Latest News

കൈക്കൂലി വാങ്ങുന്നതിനിടയിൽ എംവിഐ പിടിയിൽ:പണം സൂക്ഷിച്ചത് അടുക്കളയിലെ ചാക്കിൽ

Mon Jan 2024 | 04:57:44 news

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. ഫറോക്ക് സബ് റീജ്യണൽ ട്രാൻസ്പോർട്ട്ഓഫീസിലെ എംവിഐ തൊടുപുഴ സ്വദേശി അബ്ദുൽ ജലീൽ വി എ ആണ് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനിൽ കുമാറിന്റെയും സംഘത്തിന്റേയും പിടിയിലായത്. പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. കൈക്കൂലി പണം അടുക്കളയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഷൗക്കത്തിന്റ പുകപരിശോധന കേന്ദ്രവുമായ് ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഷൗക്കത്തിന്റ ഉടമസ്ഥതയിലുള്ള ഫറോക്ക് ചുങ്കത്തെ പുക പരിശോധന കേന്ദ്രത്തിൽ പരിശോധന നടത്തിയ ഇൻസ്‌പെക്ടർ സ്ഥാപനത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പുക പരിശോധനയുടെ സൈറ്റ് ബ്ലോക്ക് ചെയ്യുകയും പുക പരിശോധനാ കേന്ദ്രം പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കുകയുമായിരുന്നു. തുടർന്ന് വെഹിക്കിൾ ഇൻസ്‌പെക്ടറിൽ നിന്നും അനുകൂല റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സ്ഥാപനത്തിലെ പ്രവർത്തനം തുടരുവാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലായ ഉടമ ജോയിന്റ് ആർടിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കണ്ട് അപേക്ഷ നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. മേട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ ജലീൽ ഉടമയുടെ സ്ഥാപനത്തിൽ എത്തിയപ്പോൾ പതിനായിരം രൂപ വീട്ടിൽ നേരിട്ട് വന്ന് തന്നാൽ ഇത് പുനസ്ഥാപിക്കാമെന്ന് അറിയിച്ചു. ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ പണവുമായി ഇന്നലെ രാവിലെ ഷൗക്കത്ത് എംവിഐയുടെ അഴിഞ്ഞിലത്തെ വാടക വീട്ടിലെത്തി കൈമാറി. പിന്നാലെ വീട്ടിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ പണം അടുക്കളയിൽ ചാക്കിൽ സൂക്ഷിച്ച നിലയിൽ പിടിച്ചെത്തു. വീട്ടിൽ വിശദമായ പരിശോധന നടത്തിയ വിജിലൻസ് നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും നിരവധി തവണ നേരിട്ടും ഏജന്റുമാർ മുഖേനയും ഇയാൾ കൈകകൂലി വാങ്ങിയ വിവരം ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് അറിയിച്ചു അബ്ദുൽ ജലീലിന്റെ തൊടുപുഴയിലെ വീട്ടിലും പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പന്ത്രണ്ട് വർഷത്തോളം സർവീസുളള അബ്ദുൾ ജലീൽ രണ്ട് വർഷമായി ഫറോക്ക് സബ് ആർടി ഓഫീസിലാണ് ജോലി ചെയ്യുന്നത്. വിജിലൻസ് ഇൻസ്‌പെക്ടർമാരായ സന്ദീപ്കുമാർ, രജേഷ് കുമാർ, സബ് ഇൻസ്‌പെക്ടർമാരായ ഹരീഷ്‌കുമാർ സുനിൽ കുമാർ, രാധാകൃഷ്ണൻ, സുജിത്ത് പെരുവടത്ത് അസി.സബ് ഇൻസ്‌പെക്ടറായ അനിൽകുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൾസലാം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

VIDEO