Latest News

കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി പിടിയില്‍

Thu Feb 2024 | 05:17:08 news

കോഴിക്കോട്: നിരവധി മോഷണ കേസില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി (40) അറസ്റ്റില്‍. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും വെള്ളയില്‍ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുതിയ നിരത്തുള്ള വീട്ടില്‍ നടന്ന മോഷണത്തിനിടെയാണ് ഇന്‍സ്പെക്ടര്‍ ഹരീഷിന്റെ നേതൃത്വത്തിലുള്ള വെള്ളയില്‍ പോലീസ് പ്രതിയെ പിടികൂടിയത്. സമാന രീതിയില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ വിവരം ശേഖരിച്ച് പരിശോധന നടത്തി വരുന്നതിനിടെയാണ് പ്രതി ഒളിവില്‍ കഴിയുന്ന വിവരം സിറ്റി ക്രൈം സ്‌ക്വാഡിന് ലഭിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടക്കാവ് കുന്നത്ത് താഴത്തുള്ള വീടിന്റെ ടെറസിലൂടെ കയറിയാണ് പ്രതി മോഷണം നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രതിക്ക് മോഷണ കേസുകള്‍ നിലവിലുണ്ട്. മോഷണം നടത്തിയ സ്വര്‍ണ മോതിരവും വിവോ കമ്പനിയുടെ രണ്ട് മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം കണ്ടെടുത്തു. വീട്ടില്‍ ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ ജനല്‍ വഴി മോഷ്ടിക്കുന്നതാണ് ഷാജിയുടെ രീതി. കോടതിയില്‍ ഹാജരാക്കിയ ഷാജിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത്, വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ സീനിയര്‍ സി.പി.ഒമാരായ ഷിജു, ധര്‍മ്മദാസ്, സൈബര്‍ സെല്‍ സിപിഒ പ്രസാദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

VIDEO