Latest News

കൈരളിയുടേത് കള്ളപ്രചരണമെന്ന് കണക്കുകള്‍; എംപി ഫണ്ട് വിനിയോഗത്തില്‍ രാഹുല്‍ഗാന്ധി മോദിയെക്കാള്‍ മുന്നില്‍

Wed Jan 2024 | 04:31:28 news

കല്‍പ്പറ്റ: എം പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിക്കെതിരെ കള്ളപ്രചരണവുമായി സി പി എം ചാനല്‍ കൈരളി. അനുവദിച്ച 17 കോടി രൂപയില്‍ അഞ്ച് കോടി മാത്രമാണ് രാഹുല്‍ഗാന്ധി ചിലവഴിച്ചതെന്നാണ് കൈരളിയുടെ കണ്ടെത്തല്‍. വയനാട് പാര്‍ലമെന്റ് മണ്ഡലം വയനാടിനെ കൂടാതെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൂടി വ്യാപിച്ചുകിടക്കുന്നതാണ്. വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങള്‍ക്കൊപ്പം മലപ്പുറത്തെ മൂന്നും കോഴിക്കോട്ടെ ഒരു നിയോജകമണ്ഡലവും വയനാട് ലോക്‌സഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. ഇതില്‍ വയനാട് ജില്ലയില്‍ ചിലവഴിച്ച ഫണ്ടിന്റെ കണക്കുകള്‍ മാത്രം എടുത്ത ഒരു വിവരാവകാശരേഖയുടെ അടിസ്ഥാനത്തിലാണ് കൂടുതലൊന്നും അന്വേഷിക്കാതെ കൈരളി കള്ളപ്രചരണം നടത്തിയിരിക്കുന്നത്. എം പി ഫണ്ടായി ഇതുവരെ രാഹുല്‍ഗാന്ധിക്ക് പലിശസഹിതം ലഭിച്ചിരിക്കുന്നത് 17.21 കോടി രൂപയാണ്. 21.04 കോടി രൂപയുടെ പ്രൊപ്പോസലുകളാണ് ഇതുവരെ മണ്ഡലത്തിനായി എം പി നല്‍കിയിട്ടുള്ളത്. ഇതില്‍ 17.21 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. രാഹുല്‍ഗാന്ധിയുടെ എം പി ഫണ്ട് വിനിയോഗം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 123.43 ശതമാനമാണ്. ഈ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ എം പി ഫണ്ട് വിനിയോഗത്തില്‍ നരേന്ദ്രമോദിയെക്കാള്‍ മുന്നിലാണ് രാഹുല്‍ഗാന്ധിയെന്ന മനസിലാക്കാം. 121.78 ശതമാനമാണ് മോദിയുടെ എം പി ഫണ്ട് വിനിയോഗം. രാഹുല്‍ഗാന്ധിയെക്കാള്‍ എത്രയോ താഴെയാണ് അമിത്ഷാ(62.67) യുടേയും, സ്മൃതി ഇറാനി(77.62)യുടെയും എം പി ഫണ്ട് വിനിയോഗം. സി പി എം വിജയിച്ച ഏക ലോക്‌സഭാ മണ്ഡലമായ ആലപ്പുഴയില്‍ ആരിഫിന്റെ എം പി ഫണ്ട് വിനിയോഗം കേവലം 91 ശതമാനം മാത്രമാണ്. ആര്‍ക്കും എവിടെ നിന്നും എടുത്തുനോക്കാവുന്നതാണ് എം പി ഫണ്ട് വിനിയോഗമെന്നിരിക്കെയാണ് കേവലം മൂന്ന് നിയോജകമണ്ഡലങ്ങളുള്ള വയനാട്ടിലെ മാത്രം കണക്കെടുത്ത് ലോക്‌സഭാമണ്ഡലത്തിന്റെ മൊത്തം കണക്കായി കൈരളി അവതരിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 23 മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലഘട്ടങ്ങളില്‍ അയോഗ്യനായിരുന്നിട്ടു പോലും തന്റെ ഓഫീസ് ഒരു ദിവസം പോലും രാഹുല്‍ഗാന്ധി അടച്ചിട്ടിരുന്നില്ല. എം പി ഫണ്ടിന് പുറമെ, വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി ആര്‍ ഐ എഫ് റോഡുകള്‍, പി എം ജി എസ് വൈ റോഡുകള്‍, എന്‍ എച്ച് 766 വികസനം, നിരവധി സ്മാര്‍ട്ട് അംഗന്‍വാടികള്‍ ഉള്‍പ്പെടെ 700 കോടിയില്‍ പരം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ രാഹുല്‍ഗാന്ധി നടത്തിയിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെയാണ് വിവരാവകാശരേഖയില്‍ എവിടുത്തെ കാര്യമാണ് പറയുന്നതെന്ന് പോലും മനസിലാക്കാതെ കൈരളി കള്ളപ്രചരണം നടത്തിയിരിക്കുന്നത്. മോദിയെ സുഖിപ്പിച്ച് കേസുകളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കല്‍പ്പറ്റ: മോദിയെ സുഖിപ്പിച്ച് കേസുകളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എം പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിക്കെതിരെ സി പി എം പാര്‍ട്ടി ചാനലിലൂടെ നടത്തുന്ന വ്യാജപ്രചരണമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധി രാജ്യത്തെ മികച്ച എം പിമാരിലൊരാളാണ്. എം പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ആര്‍ക്കും പരിശോധിക്കാവുന്ന കണക്കുകളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമിത്ഷായും, സ്മൃതിഇറാനിയുമെല്ലാം എം പി ഫണ്ട് വിനിയോഗത്തില്‍ രാഹുല്‍ഗാന്ധിക്ക് പിന്നിലാണ്. സംസ്ഥാനത്തെ ഏക സി പി എമ്മിന്റെ ഏക എം പി ആരിഫിന്റെ എം പി ഫണ്ട് വിനിയോഗം രാഹുല്‍ഗാന്ധിയെക്കാള്‍ എത്രയോ പിറകിലാണ്. വസ്തുതകള്‍ ഇതായിരിക്കെയാണ് സി പി എം പാര്‍ട്ടിചാനല്‍ ഉപയോഗിച്ച് എം പിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത്. നാല് മാസവും 14 ദിവസവും അയോഗ്യത നേരിട്ടിട്ട് കൂടിയാണ് തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ രാഹുല്‍ഗാന്ധിക്ക് സാധിച്ചത്. വയനാട് പാര്‍ലമെന്റ് മണ്ഡലം വയനാടിനെ കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ്. ഇതില്‍ വയനാട് ജില്ലയിലെ മാത്രം കണക്കെടുത്താണ് കൈരളി എം പി ഫണ്ട് വിനിയോഗത്തില്‍ രാഹുല്‍ഗാന്ധി പുറകിലാണെന്ന് പറയുന്നത്. വയനാട് മണ്ഡലത്തെ കുറിച്ച് സി പി എമ്മിന് അറിയാഞ്ഞിട്ടല്ല, മറിച്ച് മോദിയെയും ബി ജെ പിയെയും സുഖിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. നേരത്തെ എസ് എഫ് ഐക്കാര്‍ എം പി ഓഫീസ് ആക്രമിച്ചു. ഇതിന് പുറമെ നിരന്തരമായി സി പി എം രാഹുല്‍ഗാന്ധിക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ഗാന്ധിക്കെതിരെ ബി ജെ പി ചെയ്യുന്നത് കേരളത്തില്‍ അവര്‍ക്ക് വേണ്ടി സി പി എം ചെയ്യുകയാണെന്നും എം എല്‍ എ കുറ്റപ്പെടുത്തി.

VIDEO