Latest News

ആ കമ്മീഷൻ ആരുടെ പോക്കറ്റിൽ? ഇലക്ട്രിക് ബസിന്റെ പേരിൽ യുദ്ധം തുടരുന്നു; ഗണേഷ്കുമാറിനെ തള്ളി സിപിഎം

Sat Jan 2024 | 05:06:57 news

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ വാങ്ങിയതിലെ തിടുക്കവും ദുരൂഹതയും ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ കൊളുത്തിവിട്ട വിവാദം മൂർധന്യത്തിലേക്ക്. മുന്‍ മന്ത്രി ആന്റണി രാജു ലാഭകരമെന്ന് വിശേഷിപ്പിച്ച സിറ്റി സര്‍ക്കുലര്‍ പദ്ധതി നഷ്ടമാണെന്നാണ് പുതുതായി ഗതാഗത വകുപ്പിന്റെ ചുമതലയേറ്റ കെ.ബി. ഗണേഷ്‌കുമാറിന്റെ വിലയിരുത്തൽ. ഇലക്ട്രിക് ബസ് ലാഭത്തിലല്ലെന്നും അത് വാങ്ങിയവർക്കും ഉണ്ടാക്കിയവർക്കും ബസ് എത്രനാൾ പോകും എന്ന കാര്യത്തിൽ ഉറപ്പില്ലെന്നുമുള്ള ഗണേഷ്കുമാറിന്റെ വാക്കുകൾ, ബസ് വാങ്ങിയതിലെ കമ്മീഷനടിയെക്കുറിച്ചുള്ള തുറന്നുപറച്ചിലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആർക്കൊക്കെ കമ്മീഷൻ കിട്ടിയെന്നതിന്റെ റിപ്പോർട്ടുകൾ ഗതാഗത മന്ത്രി പരിശോധിക്കാൻ പോകുന്നുവെന്ന സൂചനകൾ പുറത്തുവന്നതോടെ ഗണേഷ്കുമാറിനെതിരെ സിപിഎം പരസ്യമായി രംഗത്തിറങ്ങി. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും മന്ത്രി മാത്രമല്ല, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നുമായിരുന്നു വിഷയത്തില്‍ മന്ത്രിയെ തള്ളിക്കൊണ്ട് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെഎസ്ആര്‍ടിസിക്ക് ബാധ്യതയില്ലെന്നുമുള്ള വാദമുയർത്തി വി.കെ പ്രശാന്ത് എംഎൽഎയും രംഗത്തുവന്നു. അതേസമയം, ഇലക്ട്രിക് ബസുകളുമായി ബന്ധപ്പെട്ടുള്ള തുടർനടപടികളുമായി മുന്നോട്ടുപോവുകാനാണ് ഗണേഷ്കുമാറിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി, ഇലക്ട്രിക് ബസ് സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍നിന്നും വിശദമായ റിപ്പോര്‍ട്ട് ഗതാഗത മന്ത്രി തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം. പുതിയ ഇ-ബസുകള്‍ വാങ്ങില്ലെന്നാണ് മന്ത്രിയുടെ നിലപാട്. 110 ഇ-ബസുകളാണ് ഇപ്പോള്‍ ഓടുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം ഇ-സേവയില്‍ 950 ഇ-ബസുകള്‍കൂടി കിട്ടാനുണ്ട്. ലാഭകരമല്ലെന്ന നിലപാടാണെങ്കില്‍ അതും ഉപേക്ഷിക്കേണ്ടിവരും. വൈദ്യുതി, വാടക ഉള്‍പ്പെടെ 26 രൂപയാണ് ഇ ബസിന്റെ കിലോമീറ്റര്‍ ചെലവെന്നാണ് മൂന്നുമാസം മുമ്പ് ഗതാഗത വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. വരവ് 46 രൂപയെന്നും അവകാശപ്പെടുന്നു. എന്നാല്‍, ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ചെറിയ ഡീസല്‍ ബസുകള്‍ വാങ്ങാമെന്നാണ് ഗണേഷിന്റെ വാദം. ഡീസൽ വണ്ടി വാങ്ങുമ്പോൾ 24 ലക്ഷം രൂപ കൊടുത്താൽ മതി. ഇ ബസിന് ഒരു കോടി രൂപ കൊടുക്കണം. ഈ ഒരു വണ്ടിയുടെ വിലക്ക് 4 ഡീസൽ വണ്ടികൾ വാങ്ങിക്കാം. അപ്പോൾ നാട്ടിൽ ഇഷ്ടം പോലെ വണ്ടികാണും. അതാകുമ്പോള്‍ മലയോര പ്രദേശത്തേക്ക് ഓടിക്കാം. കെ.എസ്.ആർ.ടി.സിയുടെ ചെലവ് പരമാവധി കുറച്ച്, വരവ് വർധിപ്പിച്ചാൽ മാത്രമേ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ ഉണ്ടാകൂ-ഇതാണ് മന്ത്രിയുടെ നിലപാട്. അതേസമയം, ബസിന്റെ വരുമാനക്കുറവിനെക്കുറിച്ചല്ല കെഎസ്ആർടിസിയിലേക്ക് ബസ് വാങ്ങുന്ന വകയിൽ ആരുടെയൊക്കെ കീശയിലേക്ക് പണം പോകുന്നുവെന്ന തെളിവെടുപ്പാണ് മന്ത്രി ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സൂചന. എന്നാൽ, വരുമാനത്തിന്റെ പകുതിയും ചെലവാകുന്നത് ഡീസലിനാണെന്നും ഡീസല്‍ ബസുകളുടെ എണ്ണം കൂട്ടിയാല്‍ ചെലവ് കൂടുമെന്നും വാദിച്ചാണ് മറുവിഭാഗം മന്ത്രിയുടെ നിലപാടിനെ തള്ളുന്നത്. ഗണേഷ് കുമാറിന്‍റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നില്ലെന്നും നഗരവാസികൾ ഇലക്ട്രിക് സിറ്റി ബസ് ഏറ്റെടുത്തതാണെന്നും വികെ പ്രശാന്ത് പറയുന്നു. ഇലക്ട്രിക് ബസ് സർവീസുകൾ ലാഭകരമാക്കുകയും കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആര്‍ടിസി ചെയ്യേണ്ടതെന്നാണ് പ്രശാന്തിന്റെ ആവശ്യം. 814 കോടി രൂപയാണ് ബസ് വാങ്ങുന്നതിന് കിഫ്ബി വായ്പ അനുവദിച്ചത്. ഈ പണം ഉപയോഗിച്ച് 500 ഇലക്ട്രിക് ബസുകൾ വാങ്ങുമെന്നാണ് സർക്കാർ നാലുവർഷമായി പറഞ്ഞിരുന്നത്. തലസ്ഥാന നഗരത്തിൽ ഓടുന്ന 113 ഇലക്ട്രിക് ബസുകൾ സ്മാർട്സിറ്റി പദ്ധതി വഴി ലഭിച്ചതാണ്. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് 100 കോടിയാണ് സ്മാർട്സിറ്റി പദ്ധതി നൽകിയത്. പൂർണമായും ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്ന നഗരമാകും തിരുവനന്തപുരം എന്നായിരുന്നു മന്ത്രിയായിരുന്നപ്പോൾ ആന്റണി രാജുവിന്റെ പ്രഖ്യാപനം.

VIDEO