Latest News

ബേട്ടി ബച്ചാവോ!’മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ മനുഷ്യചങ്ങലയെന്നു അണികളുടെ അടക്കം പറച്ചിൽ

Fri Jan 2024 | 04:42:03 news

തിരുവനന്തപുരം: പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്ക് കിട്ടാത്ത പിന്തുണയും ആനുകൂല്യവും പിണറായി വിജയന്റെ മകൾ വീണയ്ക്ക് സിപിഎം നൽകുന്നതിൽ പാർട്ടി അണികളിൽ അതൃപ്തി ശക്തം. പാർട്ടി നിലപാടിനെ പരസ്യമായി പിന്തുണയ്ക്കുന്നവരുടെ എണ്ണവും കുറയുകയാണ്. ഈമാസം 28, 29, 30 തീയതികളിൽ പാർട്ടി പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് സിപിഎമ്മിൽ അതൃപ്തി ശക്തമാകുന്നതെന്നതാണ് ശ്രദ്ധേയം. ബിനീഷ് കോടിയേരിയുടെയും ബിനോയ് കോടിയേരിയുടെയും പേരിൽ ആരോപണങ്ങളുയർന്നപ്പോൾ, ആരോപണങ്ങൾ നേരിടുന്നവർ അന്വേഷണത്തെ നേരിടട്ടെ എന്ന മുൻ നിലപാട് വീണയ്ക്കുവേണ്ടി വഴിമാറിയെന്നാണ് ആക്ഷേപം. കേന്ദ്ര സർക്കാരിനെതിരെ സമര ചങ്ങല പ്രഖ്യാപിച്ച ഇടതു പക്ഷ തിരുത്തൽ ശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന ഡി വൈ എഫ് ഐ യുടെ സമരം പിണറായി വിജയന്റെ മകളെ കേന്ദ്ര അന്വേഷണത്തിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയാണെന്ന് അണികളിൽ തന്നെ സംസാരമുണ്ട്. ബിനീഷിനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വന്നപ്പോൾ വാർത്താസമ്മേളനത്തിൽ പ്രതികരിച്ച കോടിയേരി, ‘അന്വേഷണം നടക്കട്ടെ, തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ, പാർട്ടി ഇടപെടില്ല’ എന്നായിരുന്നു മാധ്യമങ്ങളോട് നിലപാട് തുറന്നു പറഞ്ഞത്. അന്ന് പിണറായി വിജയൻ പോലും കോടിയേരിക്ക് പിന്തുണ നൽകിയില്ല. ആ മനോവേദനയിലാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിഞ്ഞതെന്നും സിപിഎമ്മിലെ മുതിർന്ന നേതാക്കൾ രഹസ്യാഭിപ്രായം രേഖപ്പെടുത്തുന്നു. എക്സാലോജിക്കിനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ ദേശാഭിമാനിയിലെഴുതിയ ലേഖനത്തെ ‘ബേട്ടി ബച്ചാവോ’ എന്ന പരിഹാസത്തോടെയാണ് അണികൾ വരവേൽക്കുന്നത്. വീണയെന്ന വ്യക്തിക്കെതിരെയല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ എന്നതാണ് വീണാ വിജയനെതിരെയുള്ള അന്വേഷണ കാരണമെന്നാണ് എം.വി ഗോവിന്ദന്റെ നിലപാട്. ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം ലേഖനത്തിൽ കുറ്റപ്പെടുത്തി. അതേസമയം, പാർട്ടിയിൽ തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ട നേതാക്കൾ തന്നെ ക്രമക്കേടുകളെ ന്യായവത്ക്കരിക്കുകയാണെന്ന് സിപിഎമ്മിലെ ഉന്നത നേതാക്കളിൽ അഭിപ്രായമുണ്ട്. ഇത്തരം വിഷയങ്ങളിൽ പാർട്ടി പിന്തുടർന്നു വന്ന രീതിക്ക് മാറ്റം വന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെയാണെന്ന് അവർ ആരോപിക്കുന്നു. പാർട്ടിയിലും സർക്കാരിലും ഏകാധിപതിയായി പിണറായി മാറി. അദ്ദേഹത്തിനെതിരെ വിമർശനപരമായ ഒരു ചർച്ചയും പാർട്ടിയിൽ നടക്കുന്നില്ല. നിർണായക തീരുമാനമെടുക്കേണ്ട കേന്ദ്ര നേതൃത്വവും പിണറായിക്ക് മുന്നിൽ ദുർബലമായി. രാജ്യത്ത് ഭരണത്തിലുള്ള ഏക സംസ്ഥാനം നഷ്ടപ്പെട്ടുപോകരുതെന്ന ചിന്തയിൽ നിന്നുണ്ടാകുന്ന ദൗർബല്യമാണിതെന്നും സംസ്ഥാനത്തെ ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വീണാ വിജയന്റെ പേരിൽ ആരോപണം ഉയർന്നപ്പോൾ പഴയ നിലപാടിനു പകരം ശക്തമായ പ്രതിരോധമാണ് പാർട്ടിയിൽനിന്നുണ്ടായത്. പാർട്ടി സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവനയിലൂടെ ആദ്യ പിന്തുണ നൽകി. നേതാവിന്റെ മകൾക്കായി സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കുന്നത് അപൂർവമാണെന്നിരിക്കെ പാർട്ടി സെക്രട്ടറി തന്നെ പ്രതിരോധത്തിനായി മുന്നിൽ നിന്നു. വീണയുടെ കമ്പനിക്ക് സേവനത്തിന് നിയമപരമായി ലഭിച്ച പണമാണെന്നായിരുന്നു പ്രസ്താവന. രണ്ടു കമ്പനികൾ തമ്മിലുള്ള കരാറിൽ മറ്റുള്ളവർക്ക് എന്തുകാര്യം എന്നായിരുന്നു പ്രസ്താവനയിൽ എംവി ഗോവിന്ദന്റെ ചോദ്യം. അതേസമയം, കരിമണൽ കമ്പനിയായ സിഎംആർഎലും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായുള്ള പുതിയ അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ പഴയ നിലപാടിൽനിന്ന് മാറി ചിന്തിക്കുന്നവരുടെ എണ്ണം പാർട്ടിയിലേറുകയാണ്.

VIDEO