Latest News

മുഖ്യമന്ത്രിയുടെ മകൾക്ക് കീഴടങ്ങി സിപിഎം; അന്വേഷണം പകപോക്കലെന്ന് എംവി ഗോവിന്ദൻ

Mon Jan 2024 | 04:59:48 news

തിരുവനന്തപുരം: കൊച്ചിയിലെ കരിമണൽ കമ്പനി സിആർഎംഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് എന്ന സ്ഥാപനം മാസപ്പടി വാങ്ങിയ പരാതിയിൽ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് എതിർത്തും മുഖ്യമന്ത്രിയുടെ മകൾക്ക് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചും സിപിഎം. നേരത്തെ ഈ വിഷയത്തിൽ ‘ഒരു കമ്പനി മറ്റൊരു കമ്പനിയുമായി ഉണ്ടാക്കിയ സുതാര്യമായ കരാര്‍, അതില്‍ മറ്റാര്‍ക്ക് എന്താണ് കാര്യം?’ എന്ന് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയതിനെതിരെ പാർട്ടിക്കുള്ളിൽ വലിയ മുറുമുറുപ്പ് ഉയർന്നിട്ടും, അതേ നിലപാട് തന്നെയാണ് ഇന്നലെയും പാർട്ടി ആവർത്തിച്ചത്. അതായത്, രണ്ടുകമ്പനികള്‍ കച്ചവടം ചെയ്യുമ്പോള്‍ മൂന്നാമതൊരാള്‍ പൊന്നുരുക്കുന്നിടത്ത് പൂച്ചയെ പോലെ അത് നോക്കി നില്‍ക്കേണ്ട കാര്യമില്ലെന്ന സൂചനയും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കേന്ദ്രസർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന നിലപാടുമാണ് സിപിഎമ്മിന്. ഇക്കാര്യം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പുറമേ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയുള്ള അന്വേഷണത്തെയും എംവി ഗോവിന്ദൻ തള്ളിപ്പറഞ്ഞു. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പകപോക്കലാണ്. വീണാ വിജയനെന്ന വ്യക്തിക്കെതിരെയല്ല ഈ അന്വേഷണം. അവർ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിനാലാണെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെ ന്യായീകരിക്കാൻ സിപിഎം ഉന്നത നേതൃത്വം നിരന്തരം രംഗത്തുവരുന്നതിനെതിരെ അണികളിൽ അതൃപ്തി രൂക്ഷമാണ്. ഒരു മുതലാളിയുടെ കമ്പനിയുമായി ഒരു രാഷ്ട്രീയ നേതാവിന്റെ മകനോ, മകളോ പ്രത്യേകിച്ചൊരു സര്‍വീസും ചെയ്യാതെ പണം വാങ്ങുന്നുണ്ടെങ്കില്‍ അതിന്റെ പേര് അഴിമതി എന്നാണെന്ന് അറിയാത്തവരല്ലെ ഈ നാട്ടിലെ ജനങ്ങളെന്ന് പാർട്ടി നേതാക്കളിൽ പലർക്കും അഭിപ്രായമുണ്ട്. ഇഷ്ടപ്പെട്ട മുതലാളിമാരുമായി ബന്ധപ്പെടുകയും അവരില്‍ നിന്ന് പണം വാങ്ങുകയും ചെയ്യുന്നതിനെയാണ് ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം എന്ന് ഇടതുപക്ഷ നിഘണ്ടുവില്‍ വിളിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഒന്നേമുക്കാല്‍കോടി രൂപ സുതാര്യമായ രീതിയിലാണ് വാങ്ങിയതെന്ന വിശദീകരണവുമായി വരുന്ന സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടിന് ഭാവിയിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് പാർട്ടിക്കുള്ളിലെ ചർച്ച. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളുടെ ജീവിതം സാധാരണക്കാര്‍ക്ക് മാതൃകാപരമായിരിക്കണം. അവര്‍ക്ക് മുതലാളിമാരുമായി ബന്ധവും പരിചയവും ഉണ്ടെങ്കില്‍ പോലും ആ മുതലാളി കമ്പനിയില്‍ നിന്ന് സ്വന്തം കുടുംബത്തേക്ക് നീര്‍ച്ചാല്‍ വെട്ടി അതിന് ന്യായീകരണങ്ങള്‍ കണ്ടെത്തുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ശീലമുള്ള കാര്യമേയല്ല. അതുകൊണ്ട് ഈ നടപടി തെറ്റായിപ്പോയെന്ന് സിപിഎം വിലയിരുത്തുകയാണ് വേണ്ടതെന്നും അവർ പറയുന്നു. സ്വത്ത് വിറ്റ് പാർട്ടിക്ക് കൊടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കളുണ്ടായിരുന്ന കാലത്ത് നിന്ന് സ്വത്തുണ്ടാക്കാനായി പാർട്ടിയെ വിൽക്കുന്ന ചില നേതാക്കൾക്ക് വേണ്ടി കുഴലൂതുന്ന പാർട്ടിയായി സിപിഎം മാറിയെന്നാണ് പ്രധാന വിമർശനം.

VIDEO