Latest News

സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല, മറിച്ച് ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് ഉദയനിധി സ്റ്റാലിന്‍

Tue Feb 2024 | 04:37:50 news

ചെന്നൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ശങ്കരാചാര്യന്മാര്‍ പങ്കെടുക്കാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒ.ബി.സി വിഭാഗക്കാരനായതുകൊണ്ടാണെന്ന് തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മത്തിലെ വിവേചനങ്ങളെ കുറിച്ച് താന്‍ പറഞ്ഞത് ശരിവെക്കുന്നതാണ് ഇക്കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ചെന്നൈയില്‍ ഡി.എം.കെയുടെ ബൂത്ത് ഏജന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉദയനിധി. രാമക്ഷേത്ര ചടങ്ങിലേക്ക് ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചില്ല. അവര്‍ ഒരു വിധവയും ഗോത്രവിഭാഗത്തില്‍ നിന്നുള്ള വ്യക്തിയുമായതിനാലാണത്. സനാതന ധര്‍മത്തിലെ വിവേചനങ്ങളെ കുറിച്ച് നാല് മാസം മുമ്പ് ഞാന്‍ പറഞ്ഞതാണ്. അതിന്റെ പേരില്‍ ഒരു മാപ്പും പറയാനില്ല. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്. എല്ലാവരും തുല്യരാവണമെന്നാണ് ഞാന്‍ പറഞ്ഞത് -ഉദയനിധി വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രോഗ്രസിവ് റൈറ്റേഴ്‌സ് ഫോറത്തിന്റെ പരിപാടിയില്‍ സംസാരിക്കവേ സനാതന ധര്‍മത്തിനെതിരെ ഉദയനിധി നടത്തിയ പ്രസ്താവന സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വിവാദമാക്കിയിരുന്നു. സനാതന ധര്‍മത്തെ തുടച്ചുനീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ‘സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല, മറിച്ച് ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കുകയാണ് വേണ്ടത്’ എന്നായിരുന്നു പ്രസ്താവന. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയും വിവിധയിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, തന്റെ പ്രസ്താവന പിന്‍വലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്നാണ് ഉദയനിധിയുടെ നിലപാട്.

VIDEO