Latest News

കരിമണൽ ഖനന കരാർ അഞ്ചുവർഷം നീട്ടിക്കൊടുത്തു: പി.വിക്കും മകൾക്കും കിട്ടിയത് കോടികൾ

Thu Feb 2024 | 04:58:23 news

തിരുവനന്തപുരം: സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ കെആർഇഎംഎലിനു നൽകിയ കരിമണൽ ഖനനാനുമതി സംസ്ഥാന സർക്കാർ റദ്ദാക്കിയത് അഞ്ചുവർഷം വൈകിയാണെന്ന രേഖകൾ പുറത്തുവന്നതോടെ, ശശിധരൻ കർത്തയുടെ ഡയറിയിൽ പേരുള്ള പി.വിയും മകളും ഇതിന്റെ പേരിൽ തട്ടിയെടുത്തത് കോടികളെന്ന ആരോപണം ശക്തമാകുന്നു. 2019ലാണ് സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം റദ്ദാക്കാൻ കേന്ദ്രം നിർദ്ദേശിച്ചത്. എന്നാൽ, അഞ്ചുവർഷത്തിന് ശേഷം 2023 ഡിസംബർ 18നാണ് പിണറായി വിജയൻ സർക്കാർ ഇതിനുള്ള ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം ശക്തമായതിന് പിന്നാലെയായിരുന്നു അനുമതി റദ്ദാക്കലെന്നതും ശ്രദ്ധേയമാണ്. ആറ്റമിക് ധാതു ഖനനം പൊതു മേഖലയിൽ മാത്രമാക്കി ആയിരുന്നു കേന്ദ്ര നിയമം. 2019 ഫെബ്രുവരി 20-ന് അറ്റോമിക് മിനറല്‍സിന്റെ ഖനനം സ്വകാര്യമേഖലയില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സ്വകാര്യ ഖനനത്തിനുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് 2019 മാര്‍ച്ച് 19-നാണ് കേന്ദ്രം ഉത്തരവിറക്കിയത്. ഇതോടെ, സിഎംആർഎലിനെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതായും അതിനു പ്രതിഫലമായാണു മകൾ വീണയ്ക്കു പ്രതിമാസം 8 ലക്ഷം രൂപ മാസപ്പടി ലഭിച്ചതെന്നുമുള്ള കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം ശരിയെന്ന് തെളിയുകയാണ്. കമ്പനിക്കു കാര്യങ്ങൾ അനുകൂലമാകാനാണ് ഉത്തരവിറക്കാൻ വൈകിയതെന്നും കുഴൽനാടൻ അഭിപ്രായപ്പെട്ടു. എല്ലാ സ്വകാര്യ ഖനന അനുമതികളും റദ്ദാക്കാൻ 2019ൽ കേന്ദ്രം തീരുമാനിച്ചിരുന്നുവെന്ന് മാത്യു കുഴൽനാടൻ പറയുന്നു. ഇതനുസരിച്ച് 2004ൽ സിഎംആർഎലിനു കൊടുത്ത കരാർ റദ്ദാക്കാൻ മൈനിങ് വിഭാഗം നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. ഭൂമി സർക്കാർ തിരിച്ചെടുക്കാനുള്ള നടപടി നടക്കുമ്പോഴാണു സിഎംആർഎൽ മുഖ്യമന്ത്രിക്കു നിവേദനം നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഫയൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയൽ വിളിച്ചുവരുത്തി പരിശോധിക്കണമെങ്കിൽ എന്തെങ്കിലും പ്രത്യേകത വേണം. പിന്നീട് മുഖ്യമന്ത്രി യോഗവും വിളിച്ചു. ഖനന കരാർ ‌റദ്ദാക്കാനാണ് നിയമവകുപ്പ് നിർദേശിച്ചത്. മുഖ്യമന്ത്രി ഇടപെട്ടതോടെ അന്തിമതീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്ര സര്‍ക്കാർ തീരുമാനം ഉണ്ടായിരുന്നില്ലെങ്കിൽ സിഎംആർഎലിനു അനുകൂലമായി തീരുമാനം ഉണ്ടാകുമായിരുന്നുവെന്നും മാത്യു കുഴൽനാടൻ പറയുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ മകൾക്ക് മാസപ്പടി ലഭിച്ചിട്ടുണ്ടെന്ന ഗുരുതരമായ ആരോപണം കഴിഞ്ഞദിവസം കുഴൽനാടൻ ഉന്നയിച്ചിരുന്നു. പ്രത്യുപകാരമായി സ്വകാര്യ കരിമണൽക്കമ്പനിയായ സിഎംആർഎല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു. സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നൽകാൻ പാടില്ലെന്ന് കേന്ദ്രം ഉത്തരവിട്ടപ്പോൾ, പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി മുഖ്യമന്ത്രി സംയുക്ത സംരംഭമുണ്ടാക്കി കരിമണൽ ഖനനം നടത്താനുള്ള വഴിതേടിയെന്നും കുഴൽനാടൻ ആരോപണം ഉയർത്തി. നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് സൊലൂഷ്യന്‍സ്, കരിമണല്‍ കമ്പനിയില്‍നിന്ന് പ്രതിഫലം കൈപ്പറ്റിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ഇന്ററി സെന്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. പ്രത്യേക സേവനമൊന്നും നല്‍കാതെ എക്‌സാലോജിക്കിന് 1.72 കോടി രൂപ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയെന്നായിരുന്നു ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മാസപ്പടി ആരോപണം ഉയര്‍ന്നത്.

VIDEO