്രമേ അത് കുറ്റമാകുകയുള്ളു. ഒരു കുറ്റം ചെയ്യുമെന്ന് മുൻകൂട്ടി അനുമാനിച്ച് കേസെടുക്കാൻ എങ്ങനെ സാധിക്കുന്നുവെന്ന് എറിക് ചോദിക്കുന്നു. ഫോൺ ചോർത്തിയെന്ന് പോലീസുകാർ തന്നെ സമ്മതിച്ചു. ഒരാൾ മാത്രമേ കേൾക്കൂവെന്ന് ഉദ്യോഗസ്ഥർ തന്നോട് വെളിപ്പെടുത്തിയെന്നും എറിക് സ്റ്റീഫൻ പറയുന്നു. തന്റെ ഫോൺ ചോർത്തിയിട്ടുണ്ടെങ്കിൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതാക്കളുടെ ഉൾപ്പെടെ ഫോണുകൾ ചോർത്തുന്നുണ്ടെന്ന് ഉറപ്പാണെന്ന് എറിക് സ്റ്റീഫൻ പറയുന്നു.

VIDEO