Latest News

ദേശാഭിമാനി വാർത്ത വ്യാജം, കെഎസ്‌യു നേതാവ് അൻസലിന്റെത് വ്യാജ സർട്ടിഫിക്കറ്റ് അല്ലെന്ന് പോലീസ്; കേസ് അവസാനിപ്പിക്കുന്നു

Sat Jan 2024 | 04:59:24 news

ആലപ്പുഴ: കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് എതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ക്ലീൻചിറ്റ് നൽകി പോലീസ്. അൻസിൽ ജലീലിനെതിരായ പരാതിയിൽ കഴമ്പില്ലെന്നും അൻസിലിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഇല്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം കെഎസ്‌യു നേതാവിനെതിരെ ദേശാഭിമാനിയിൽ വന്ന വാർത്ത വ്യാജമായിരുന്നെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് വ്യാപകമായി എസ്എഫ്ഐ നേതാക്കൾ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിക്കപ്പെട്ടതോടെ പ്രതിരോധത്തിലായ നേതൃത്വം പാർട്ടി പത്രമായ ദേശാഭിമാനിയെ കൂട്ടുപിടിച്ച് വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സിപിഎമ്മും എസ്എഫ്ഐയും ദേശാഭിമാനിയുടെ വ്യാജവാർത്ത ഉയർത്തിപ്പിടിച്ചാണ് ചാനൽ ചർച്ചകളിൽ പ്രതിരോധം തീർത്തിരുന്നത്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എഴുതാത്ത പരീക്ഷ വിജയിക്കുകയും ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിക്കപ്പെടുകയും എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ വനിതാ നേതാവ് അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ചത് ഉൾപ്പെടെയുള്ള കേസുകൾ ഉയർന്നുവന്ന ഘട്ടത്തിലാണ് ആലപ്പുഴയിൽ നിന്നുള്ള കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരെ ദേശാഭിമാനി വ്യാജ വാർത്ത നൽകുകയും ഇതേത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ഈ കേസിലാണ് കഴമ്പില്ലെന്നു പറഞ്ഞ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

VIDEO