Latest News

ലോക്സഭാ സീറ്റ്; ഇടതുമുന്നണിയിൽ അസ്വാരസ്യം

Thu Feb 2024 | 04:51:07 news

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ അസ്വാരസ്യം. ഒരു സീറ്റിന് ആര്‍ജെഡിക്ക് അര്‍ഹതയുണ്ടെന്ന് സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്. മലബാര്‍ മേഖലയില്‍ പാര്‍ട്ടിക്ക് നല്ല അടിത്തറയുണ്ട്. 2019 ലെ സിപിഎം നേതൃത്വമാണ് സീറ്റ് വാഗ്ദാനം ചെയ്തത്. ബോര്‍ഡ് – കോര്‍പറേഷന്‍ പദവികള്‍ ഒഴിയുന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാഗ്ദാനം ചെയ്ത ലോക്സഭാ സീറ്റ് തരാത്തതിലും ഉഭയകക്ഷി ചര്‍ച്ചവേണം എന്ന ആവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് ആര്‍ജെഡി ബോര്‍ഡ്–കോര്‍പറേഷന്‍ പദവികള്‍ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചത്. നിലവിൽ രണ്ട് ചെയര്‍മാന്‍ സ്ഥാനവും ആറ് ബോര്‍ഡ് അംഗങ്ങളുമാണു പാര്‍ട്ടിക്കുള്ളത്. ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളാണ് ആര്‍ജെഡിക്ക്. ഇവ രാജിവയ്ക്കാനുള്ള സന്നദ്ധതയാണ് അറിയിച്ചത്. ബോര്‍ഡ്–കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഔദാര്യമല്ലെന്നാണ് ആര്‍ജെഡിയുടെ നിലപാട്. അതേസമയം, സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആര്‍ജെഡിയുടെ അവകാശവാദം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തള്ളി. താന്‍ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും സീറ്റ് തരാമെന്ന് ഇടതുമുന്നണി മുന്‍കൂട്ടി പറയാറില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഇപ്പോഴത്തെ കണ്‍വീനറാകില്ല അങ്ങനെയൊരു കാര്യം പറഞ്ഞത്. അഭിപ്രായങ്ങൾ പറയുന്നത് ഒരു തെറ്റായ പ്രവണതയല്ല. അവർ അവരുടെ അഭിപ്രായം പറഞ്ഞു. അത് എൽഡിഎഫിന് എതിരല്ല. ആർജെഡിക്ക് എന്തെങ്കിലും കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെങ്കിൽ അത് ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്കുമാറിന്റെ അധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന യോഗത്തിലാണ് പാർട്ടിയുടെ കൈവശമുള്ള ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി രാജിവയ്ക്കാൻ ആർജെഡി തീരുമാനിച്ചത്. മുന്നണിയുടെ ഭാഗമായ ശേഷം എൽജെഡിയുടെ കൂടി പിന്തുണയോടെയാണു സർക്കാർ രൂപീകരിച്ചത്. എന്നാൽ എംഎല്‍എ ഉണ്ടായിട്ടുപോലും രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കിട്ടാത്ത ഏകകക്ഷിയാണ് ആര്‍ജെഡി. അടുത്തിടെ മുന്നണിയുടെ ഭാഗമായ ഐഎൻഎല്ലിനും മന്ത്രിസ്ഥാനം കൊടുത്തിരുന്നു. 1952 മുതല്‍ കേരളത്തില്‍നിന്ന് സോഷ്യലിസ്റ്റുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചരിത്രം ആര്‍ജെഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് കഴിഞ്ഞ മുന്നണിയോഗത്തില്‍ ഉന്നയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് സീറ്റ് വേണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സോഷ്യലിസ്റ്റുകള്‍ തല്‍ക്കാലം സഹകരിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉഭയകക്ഷി ചർച്ചയ്ക്കുള്ള അവസരം നിരാകരിച്ചു. എൽഡിഎഫ് നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ ആർജെഡി ഉടൻ സംസ്ഥാന കമ്മിറ്റി യോഗം ചേരുമന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തു സമീപനം സ്വീകരിക്കണമെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കുമെന്നുമാണ് വിവരം.

VIDEO