Latest News

വണ്ടിപെരിയാർ പീഡന കൊലപാതകം; സഭയിൽ പ്രതിഷേധം ആളിക്കത്തിച്ച് പ്രതിപക്ഷം, ഒന്നാം പ്രതി സർക്കാരെന്ന് വി.ഡി സതീശൻ

Fri Feb 2024 | 04:54:24 news

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിഷേധം ആളിക്കത്തിച്ച് പ്രതിപക്ഷം. ശൂന്യവേളയിൽ, അടിയന്തര പ്രമേയ നോട്ടീസിലൂടെ കോൺഗ്രസ് അംഗം സണ്ണി ജോസഫാണ് കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്ന് പ്രതി കുറ്റവിമുക്തനായ വിഷയം സഭയിലുയർത്തിയത്. അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നിലപാട് സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ തൃപ്തരാക്കിയില്ല. പുനരന്വേഷണമാണ് വേണ്ടതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് ചെവികൊടുക്കാതെ, അപ്പീൽ കൊടുത്തിട്ടുണ്ടെന്ന വാദമാണ് മുഖ്യമന്ത്രി സഭാതലത്തിൽ ഉയർത്തിയത്. ഏറെ നേരം നീണ്ടുനിന്ന വാദപ്രതിവാദത്തിന് ശേഷം, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സിപിഎമ്മുകാരനായ പ്രതിയെ രക്ഷിക്കാൻ പാർട്ടിയും സർക്കാരും കളിച്ച കളികൾ സണ്ണി ജോസഫ് അക്കമിട്ടു നിരത്തി. കേസിൽ തൊണ്ടിമുതൽ ശേഖരിക്കുന്നതിൽ കാലതാമസം വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തെളിവുകൾ നശിപ്പിക്കപ്പെട്ടു. പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി. അന്വേഷണത്തിലുണ്ടായ വീഴ്ചകൾ കോടതിക്ക് പോലും ചൂണ്ടിക്കാണിക്കേണ്ടി വന്നത് പ്രതിപക്ഷം സഭയിലുയർത്തി. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിക്കായി നിലകൊണ്ടു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും കേസ് പുനരന്വേഷിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അതേസമയം, പ്രതിയുടെയോ അച്ഛന്റെയോ രാഷ്ട്രീയം സർക്കാരിനെ സ്വാധീനിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കേസ് അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച് വിചാരണ കോടതിയുടെ പരാമർശങ്ങളെ ഗൗരവത്തോടെ കാണുന്നു. കേസ് അന്വേഷണത്തിലെ ക്രമക്കേടോ വീഴ്ചയോ പൊറുപ്പിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ എ.എൻ ഷംസീർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിധി പ്രസ്താവം വായിച്ചാല്‍ അപമാന ഭാരത്താല്‍ തല കുനിച്ചു പോകുമെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആഞ്ഞടിച്ചു. കേസിൽ എന്ത് നീതിയാണ് നടപ്പാക്കിയതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, സംഭവം നടന്ന അന്നു മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാണിക്കുന്നതെന്നും വ്യക്തമാക്കി. ഈ കേസിലെ ഒന്നാം പ്രതി സര്‍ക്കാരാണ്. അന്വേഷണത്തില്‍, പ്രോസിക്യൂഷനില്‍ എല്ലായിടത്തും തെളിവുകളും നശിപ്പിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്. അത് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥന്‍ തുടക്കം മുതല്‍ക്കെ അടച്ചു. ആദ്യം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചു. എന്റെ കൊച്ചിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതി നിലവിളിക്കുകയാണ്. അതിനൊപ്പം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനുള്ള ശ്രമം നടത്തിയത് ലജ്ജിപ്പിക്കുന്ന സംഭവമാണ്. പ്രതിയാണ് മൃതശരീരം ഏറ്റുവാങ്ങിയത് -സതീശൻ പറഞ്ഞു. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ജനല്‍ തുറന്നു കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. ജനലില്‍ കൂടിയാണ് പ്രതി രക്ഷപ്പെട്ടത്. രണ്ടാമത് വീടിനുള്ളില്‍ കയറിയ പ്രതി ജനലിന്റെ കൊളുത്തിട്ടു. എന്നാല്‍ ജനലിന്റെ കൊളുത്ത് ഇട്ടിട്ടുണ്ടെന്നും പ്രതിക്ക് വീട്ടിനുള്ളില്‍ കയറാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയെ ചോദ്യം ചെയ്തിരുന്നെങ്കില്‍ കൃത്യമായ വിവരം ലഭിച്ചേനെ. പ്രതി ആരാണെന്ന് അറിഞ്ഞിട്ടും തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടു നിന്നു. വിധി വന്നതിനു ശേഷം കുട്ടിയുടെ അച്ഛനും മുത്തച്ഛനും ആക്രമിക്കപ്പെട്ടു. ഇന്ത്യയില്‍ നടന്ന ഏറ്റവും ഹീനമായ കേസായ ഉന്നാവോയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തീകൊളുത്തിക്കൊന്നു. അച്ഛന്‍ തടവറയില്‍ മരിച്ചു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ രണ്ട് ബന്ധുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അതോടെ കേസ് തന്നെ ഇല്ലാതായി. അതു പോലെയാണ് പ്രതിയെ വെറുതെ വിട്ടതിനു പിന്നാലെ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനും ആക്രമിക്കപ്പെട്ടത്. ആക്രമിച്ച പ്രതി ഓടിക്കയറിയത് സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസിലേക്കും. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ബിയര്‍ കുപ്പികളും വാരിക്കുന്തവുമായാണ് സി.പി.എം നേരിട്ടത്. സര്‍ സി.പിക്കെതിരെ വാരിക്കുന്തവുമായി സമരം നടത്തിയ പാര്‍ട്ടിയാണ് സി.പി.എം എന്നത് ശരിയാണ്. എന്നാല്‍ ഇന്നത്തെ സി.പി.എം വാരിക്കുന്തവുമായി കാവല്‍ നിന്നത് പ്രതിയെ സംരക്ഷിക്കാനാണ്. തുടക്കെ മുതല്‍ക്കെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു.

VIDEO