Latest News

സേർച്ച് കമ്മിറ്റി; വി.സിമാർക്ക് അന്ത്യശാസനം നൽകി ഗവർണർ

Sat Feb 2024 | 04:32:33 news

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനായി സർവകലാശാലാ പ്രതിനിധികളെ നൽകാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർമാർക്ക് രാജ്ഭവന്റെ അന്ത്യശാസനം. കേരള സർവകലാശാല, എം.ജി. സർവകലാശാല, കുസാറ്റ്, കണ്ണൂർ, മലയാളം, കെ.ടി.യു., അഗ്രികൾചർ, ഫിഷറീസ് തുടങ്ങിയ സർവകലാശാലകളിലെ വി.സിമാർക്കാണ് രാജ്ഭവനിൽ നിന്ന് കത്തയച്ചത്. ഒരുമാസത്തിനുള്ളിൽ യോഗംവിളിച്ചുചേർത്ത് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നൽകണമെന്നും അല്ലാത്തപക്ഷം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് വി.സി നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്നും കത്തിൽ പറയുന്നു. ഇതിനിടെ, കേരള വി.സി. സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായുള്ള സെനറ്റ് യോഗം ഫെബ്രുവരി 16-ന് വിളിച്ചുചേർക്കാൻ രജിസ്ട്രാർക്ക് നിർദേശംനൽകി. അതേസമയം, യു.ജി.സി. ചട്ടം ലംഘിച്ച് നിയമിച്ച കാലിക്കറ്റ്‌, സംസ്കൃത, ഡിജിറ്റൽ, ഓപ്പൺ യൂണിവേഴ്സിറ്റി വിസിമാരുടെ ഹിയറിങ് ഫെബ്രുവരി 24-ന് ഗവർണർ രാജ്ഭവനിൽ നടത്തും. ഇത് സംബന്ധിച്ച നോട്ടീസ് വി.സിമാർക്ക് രാജ്ഭവൻ അയച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഹിയറിങ് നടത്തുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇവർ അയോഗ്യരാണെന്ന് ഉത്തരവിട്ടാലും വി.സിമാരുടെ പിരിച്ചുവിടൽ നടപ്പാക്കാൻ 10 ദിവസം സമയം അനുവദിക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.

VIDEO