Latest News

ജാതി സെൻസസ്: വിധി വരുന്നതുവരെ നടപടിയില്ലെന്ന് മന്ത്രി,സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് എം.കെ മുനീർ

Fri Feb 2024 | 04:53:32 news

തിരുവനന്തപുരം: കേരളത്തില്‍ ജാതി സെന്‍സസ് നടത്തുന്ന വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മുസ്ലിം ലീഗ് സഭാകക്ഷി ഉപനേതാവ് എം.കെ. മുനീറാണ് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച് ജാതി സെന്‍സസ് വിഷയം സഭയില്‍ ഉന്നയിച്ചത്. ജാതി സെന്‍സസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അനുകൂലമാണോ പ്രതികൂലമാണോയെന്ന് അറിയണമെന്ന് എം.കെ മുനീര്‍ സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജനസംഖ്യാ കണക്കെടുപ്പ് നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ സഭയില്‍ മറുപടി നല്‍കി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ വിധി വരുന്നതുവരെ ജാതിസെന്‍സസില്‍ തീരുമാനം എടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം അറിയിച്ചു. ജാതി സെന്‍സസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാാണെന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് സത്യവാങ്മൂലത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതെന്ന് എം.കെ. മുനീര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ആവശ്യത്തിനനുസരിച്ച് ജാതി സെന്‍സസ് നടത്താമെന്ന 105-ാം ഭരണഘടനാ ഭേദഗതി വിസ്മരിച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. 2012-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കേരളത്തില്‍ ജാതി സെന്‍സസ് നടന്നിട്ടുണ്ട്. എന്നാല്‍ അത് സുപ്രീംകോടതി പിടിച്ചുവെച്ചു. അതിനുണ്ടായ കാരണങ്ങളടക്കം പരിഗണിച്ച് ഇപ്പോഴത്തെ സര്‍ക്കാര്‍ ജാതി സെന്‍സസിന് തയ്യാറാണോ? എല്ലാ ജാതികളുടേയും അവസ്ഥ മനസിലാക്കി അവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കാനാണ് സെന്‍സസ് ആവശ്യപ്പെടുന്നത്. ജാതി സെന്‍സസിന് അനുകൂലമാണോ പ്രതികൂലമാണോ സര്‍ക്കാര്‍ നയമെന്ന് അറിയണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു. ജനസംഖ്യാ കണക്കെടുപ്പ് നടത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെടുന്ന കാര്യമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ മറുപടി നല്‍കി. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസിന്റെ ഭാഗമായി സാമ്പത്തിക- സാമൂഹിക സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുകയാണ് ഉചിതം. സുപ്രീംകോടതിയിലുള്ള കേസില്‍ വിധി വരുന്നത് വരെ ജാതി സെന്‍സസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു വിഭാഗത്തിന്റേയും അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാട് സ്വീകരിക്കില്ല. എല്ലാ ജനവിഭാഗത്തിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഏതറ്റവരേയും പോകുന്ന സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു.

VIDEO