Latest News

ലൈസൻസ് വിതരണം കുറയ്ക്കും, ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കും: ഗണേഷ്കുമാർ

Thu Jan 2024 | 04:59:46 news

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിലും പലർക്കും നന്നായി വാഹനം ഓടിക്കാൻ അറിയില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. എങ്ങനെയെങ്കിലും ടെസ്റ്റ് പാസായാണ് പലരും ലൈസൻസ് നേടുന്നത്. ഇത് നിയന്ത്രിക്കുന്നതിനായി ലൈസൻസുകളുടെ വിതരണം കുറയ്ക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. തപാല്‍ വകുപ്പിന്റെ കുടിശ്ശിക കൊടുത്തു തീര്‍ക്കും. ലൈസന്‍സ് കൊടുക്കാന്‍ തപാല്‍ വകുപ്പിനെ നോക്കിയിരിക്കാതെ നേരിട്ട് ലൈസന്‍സുകള്‍ വിതരണം ചെയ്യും. സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കും. അതില്‍ ജനപ്രതിനിധികള്‍ക്ക് ഒരു വിഷമവും വേണ്ട. അതിനു പരിഹാരം കണ്ടെത്തും. സമയക്രമത്തിന്റെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിനു കാരണമെങ്കിൽ സമയക്രമം പരിഹരിക്കും. ഉൾമേഖലയിലേക്കു പോവുന്ന ബസുകൾ നിർത്തിലാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. മുന്‍മന്ത്രി ആന്റണി രാജുവുമായി പിണക്കമൊന്നുമില്ലെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കെതിരായ പരാതികള്‍ പരിഹരിക്കാന്‍ കര്‍ശന നടപടിയുണ്ടാകും. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഓഫീസില്‍ ഉണ്ടാകുമെന്നും പൊതുപരിപാടികളില്‍ അധികം പങ്കെടുക്കില്ലെന്നും എന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി വരുമാനം വർധിപ്പിച്ചതുകൊണ്ടു കാര്യമില്ല. അതിനോടൊപ്പം ചെലവും കൂടിയാൽ കുഴപ്പത്തിലാകും. മുറുക്കാൻ കടയിലെ സാമ്പത്തിക ശാസത്രം മാറ്റും. യൂണിയനുകളുമായി സൗഹൃദത്തിൽ തന്നെ പോകും. ശമ്പളം, പെൻഷൻ എന്നിവയാണു തൊഴിലാളികളുടെ ആവശ്യം. വിഷയത്തിൽ സുതാര്യമായ ചർച്ചയുണ്ടാവും. ഒരു വലിയ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കേരളത്തില്‍ കൊണ്ടുവരുമെന്നും കേരളത്തിൽ എല്ലായിടത്തും ബസ് സർവീസുകളും നിരവധി സംരഭകരും എത്തുന്ന പദ്ധതിയാകും അതെന്നും മന്ത്രി വ്യക്തമാക്കി. മോട്ടോര്‍വാഹനവകുപ്പുമായി ബന്ധപ്പെട്ട എല്ലാ അഴിമതികള്‍ക്കും നടപടിയുണ്ടാകും. ഇവിടെ ഇരിക്കുന്നയാള്‍ ശുപാര്‍ശ കേള്‍ക്കുന്നവരല്ലെന്ന് മനസ്സിലാക്കി വ്യാപകമായ അഴിമതികള്‍ ഉദ്യോഗസ്ഥന്മാരും ഏജന്റുമാരും നിര്‍ത്തണം. റോബിന്‍ ബസിന്റെ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവിന് ശേഷം തീരുമാനം പറയാം. ഇതൊന്നും ഗതാഗതവകുപ്പിനോ കെ.എസ്.ആര്‍.ടി.സിയ്‌ക്കോ വെല്ലുവിളിയല്ല. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തീരുമാനമെടുക്കും. നിയമത്തെ വ്യാഖ്യാനിക്കാന്‍ നമ്മളാരും അര്‍ഹരല്ല-മന്ത്രി പറഞ്ഞു.

VIDEO