Latest News

സെക്രട്ടേറിയറ്റ് ജീവനക്കാർ 24ന് പണിമുടക്കും

Fri Jan 2024 | 04:59:25 news

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 24-ാം തീയതിയിലെ പണിമുടക്കിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചു. കഴിഞ്ഞ മുപ്പത്തിമൂന്ന് മാസക്കാലമായി സർക്കാർ ജീവനക്കാർക്ക് നയാ പൈസയുടെ ആനുകൂല്യം എൽഡിഎഫ് സർക്കാർ അനുവദിച്ചിട്ടില്ല. ജീവനക്കാർക്ക് ഡിഎ അനുവദിച്ചിട്ട് മൂന്ന് വർഷമായി. നാല് മാസത്തെ ശമ്പളത്തിന് തുല്യമായ ലീവ് സറണ്ടർ തുക ജീവനക്കാർക്ക് നഷ്ടപ്പെട്ടു. മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാർക്കോ പെൻഷൻകാർക്കോ യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ അതെങ്ങനെ ഊട്ടിയുറപ്പിക്കാമെന്ന ഗവേഷണത്തിലാണ്. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പണിമുടക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് അഭിപ്രായപ്പെട്ടു. ആറു ഗഡു (18%) ഡി എ അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക,പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക,സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റ് ജീവനക്കാർ പണിമുടക്കുന്നതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ ,ജനറൽ സെക്രട്ടറി തിബിൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, ,കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു.

VIDEO