Latest News

കടം കയറി മുടിഞ്ഞ് കേരളം;കാരണം ധൂർത്തെന്ന് പ്രതിപക്ഷം,എല്ലാം കേന്ദ്രത്തിന്റെ ചുമലിൽ ചാരി മന്ത്രി

Wed Jan 2024 | 04:54:37 news

തിരുവനന്തപുരം: കേരളത്തെ അതിരൂക്ഷമായ ധന പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് സമസ്ത മേഖലയെയും സ്തംഭിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയ ചർച്ചയിൽ സംസ്ഥാന ഭരണത്തിന്റെ കെടുകാര്യസ്ഥതകൾ പ്രതിപക്ഷം അക്കമിട്ടു നിരത്തിയ ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്. വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ഭാവിയില്‍ എന്ത് ചെയ്യാമെന്ന പ്ലാനില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. നികുതി പിരിവിന്റെ കാര്യത്തില്‍ ഒരു ചെറുവിരല്‍ അനക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ധൂര്‍ത്ത് അവസാനിപ്പിക്കുന്നില്ലെന്നുമുള്ള വിമര്‍ശനമുന്നയിച്ചാണ് പ്രതിപക്ഷം വാക്കൗട്ട് ചെയ്തത്. ഇതോടെ പ്രമേയം തള്ളുന്നതായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു. നികുതി പിരിവിലെ വീഴ്ചയും ധൂര്‍ത്തും അഴിമതിയുമാണ് ഇത്രമേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും ഇക്കാര്യം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗം റോജി എം ജോണാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ധനപ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാരിന്റെ എല്ലാ പ്രവർത്തനവും താളം തെറ്റിയിരിക്കുകയാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. നികുതി ഭരണത്തിലെ കെടുകാര്യസ്ഥതയും ഐജിഎസ്ടി പിരിവ് കാര്യക്ഷമം അല്ലാത്തതും സ്വർണം, ബാർ എന്നിവയിൽനിന്ന് നികുതിപിരിക്കാന്‍ സർക്കാർ പരാജയപ്പെട്ടതും അഴിമതിയും ധൂർത്തുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളെന്ന് നോട്ടിസിന്റെ വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണനിലയിൽ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയ്ക്ക് തയാറാകാത്ത സർക്കാർ ഇന്നലെ ചർച്ചയ്ക്ക് സമ്മതിച്ചു. കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാനത്തിന്റെ വീഴ്ചകൾ മറച്ചുവെയ്ക്കാമെന്ന് കരുതിയ മുഖ്യമന്ത്രിക്ക് ചർച്ച തിരിച്ചടിയായി. മകളുടെ മാസപ്പടി കേസ് വാദിക്കാൻ അയോധ്യ ക്ഷേത്രക്കേസ് വാദിച്ച വക്കീലിനെ ലക്ഷങ്ങൾ മുടക്കി കൊണ്ടുവരുന്നതുൾപ്പെടെയുള്ള വിവരങ്ങൾ പ്രതിപക്ഷം സഭാ തലത്തിൽ ഉയർത്തി. നികുതിയിനത്തിൽ ഖജനാവിലെത്തേണ്ട പണം വെട്ടിക്കുന്നവരുടെ കയ്യിൽ നിന്ന് കേരളീയത്തിന് സ്പോൺസർഷിപ്പ് വാങ്ങുകയും അത് വാങ്ങിയെടുത്ത ജിഎസ്ടി ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അനുമോദിക്കുകയും ചെയ്യുന്നതിന്റെ സാംഗത്യം പ്രതിപക്ഷം ചോദ്യം ചെയ്തു. ചര്‍ച്ചയിലൂടനീളം സ്വയം ന്യായീകരണങ്ങള്‍ നിരത്താനാണ് ധനമന്ത്രികെഎൻ ബാലഗോപാൽ ശ്രമം നടത്തിയത്. നികുതി പിരിവില്‍ പ്രതീക്ഷിച്ച വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് ധനകാര്യ മന്ത്രിവരെ സമ്മതിച്ചുവെന്ന് റോജി എം ജോൺ കുറ്റപ്പെടുത്തി. ഓരോ മാസത്തെ കണക്ക് പരിശോധിക്കുമ്പോഴും ദേശീയ ശരാശരിയുടെ താഴെയാണ് കേരളത്തിലെ ജി.എസ്.ടി പിരിവിലുള്ള വളര്‍ച്ചാനിരക്ക്. ഡിസംബര്‍ മാസത്തില്‍ ദേശീയ ശരാശരി 13 ശതമാനമാണ്. കേരളത്തില്‍ 12 ശതമാനവും. ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ പിരിവ് സംബന്ധിച്ച് പഠിക്കാന്‍ വരുന്നെന്ന് ധനകാര്യ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഈ സംസ്ഥാനങ്ങളിലെല്ലാംതന്നെ നികുതിപിരിവ് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നും കേരളമാണ് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ ആയെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ധനപ്രതിസന്ധിക്ക് മുഴുവന്‍ കാരണം കേന്ദ്ര അവഗണന മാത്രമല്ല, സര്‍ക്കാരിന്റെ ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ്. കേന്ദ്രത്തില്‍ കിട്ടാനുള്ള പണത്തിന്റെ കാര്യത്തില്‍ പോലും സര്‍ക്കാരിന് വ്യക്തതയില്ല. കഴിഞ്ഞ ഏഴാം മാസത്തില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നത് 31000 കോടി കിട്ടാനുണ്ടെന്നാണ്. ഇപ്പോള്‍ ധനമന്ത്രി പറയുന്നത് 57000 കോടി കിട്ടാനുണ്ടെന്നാണ്. എന്നാല്‍ 5632 കോടിയാണ് കിട്ടാനുള്ളതെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക് പറയുന്നു. മറ്റ് ചില എം.എല്‍.എമാര്‍ പ്രസംഗിച്ചുനടക്കുന്നത് 61000 കോടിയാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ളതെന്നാണ്. നികുതി പിരിവ് നടക്കാത്ത സംസ്ഥാനമായി കേരളം മാറി. നികുതി പിരിവിന് നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്ഥനെ കൊണ്ട് പിരിവ് നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഏത് സംസ്ഥാനത്തുനിന്നും ഏത് സാധാനവും നികുതി വെട്ടിച്ച് കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കാമെന്ന സ്ഥിതിയായി. ഇത്തരത്തില്‍ ബ്ലാക്ക് ബിസിനസ് നടക്കുമ്പോള്‍ മാന്യമായി നികുതി നല്‍കുന്നവന്റെ കട പൂട്ടുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നികുതിയിനത്തില്‍ 18000 കോടിവരെ നികുതി ലഭിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിനൊന്നും യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കേരളം നിന്നുപോകുമെന്ന് ആരും ധരിക്കണ്ടെന്നും അത്രവലിയ പ്രതിസന്ധിയില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വിശദീകരിച്ചു. 1,26,152 കോടിയാണ് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ വിനിയോഗിച്ചത്. കഴിഞ്ഞ നവംബര്‍ വരെയുള്ള എല്ലാം ബില്ലുകള്‍ക്കം പണം നല്‍കിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടെന്നാല്‍ എല്ലാം നിര്‍ത്തിവെക്കുമെന്ന് അതിന് അര്‍ത്ഥമില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ ധൂര്‍ത്തിനെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ അദ്ദേഹം നിസാരവല്‍ക്കരിക്കുകയായിരുന്നു. മുഖ്യമന്ത്രി ‘കിയാ’ കാര്‍ വാങ്ങിയതോ നവകേരള യാത്രക്ക് ബസ് വാങ്ങിയതോ ക്ലിഫ് ഹൗസില്‍ കുളം നിര്‍മിക്കുന്നതോ ധൂര്‍ത്തല്ലെന്നാണ് ധനമന്ത്രി പറഞ്ഞത്. ചര്‍ച്ചയിലുടനീളം കേന്ദ്രത്തെ മാത്രം പഴിചാരി രക്ഷപ്പെടാനുള്ള ധനമന്ത്രിയുടെ ശ്രമത്തെ വിമര്‍ശിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയത്. കടകംപള്ളി സുരേന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, പി.കെ കുഞ്ഞാലിക്കുട്ടി, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, കെ.കെ രമ, കെ. ബാബു നെന്മാറ, ഡി.കെ മുരളി, അഹമ്മദ് ദേവര്‍കോവില്‍, എം. രാജഗോപാല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

VIDEO