Latest News

കെഎസ്‌യു പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച ഡിസിപിയെ സംരക്ഷിക്കാൻ പുതിയ കേസ്

Fri Jan 2024 | 04:53:27 news

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടയിൽ കെഎസ്‌യു പ്രവർത്തകനെ കഴുത്തു ഞെരിച്ചു വധിക്കാൻ ശ്രമിച്ച ഡെപ്യൂട്ടി പൊലീസ് കമ്മിഷണറെ സംരക്ഷിക്കാൻ പുതിയ കേസുമായ് പൊലീസ്. നവകേരള സദസ്സിന്റെ ഭാഗമായി കെഎസ്‌യു പ്രവർത്തകനെ കോഴിക്കോട് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ഇ ബൈജു കഴുത്തിനു പിടിച്ച് ഞെരിച്ച സംഭവത്തെ തുടർന്ന് ഡിസിപിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ‘വധഭീഷണി’ മുഴക്കിയെന്ന് ആരോപി ച്ചാണ് കോൺഗ്രസ് അനുകൂല സമൂഹ മാധ്യമങ്ങളുടെ അഡ്മിന്മാർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. പ്രതിഷേധത്തെ തുടർന്ന് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയ ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വധഭീഷണിയും മാനഹാനി ഉണ്ടാക്കുന്ന വിധം പ്രചാരണവും നടന്നതായാണ് പൊലീസ് ഭാഷ്യം.ഡിജിപിയുടെ നിർദേശത്തിൽ സംസ്ഥാന സൈബർ സെക്യൂരിറ്റി ഹൈടെക് സെല്ലിന്റെ പരാതിയിലാണ് കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് കേസെടുത്തത്. നവംബർ 25നാണ് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ജോയൽ ആന്റണിയെ ഡിസിപി കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചത്. ഡിസിപിക്കെതിരെ കോഴിക്കോട് ജില്ലാ കോൺഗ്രസ് നേതൃത്വം പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും കെഎസ്‌യു നേതൃത്വം ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. ഈ കേസുകളിൽ തിരിച്ചടി ഭയന്നാണ് ‘കൗണ്ടർ കേസു’മായ് പൊലീസ് രംഗത്തിറങ്ങിയത്.

VIDEO