Latest News

സെറ്റോ-യു.ടി.ഇ.എഫ്, സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകരും ജീവനക്കാരും 24ന് പണിമുടക്കുന്നു

Tue Jan 2024 | 04:34:38 news

തിരുവനന്തപുരം: സെറ്റോ, യു.ടി.ഇ.എഫ്, സംയുക്തസമരസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ അധ്യാപകരും ജീവനക്കാരും 24ന് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. ശമ്പളപരിഷ്കരണം, ക്ഷാമബത്തയിലെ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവീസ് സംഘടനകൾ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആറു ഗഡു ക്ഷാമബത്ത കുടിശ്ശികയാണ് നൽകാനുള്ളത്. നാലുവര്‍ഷമായി ലീവ് സറണ്ടര്‍ നല്‍കിയിട്ട്. 2019ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക നാളിതുവരെ അനുവദിച്ചിട്ടില്ല. കഴിഞ്ഞ ശമ്പള പരിഷ്ക്കരണ കുടിശ്ശിക ലഭിക്കാതെ ഒരുലക്ഷത്തോളം വരുന്ന പെന്‍ഷന്‍കാര്‍ മരണമടഞ്ഞു കഴിഞ്ഞു. ഭവന വായ്പാ പദ്ധതി നിര്‍ത്തലാക്കി. സി.സി.എ ഇല്ലാതാക്കി. രാഷ്ട്രീയപ്രേരിതമായ സ്ഥലംമാറ്റം നിര്‍ബാധം തുടരുന്നു. അതിരൂക്ഷമായ വിലക്കയറ്റം സംസ്ഥാനത്ത് തുടരുന്നു. വിലക്കയറ്റത്തെ സമീകരിക്കാന്‍ ക്ഷാമബത്ത നല്‍കുന്നില്ല. നിരന്തരമായ സമരപ്രക്ഷോഭ പരിപാടികളിലൂടെ അനുകൂല്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സാമ്പത്തിക സ്ഥിതി മെച്ചമാകട്ടെ, കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ല തുടങ്ങിയ വിതണ്ഡവാദങ്ങള്‍ ഉന്നയിച്ച് ഡഫര്‍ ചെയ്ത് അതെല്ലാം ഇല്ലാതാക്കുകയാണ്. ഇത് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. ഇന്നത്തെ ശമ്പള നിരക്ക് അഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന ശമ്പള നിരക്കില്‍ നിന്നും ഒരു രൂപ പോലും ഇത്രയും വിലക്കയറ്റം ഉണ്ടായിട്ടും വര്‍ദ്ധിച്ചിട്ടില്ല. പൊതുസമൂഹത്തില്‍ എല്ലാ മേഖലയിലും ആറുമാസവും ഒരു വര്‍ഷവും കൂടുമ്പോള്‍ നിരന്തരം കൂലി വര്‍ദ്ധിക്കുകയാണ്. നിത്യനിദാന ചിലവുകള്‍ നടത്തിക്കൊണ്ടു പോകുവാന്‍ ജീവനക്കാരും അധ്യാപകരും നന്നേ ക്ലേശിക്കുകയാണ്. കേവലം പുതുതായി ഏതെങ്കിലും ഒരു ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ വേണ്ടിയുള്ളതല്ല ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക് നീങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ മൂന്നുമാസം ജോലി ചെയ്താല്‍ ഒരു മാസം ശമ്പളം പോകുമെന്ന അവസ്ഥയാണ്, ഈ ആനുകൂല്യനിഷേധങ്ങളിലൂടെ പ്രതിഫലിക്കുന്നത്. 30% ത്തിലധികം തുക ശമ്പളവും ഇതര ആനുകൂല്യങ്ങളുമായി ജീവനക്കാരില്‍ നിന്നും ഓരോ മാസവും സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. ഒരു കാരണവശാലും ഇത് അനുവദിക്കാന്‍ കഴിയുന്നതല്ല. പി.എസ്.സിയെ നോക്കുകുത്തി യാക്കിക്കൊണ്ട് കേരളത്തിലെ സമസ്ത മേഖലകളിലും പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗം താറുമാറായി. യൂണിവേഴ്സിറ്റികളുടെ സ്വയംഭരണ അവകാശത്തിന്‍റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ട് അന്ധമായ രാഷ്ട്രീയപ്രേരിത ഭരണസംവിധാനമാണ് യൂണിവേഴ്സിറ്റി ഭരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകള്‍ പിന്‍വലിക്കുകയാണ്. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും എന്ന് പറഞ്ഞ് രണ്ട് തവണ പ്രകടനപത്രികയിലൂടെ വാഗ്ദാനം നല്‍കി, അധികാരത്തില്‍ എത്തിയവര്‍ അത് പിന്‍വലിക്കാന്‍ തയ്യാറാകുന്നില്ല. ഇരട്ടത്താപ്പാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. അവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കിയ ഡി.സി.ആര്‍.ജി പോലുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. മെഡിസെപ്പിന്‍റെ പേരില്‍ 6000 രൂപ ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്തിട്ടും ചികിത്സയില്ല. കോര്‍പ്പസ് ഫണ്ട് എന്ന പേരില്‍ തുക വക മാറ്റുന്നു. വന്‍തോതില്‍ ജിഎസ്ടി വരുമാനം ഇതിന്‍റെ പേരില്‍ സര്‍ക്കാരിന് ലഭിക്കുന്നു. മൂന്നുവര്‍ഷത്തേക്ക് കമ്പനിയുമായി ഏര്‍പ്പെടുത്തിയ കരാര്‍ അതിന്‍റെ ഒരു വിവരവും സര്‍ക്കാര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഇന്‍ഷുറന്‍സ് കമ്പനിക്കും എംപാനല്‍ ചെയ്ത ഹോസ്പിറ്റലുകള്‍ക്കും പരിരക്ഷ നല്‍കുന്ന ഇടനിലക്കാരായി സര്‍ക്കാര്‍ മാറുകയാണ്. ആശുപത്രികള്‍ ചികിത്സയ്ക്ക് തയ്യാറാകുന്നില്ല എന്നു മാത്രമല്ല ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇത്തരത്തില്‍ നിരവധിയായ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് നാളെ (ജനുവരി 24) സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്.നിരവധി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നു. സെറ്റോ, യു.ടി.ഇ.എഫ് തുടങ്ങി സംഘടനകളുടെ ഐക്യവേദിയും സംയുക്തസമരസമിതിയുമാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.

VIDEO