Latest News

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ താക്കീതുമായി ഐഎൻടിയുസി മഹാറാലി തൃശൂരിൽ 29 ന്

Wed Dec 2023 | 04:14:39 news

കൊല്ലം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവർത്തിച്ചു വരുന്ന തൊഴിൽ നിഷേധ- തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരേ സന്ധിയില്ലാത്ത പ്രക്ഷോഭത്തിനു തൊഴിലാളികൾ മുന്നിട്ടിറങ്ങുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. അറുപതു വർഷത്തിലധികമായി രാജ്യത്തെ തൊഴിലാളികൾ നടത്തിയ സമര പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത മുഴുവൻ തൊഴിൽ സംരക്ഷണ നിയമങ്ങളും നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാർ കവർന്നെടുത്തു. കെഎസ്ആർടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്തു തരിപ്പണമാക്കി. കേരളം ഭരിക്കുന്ന ഇടതു സർക്കാരും തൊഴിലാളികളെ പെരുവഴിയിലാക്കി. ഇതിനെതിരായ ശക്തമായ താക്കീതായി ഐഎൻടിയുസി ഈ മാസം 29ന് തൃശൂരിൽ ലക്ഷം തൊഴിലാളികളെ അണിനിരത്തി മഹാറാലി നടത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ് രാജ്യത്തെ തൊഴിലാളികൾ കടന്നു പോകുന്നത്. സംഘടിത തൊഴിൽ മേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾ വരെ കടുത്ത ആശങ്കയിലാണ്. വ്യാപകമായ സ്വകാര്യവൽക്കരണം മൂലം തൊഴിൽ സുരക്ഷ ഇല്ലാതായി. പട്ടാളത്തിൽപ്പോലും കരാർ നിയമനങ്ങളായി. ഇന്ത്യൻ എയർലൈൻസ്, റെയിൽവേ, പ്രതിരോധം, തുറമുഖം, ഖനി എന്നിവയെല്ലാം സ്വകാര്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. മഹാരത്ന, നവരത്ന, മിനിരത്ന കമ്പനികൾ പോലും നിസാരവിലയ്ക്ക് വൻകിട കുത്തകകൾക്കു കൈമാറി. ഇന്ത്യയുടെ ഹൃദയം എന്നു വിശേഷിപ്പിക്കപ്പെട്ട കൽക്കരിപ്പാടങ്ങൾ വരെ വിറ്റു തുലയ്ക്കുകയാണ്. ഇതിനകം 50 കൽക്കരിപ്പാടങ്ങളാണ് കേന്ദ്ര സർക്കാർ വിറ്റത്. പൊതു മേഖലയിൽ 32 ലക്ഷം തസ്തികകളിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഓ)യുടെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അന്താരാഷ്‌ട്ര തൊഴിൽ നിയമങ്ങളും നയങ്ങളും നടപ്പാക്കാൻ‍ കേന്ദ്ര സർക്കാരിനു ബാധ്യതയുണ്ട്. സംസ്ഥാന സർക്കാരും അതിവേ​ഗം കരാർവൽക്കരണത്തിലേക്കു നീങ്ങുകയാണ്. കെഎസ്ആർടിസിയിലെ പരിഷ്കാരങ്ങൾ തൊഴിൽ ലംഘനത്തിന്റെ മികച്ച ഉദാഹരണമാണ്. കശുവണ്ടി, കയർ‌, കൈത്തറി വ്യവസായങ്ങളെല്ലാം നൂറു ശതമാനം സ്തംഭനത്തിലാണ്. ചികിത്സാ സഹായം പോലും കിട്ടാതെ തൊഴിലാളികൾ ദുരിതത്തിലായി. ആശ വർക്കേഴ്സ്, അം​ഗൻവാ‍ടി അധ്യാപകർ, എൻഎച്ച്എം ജീവനക്കാർ തുടങ്ങിയവർക്ക് മിനിമം വേതനം ലഭിക്കുന്നില്ല. മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച ഉറപ്പുകൾ പോലും പാലിക്കപ്പെടുന്നില്ല. ഇതെല്ലാം സൃഷ്ടിക്കുന്ന തൊഴിൽലംഘനങ്ങളുടെ വ്യാപ്തി ഭയാനകമാണെന്ന് ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. ഇതിനെതിരേ കഴിഞ്ഞ ആറു മാസങ്ങൾക്കുള്ളിൽ ഐഎൻടിയുസി ഒൻപത് തവണയാണ് സമരം ചെയ്തത്. റീജണൽ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ആയിരക്കണക്കിനു തൊഴിലാളികളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. അടുത്ത മാസം അവസാനത്തോടെ നിർമാണ മേഖലയിലെ ഒരു ലക്ഷത്തിൽപ്പരം തൊഴിലാളികളെ പങ്കെടുപ്പിച്ച് സെക്രട്ടറേയറ്റ് മാർച്ച് നടത്തും. തുടർ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തൃശൂരിൽ 28നു തുടങ്ങുന്ന ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിൽ തീരുമാനിക്കും. ഇന്നത്തെ ഇന്ത്യയും തൊഴിലവകാശങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 28 നു രാവിലെ പത്തിനു നടക്കുന്ന സെമിനാർ മുൻ എംപി സി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. 29നു വൈകുന്നേരം 4.30ന് ഒരു ലക്ഷത്തിൽപ്പരം തൊഴിലാളികൾ പങ്കെടുക്കുന്ന മഹാറാലി ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ നിന്നു തുടങ്ങും. ന​ഗരം ചുറ്റി 5.30ന് തേക്കിൻകാട് മൈതാനത്ത് സമാപിക്കും. ഐഎൻടിയുസി സംസ്ഥാന നേതാക്കളും മുതിർന്ന കോൺ​ഗ്രസ് നേതാക്കളും നയിക്കും. തുടർന്നു കൂടുന്ന പൊതു സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡി ഭദ്രദീപം തെളിയിക്കും. ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാവും. കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗങ്ങളായ രമേശ് ചെന്നിത്തല എംഎൾഎ, ഡോ. ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, ബെന്നി ബഹന്നാൻ എംപി, ടി.എൻ. പ്രതാപൻ എംപി, രമ്യാ ഹരിദാസ് എംപി, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂർ തുടങ്ങിയവർ പ്രസം​ഗിക്കും. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി കൃഷ്ണവേണി ജി ശർമ, ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് തുടങ്ങിയവർ പങ്കെടുത്തു.

VIDEO