Latest News

ക്ഷേത്രോദ്ഘാടനച്ചൂണ്ടയില്‍ഇരയെക്കൊളുത്തി ബി.ജെ.പി

Sat Jan 2024 | 05:02:15 news

ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ അടുപ്പില്‍ തിളയ്ക്കുന്ന അദ്ധ്യായമായി അയോദ്ധ്യ എന്നും മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരങ്ങളിലെല്ലാം ആ അടുപ്പിലേക്ക് കൂടുതല്‍ വിറകു കൂട്ടി അനാവശ്യമായ ചൂടു കൂട്ടുന്ന പതിവും കാണപ്പെടുന്നുണ്ട്. ശുഷ്ക്കമായ അംഗങ്ങളുമായി പാര്‍ലമെന്‍റിന്‍റെ ഒരുമൂലയില്‍ യാതൊരു പ്രസക്തിയുമില്ലാതെയിരുന്ന ബിജിപിക്ക് എം.പിമാരെ വര്‍ദ്ധിപ്പിക്കാനും ഭരണഅവസരം നല്കിയത് അയോദ്ധ്യയും അവിടുത്തെ ആരാധനയുമായി ബന്ധപ്പെട്ട വിഷയവുമായിരുന്നു. പ്രത്യേക നിശ്ചയബോധത്തോടെ ഹിന്ദുത്വവികാരമുണര്‍ത്തി എല്‍.കെ അദ്വനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥഘോഷയാത്ര രാജ്യത്ത് അതുവരെ നിലനിന്നിരുന്ന രാഷ്ട്രീയവിശ്വാസത്തില്‍ മതമെന്ന കറുപ്പ് കലര്‍ത്താന്‍ പാകത്തിലുള്ളതായിരുന്നു. അതിന്‍റെ ഫലമായി ഇന്ത്യന്‍ ഭരണനേതൃത്വത്തിലേയ്ക്ക് വാജ്പേയി സര്‍ക്കാരുകള്‍ വന്നു. പിന്നാലെ മോദി സര്‍ക്കാരുകളും. ഈ ബിജെപി സര്‍ക്കാരുകളെല്ലാം അധികാരത്തിലെത്തുന്നതിന് അന്തര്‍ധാരയായി വര്‍ത്തിച്ചത് അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണവിഷയമായിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തോടെ സംഗതി ശുഭകരമാകും എന്ന് ഇന്ത്യയിലെ ജനങ്ങളും പ്രത്യേകിച്ച് രാഷ്ട്രീയ നേതൃത്വവും വിശ്വസിച്ചിരുന്നെങ്കില്‍ ആ ധാരണ തിരുത്തിക്കൊണ്ട് 2024 ലെ തിരഞ്ഞെടുപ്പുവേദിയില്‍ ക്ഷേത്ര ഉദ്ഘാടനത്തെ തുടര്‍ അധികാരത്തിന്‍റെ തുറുപ്പുചീട്ടാക്കി മാറ്റിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. അവിടെയും അധികാരത്തിനായി അവര്‍ വീണ്ടും ഉപയോഗിക്കുന്നത് അയോദ്ധ്യയേയും ശ്രീരാമനെയുമാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് പ്രതിപക്ഷത്തെ പ്രമുഖ ദേശീയ പാര്‍ട്ടിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കം സ്നേഹോഷ്മളതകൊണ്ടല്ല, മറിച്ച് ഇന്ത്യാസഖ്യത്തില്‍ വിള്ളലുണ്ടാക്കി അധികാരലക്ഷ്യം സ്വന്തമാക്കാനുള്ള കുടിലതന്ത്രം മാത്രമാണ്. അവരുടെ ഈ ലക്ഷ്യയാത്ര പ്രതിപക്ഷ നിരയില്‍ ഇതിനകം ഒരുചെറിയ ഓളം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ചില പാര്‍ട്ടികള്‍ ക്ഷണത്തെ അംഗീകരിക്കുകയും മറ്റുപാര്‍ട്ടികള്‍ നിരാകരിക്കുകയും ചെയ്തുകഴിഞ്ഞു. സമാജ്വാദി പാര്‍ട്ടിയും ശിവസേന ഉദ്ധവ്താക്കറെ വിഭാഗവും ആം ആദ്മി പാര്‍ട്ടിയും ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സിപിഎം പങ്കെടുക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്സും പങ്കെടുക്കാന്‍ ഇടയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയെയും സോണിയാഗാന്ധിയെയും രാമക്ഷേത്രനിര്‍മ്മാണക്കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്രമിശ്ര നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഈ വിഷയത്തില്‍ പ്രാദേശിക നിലനില്പ്പിനെയും ദേശീയ രാഷ്ട്രീയ പ്രസക്തിയെയും അടിസ്ഥാനമാക്കി വ്യക്തമായും ബുദ്ധിപരവുമായൊരു തീരുമാനമാകും കോണ്‍ഗ്രസ് കൈക്കൊള്ളാന്‍ സാധ്യത. അത്തരത്തില്‍ വിദഗ്ധമായി വീണ്ടും അയോദ്ധ്യ എന്ന ഇരയെ ചൂണ്ടയില്‍ കൊളുത്തി എറിഞ്ഞാണ് ബിജെപി ഇന്ത്യന്‍ രാഷ്ട്രീയതടാകത്തിന്‍റെ കരയില്‍ തപം കൊള്ളുന്നത്. ഇരയില്‍ ഏതുപാര്‍ട്ടിയാണോ കൊത്തുന്നത് അവര്‍ തങ്ങളുടെ പാര്‍ട്ടി സ്വത്വത്തെ അംഗീകരിക്കുന്നവരായും കൊത്താത്തവര്‍ ബിജെപിയുടെ നയങ്ങളെ അംഗീകരിക്കാത്തവരായും നിര്‍ണ്ണയിച്ച് വേട്ടയാടലിന്‍റെ പുതിയ തന്ത്രം മെനയാനും ഇത് കാരണമാകും. ബിജെപി ഒരു മതാധിഷ്ഠിതപാര്‍ട്ടിയാണെന്ന ജനവിശ്വാസത്തിലേയ്ക്ക് മറ്റു പാര്‍ട്ടികളെയും ബന്ധിപ്പിക്കാനുള്ള ശ്രമം കൂടി ഇതിന് പിറകിലുണ്ട്. ഹിന്ദുമതവിശ്വാസികളുടെ ആരാധനാമൂര്‍ത്തിയുടെ ക്ഷേത്രോദ്ഘാടനത്തിന് ക്ഷണിച്ചിട്ട് പോയില്ലെങ്കില്‍ അത് ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക് അനുകൂലമായും പോയാല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് അനുകൂലമായും ചിത്രീകരിക്കുന്ന സന്നിഗ്ധ അവസ്ഥാവിശേഷവും ഭയവുമാണിപ്പോള്‍ ഇന്ത്യന്‍ പ്രതിപക്ഷപാര്‍ട്ടികളെ പ്രധാനമായും ഭരിക്കുന്നത്. ഇങ്ങനെ അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിന് ഒരു ഉദാഹരണം കേരളത്തിലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുഫലം തന്നെയാണ്. ഇരുപതില്‍ ഇരുപത് സീറ്റും കേരളത്തില്‍ പ്രതിപക്ഷം സ്വന്തമാക്കിയിട്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത് ബിജെപിയാണ്. അതുകൊണ്ട് പ്രാദേശിക സ്കെയില്‍ കൊണ്ട് ദേശീയതയെ അളക്കാന്‍ ശ്രമിക്കുന്നത് പാളിച്ചയാകുമോ എന്ന ഭീതിയാണ് പല പ്രതിപക്ഷപാര്‍ട്ടികളെയും ചഞ്ചല ചിത്തരാക്കുന്നത്. സിപിഎമ്മോ തൃണമൂലോ ക്ഷണം നിരസിക്കുന്നതിന് പ്രധാന കാരണം അവര്‍ കൈയാളുന്നത് ഓരോ സംസ്ഥാനത്തിന്‍റെ ഭരണം മാത്രമാണ്. വിശാല കാഴ്ചപ്പാടില്‍ അവര്‍ സംസാരിക്കുന്ന പല വാക്കുകളും ബംഗാള്‍, കേരളം എന്ന കിണറുകളുടെ ഇത്തിരി വട്ടത്തില്‍ മാത്രം ഒതുങ്ങുന്നതും മുഴങ്ങുന്നതുമാണ്. ഏതായാലും രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വളരെ ശ്രദ്ധാപൂര്‍വ്വമായ സമീപനം വേണം ഇന്ത്യാ സംഘടനയില്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. വാല്‍ക്കഷണം: ഹൈന്ദവ മത സങ്കല്പങ്ങളെയും ദൈവങ്ങളെയും ഉപയോഗിച്ചുള്ള രാഷ്ട്രീയ വീക്ഷണമാണ് ബിജെപിയുടെ നിലനില്‍പ്പ്. അയോദ്ധ്യയും ശ്രീരാമനുമാണ് ഇതുവരെ അവരുടെ ഭരണത്തിന്‍റെ ആധാര ഘടകങ്ങള്‍. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും അവര്‍ അതേഘടകങ്ങള്‍ തന്നെയാണ് ക്ഷേത്രപ്രതിഷ്ഠാദിനത്തിന്‍റെ പേരില്‍ എടുത്ത് ഉപയോഗിക്കുന്നത്. ഇത് അവരുടെ ശ്രീരാമനെ ഉപയോഗിച്ചുള്ള അവസാനത്തെ തിരഞ്ഞെടുപ്പാണെന്നാണ് പലരും കരുതുന്നത്. ക്ഷേത്രം പണിത് പ്രതിഷ്ഠയും പൂജയും നടന്നുകഴിഞ്ഞാല്‍ പിന്നെ പ്രശ്നം അവസാനിക്കും എന്നാണ് ചിന്ത. അടുത്തുവരുന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം എന്താണെന്ന് ആര്‍ക്കും നിശ്ചയമില്ലെങ്കിലും 2029 ല്‍ നടക്കാനിടയുള്ള ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അവതരിപ്പിക്കാന്‍ സാധ്യതയുള്ള ഹിന്ദു ദൈവം ശ്രീകൃഷ്ണനായിരിക്കും. മഥുരയെ ചൊല്ലി തര്‍ക്കം ആരംഭിച്ചത് അതിനുവേണ്ടിയാണ്.

VIDEO