Latest News

എംടിക്ക് പിന്നാലെ പിണറായിയുടെ രഹസ്യ പൊലീസ് കറങ്ങിയത് നാല് നാൾ

Thu Jan 2024 | 04:59:54 news

കോഴിക്കോട്: ഒരു പ്രസംഗത്തിന്റെ പേരിൽ ജ്ഞാനപീഠം ജേതാവ് എംടി വാസുദേവൻ നായർക്ക് ‘ചുറ്റും’ പിണറായി വിജയന്റെ രഹസ്യ പൊലീസ് കറങ്ങിയത് നാലുനാൾ. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി കോഴിക്കോട് നടത്തിയ അധികാര വിമർശന പ്രസംഗത്തിലായിരുന്നു പൊലീസ് അന്വേഷണം. കോഴിക്കോട് സിറ്റി സ്‌പെഷൽ ബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. സിപിഎമ്മിലെ ഏതെങ്കിലും വിഭാഗമോ ബാഹ്യ ശക്തികളോ പ്രസംഗത്തിന് പിന്നിലുണ്ടോ എന്നാണ് അന്വേഷിച്ചത്. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഈ മാസം 11 ന് മുഖ്യാതിഥിയായി സംസാരിച്ച എംടിയുടെ പ്രസംഗത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയ്ക്ക് ആഭ്യന്തര വകുപ്പിൽ നിന്ന് കിട്ടിയ നിർദ്ദേശം. മുഖ്യമന്ത്രിയെ മനഃപൂർവ്വം കരിവാരിത്തേയ്ക്കാനായി ആരെങ്കിലും ആസൂത്രണം ചെയ്ത് പ്രസംഗം രൂപപ്പെടുത്തിയതാണോ എന്ന് അറിയാനായിരുന്നു ഉദ്ദേശ്യം. ഫെസ്റ്റിവൽ ചെയർമാൻ എ പ്രദീപ്കുമാറിനെയാണ് പ്രധാനമായും സംശയിച്ചത്. മുൻ വി എസ് പക്ഷക്കാരനായ പ്രദീപിന് കഴിഞ്ഞ തവണ മത്സരിക്കാൻ സീറ്റ് നൽകിയിരുന്നില്ല. മന്ത്രി പി എ മുഹമ്മദ് റിയാസുമായ് വൈരം പുലർത്തുന്ന പ്രദീപ്കുമാർ എംടിയുടെ പ്രസംഗത്തിന്മേൽ മന:പൂർവ്വം സമ്മർദ്ദം ചെലുത്തിയോ എന്നും പൊലീസ് സംശയിച്ചു. സിപിഎമ്മിൽ നിന്നോ സംഘാടകരായവരിൽ നിന്നോ ആരെങ്കിലുമാവാം പ്രസംഗം തയ്യാറാക്കിയത് എന്നും സംശയിച്ചു. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ അതീവരഹസ്യമായി സിറ്റി സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. എംടിയുടെ താമസസ്ഥലത്ത് നിന്ന് അദ്ദേഹത്തിനൊപ്പം വന്നവർ ആരൊക്കെയാണ്, സ്റ്റേജിലേക്ക് ആനയിച്ചത് ആരെല്ലാം, സംഘാടകരായവർ ആരൊക്കെയായിരുന്നു തുടങ്ങിയ വിശദാംശങ്ങളോടെയുള്ള ചോദ്യാവലികളായിരുന്നു ആഭ്യന്തര വകുപ്പിൽ നിന്ന് സ്‌പെഷൽ ബ്രാഞ്ചിന് ലഭിച്ചത്. സംഘാടക സമിതിയിൽ ഉൾപ്പെട്ടവരുടെ മുഴുവൻ പേരുവിവരങ്ങളും നൽകാനും ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രസംഗത്തിന് ശേഷം എംടി എവിടേയ്ക്കാണ് പോയത്, ഏത് സമയത്താണ് തിരിച്ചുപോയത്, ഏതെല്ലാം പരിപാടികളിലാണ് 12 ന് പങ്കെടുത്തതെന്നെല്ലാമാണ് ചോദ്യവലിയിലുണ്ടായത്. വേദിയിൽ കസേരയിൽ ഇരുന്ന് പ്രസംഗിക്കാൻ തയ്യാറായ എംടിയെ മൈക്കിനടുത്തേക്ക് ഒരു സ്ത്രീ ഉൾപ്പെടെയുള്ള ചിലർ നിർബന്ധിച്ച് അയച്ചുവെന്നതാണ് തിരുവനന്തപുരത്ത് നിന്ന് വന്ന രഹസ്യാന്വേഷണ വിഭാഗത്തിന് സംശയം ജനിപ്പിച്ചത്. തുടർന്ന് സ്പെഷൽ ബ്രാഞ്ച് എ സി അന്വേഷണം നടത്തുകയും ബാഹ്യഇടപെടലുകളുണ്ടായിട്ടില്ലെന്ന അന്തിമ അന്വേഷണറിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ചയാണ് റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയത്. പ്രാസംഗികൻ തന്നെ പഴയ ലേഖനം ഭേദഗതികളോടെ എഴുതി തയ്യാറാക്കി അവതരിപ്പിച്ചതാണെന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഞായറാഴ്ചയായിരുന്നു ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സമാപനം. അധികാര ധാർഷ്ട്യവും വ്യക്തിപൂജയുമാണ് പ്രസംഗത്തിൽ എം ടി യുടെ വിമർശനത്തിന് പാത്രമായത്. സംസ്ഥാന ഇന്റലിജൻസും സിറ്റി സ്പെഷൽ ബ്രാഞ്ചും അന്വേഷിച്ച കാര്യം സ്ഥിരീകരിച്ച് ഐബി യും റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിൽ ഒരു സാഹിത്യകാരന്റെ പ്രസംഗത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയ സംഭവം അപൂർവതയാണ്.

VIDEO