Latest News

മെഡിസെപ്പ്: സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രീമിയം തുക ഈടാക്കാനുള്ള നീക്കം അന്യായം; ചവറ ജയകുമാർ

Sat Jan 2024 | 05:00:17 news

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള പ്രീമിയം തുക കൂടി നൽകണമെന്നുള്ള സർക്കാർ ഉത്തരവ് ക്രമവിരുദ്ധമാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ. ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ മൂന്നുവർഷത്തെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ കരാറിൽ പറഞ്ഞിരിക്കുന്ന പ്രകാരം 2022 ജൂലൈ മുതലുള്ള പ്രീമിയം അടയ്ക്കാൻ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണ് എന്നാണ് സർക്കാരിൻറെ വാദം. 2022 നുശേഷം എപ്പോൾ സർവീസിൽ പ്രവേശിച്ചാലും മൂന്നുവർഷത്തെ പ്രീമിയവും നൽകേണ്ടിവരും. ജീവനക്കാർക്ക് യാതൊരുവിധ ആനുകൂല്യവും നൽകാത്ത കാലയളവിലും പ്രീമിയം ഈടാക്കുന്നത് കോർപ്പറേറ്റ് മേഖലയിലെ ഇൻഷ്വറൻസ് കമ്പനിയെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണെന്ന് ചവറജയകുമാർ വ്യക്തമാക്കി. ഇത്തരത്തിൽ വിഹിതമടച്ചാൽ സർവീസിൽ പ്രവേശിക്കുന്നതിന് മുൻപുള്ള കാലത്തെ ചികിത്സ നടത്തിയതിനുള്ള ആനുകൂല്യം ലഭിക്കില്ല.അപ്പോൾ ഇൻഷുറൻസ് വിഹിതം നൽകാൻ ആ പദ്ധതിയിൽ അംഗമാകുന്ന വ്യക്തിക്ക് യാതൊരുവിധ ബാധ്യതയുമില്ല. എന്നാൽ തൊഴിൽ ദാതാവായ സർക്കാർ തന്നെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കി ഇൻഷുറൻസ് കമ്പനിക്ക് കൈമാറുകയാണ്. ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന മെഡിസെപ്പ് പദ്ധതിയിൽ ആവശ്യത്തിനു ആശുപത്രികളോ ചികിത്സയോ ലഭിക്കാത്ത സാഹചര്യമാണ്. ചികിത്സ ആനുകൂല്യത്തിനായി ആശുപത്രികളിൽ എത്തുന്ന ജീവനക്കാരെ സ്വാഗതം ചെയ്യുന്നത് ഇവിടെ മെഡിസെപ്പ് ആനുകൂല്യം ലഭ്യമല്ല എന്ന ബോർഡുകളാണ്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഉണ്ടാക്കി എന്ന് പറയുന്ന കരാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിലെ വ്യവസ്ഥകൾ ഇന്നും ജീവനക്കാർക്ക് നിഗൂഢതയായി തുടരുന്നു. ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണ് ജീവനക്കാർക്ക് ആശ്രയം. കരാർ പുറത്ത് വിടാത്തത് ദുരൂഹമാണ്. നാൽപ്പതുലക്ഷത്തോളം പേർക്ക് ആനുകൂല്യം നൽകുമെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് ഉദ്ഘാടനം മാമാങ്കം നടത്തിയ സർക്കാർ ഏതൊക്കെ ആശുപത്രികളിൽ ഏതൊക്കെ രോഗങ്ങൾക്കാണ് ചികിത്സ നൽകിയത് എന്ന് വ്യക്തമാക്കണം. സർക്കാർ ജീവനക്കാരുടെ പണം കൊണ്ടു നടത്തുന്ന പദ്ധതിയിൽ ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടില്ല . പരാതി പരിഹാര സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല. അടിയന്തരഘട്ടങ്ങളിൽ ചികിത്സ നേടിയാൽ ആനുകൂല്യങ്ങൾക്കായി ഏത് ഏജൻസിയെ സമീപിക്കണമെന്ന് കാര്യത്തിലും വ്യക്തതയില്ല. ജീവനക്കാരിൽ നിന്നും നിർബന്ധമായി കോടികൾ പിരിക്കുന്നുവെങ്കിലും ഇൻഷുറൻസ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കാത്ത സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണ്. മെഡിസെപ്പിന്റെ കാർഡുമായി ചികിത്സ തേടിയെത്തുന്ന ജീവനക്കാരെ ആശുപത്രികൾ അവഹേളിച്ച് ഇറക്കിവിടുകയാണ്. സർക്കാർ ജീവനക്കാരെ രണ്ടാംതരം പൗരന്മാരായി കാണുന്ന ഈ നടപടികൾ ശക്തമായ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. മെഡിക്കൽ അറ്റൻഡൻസ് റൂൾ പ്രകാരം സർക്കാർ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം സർക്കാരിൻറെ ചുമതലയാണ്. എന്നാൽ അതിനായി ബജറ്റിൽ ഒരു രൂപ പോലും വകയിരുത്താത്ത സർക്കാർ, ശമ്പളത്തിൽ നിന്നുള്ള വിഹിതം മാത്രം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയിൽ ആവശ്യത്തിന് ആശുപത്രികളെ ഉൾപ്പെടുത്താനോ ഉൾപ്പെടുത്തിയ ആശുപത്രികളുടെ തന്നെ എല്ലാ ചികിത്സയും ലഭ്യമാക്കാനോ തയ്യാറാകുന്നില്ല. കോർപ്പസ് ഫണ്ട് ഇനത്തിൽ 336 രൂപ വീതം ഈടാക്കുന്നുണ്ട്. ഈ തുകയിൽ നിന്നും യാതൊരുവിധ ആനുകൂല്യവും ജീവനക്കാർക്ക് നൽകുന്നില്ല. ഇതിന് പുറമേ പുതുതായി സർവീസിൽ കയറുന്നവരിൽ നിന്ന് മൂന്നുവർഷത്തെ പ്രീമിയം ഈടാക്കാനുള്ള നീക്കം നടത്തുന്നത് അഴിമതിക്ക് കളമൊരുക്കാനാണ് .ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി നിലനിൽക്കാത്ത ഇത്തരം തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ചവറ ജയകുമാർ ആവശ്യപ്പെട്ടു..

VIDEO