Latest News

ഗവർണറുടെ സുരക്ഷ; അകത്ത് സിആർപിഎഫ്, പുറത്ത് കേരളാ പൊലീസ്

Wed Jan 2024 | 04:53:01 news

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സംബന്ധിച്ച് കേരളാ പൊലീസും സി.ആര്‍.പി.എഫും തമ്മില്‍ ധാരണയായി. ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ്. സുരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നേരത്തേ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവനില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് സുരക്ഷ എങ്ങനെ വേണമെന്ന കാര്യത്തില്‍ അന്തിമ ധാരണയായത്. ധാരണ പ്രകാരം ഗവര്‍ണറുടെ വാഹനത്തിനുള്ളില്‍ സി.ആര്‍.പി.എഫ് സുരക്ഷയൊരുക്കും. കൂടാതെ ഗവര്‍ണറുടെ വാഹനവ്യൂഹത്തിനൊപ്പം രണ്ട് സി.ആര്‍.പി.എഫ്. വാഹനങ്ങള്‍ കൂടി ഉണ്ടാകും. കേരളാ പോലീസിന്റെ പൈലറ്റ് വാഹനങ്ങള്‍ക്ക് പുറമെയാണ് ഇത്. രാജ്ഭവന്റെ സുരക്ഷ സംബന്ധിച്ചും യോഗത്തില്‍ ധാരണയായി. ഗേറ്റിനകത്ത് രാജ്ഭവന്റെ മുഴുവന്‍ സുരക്ഷയും സി.ആര്‍.പി.എഫിനാണ്. ഗേറ്റിന് പുറത്തെ സുരക്ഷാചുമതല കേരളാ പോലീസിനാണ്. സന്ദര്‍ശകരുടെ പരിശോധനയടക്കം ഇതില്‍ ഉള്‍പ്പെടും. യോഗത്തിലെ തീരുമാനങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിയെ അറിയിക്കും. അദ്ദേഹം വിവരങ്ങള്‍ സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ ഗവര്‍ണറുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഉത്തരവായി പുറത്തിറക്കും. യോഗത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍, സി.ആര്‍.പി.എഫ്. പ്രതിനിധികള്‍, ഇന്റലിജന്‍സ് ബ്യൂറോ പ്രതിനിധികള്‍, രാജ്ഭവന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം കൊല്ലം നിലമേല്‍ ഉണ്ടായ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രം സി.ആര്‍.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

VIDEO