Latest News

കെ ബി ഗണേഷ്‌കുമാറും മുന്‍മന്ത്രി ആന്റണി രാജുവും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തേക്ക്

Fri Feb 2024 | 04:49:37 news

തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറും മുന്‍മന്ത്രി ആന്റണി രാജുവും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തേക്ക്. കെഎസ്ആര്‍ടിസി ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് ഉദ്ഘാടനത്തില്‍ മുന്‍മന്ത്രിക്ക് ക്ഷണമില്ല. നാല് മണിക്ക് ഉദ്ഘാടനം നടക്കാനിരിക്കേ അരമണിക്കൂര്‍ മുന്‍പ് ഉദ്ഘാടന വേദിയിലെത്തി ആന്റണി രാജു ബസ് കാണുകയും ജീവനക്കാര്‍ക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തു. ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ വിഷമമില്ല. ഡബിള്‍ ഡക്കര്‍ ബസ് തന്റെ കുഞ്ഞാണെന്നും അതുകൊണ്ടാണ് കാണാന്‍ വന്നതെന്നും ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. താനിതിലെ പോയപ്പോഴാണ് രണ്ട് ബസുകള്‍ ഉദ്ഘാടനത്തിന് തയ്യാറായി നിര്‍ത്തിയിരിക്കുന്നത് കണ്ടത്. പുത്തരികണ്ടത്ത് വച്ച് ബസുകള്‍ ഒരുമിച്ച് ഉദ്ഘാടനം നടത്തുമെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആന്റണി രാജു ഗതാഗത മന്ത്രിയായിരിക്കേയാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന് തീരുമാനമെടുത്തത്.സാധാരണ തിരുവനന്തപുരം നഗരത്തില്‍ വച്ചാണ് പുതിയ ബസുകളുടെ അടക്കം ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. എന്നാല്‍ ഇത്തവണ പാളയം വികാസ് ഭവന്‍ ഡിപ്പോയിലാണ് പുതിയ ബസിന്റെ ഉദ്ഘാടനം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പെടുന്നതാണ് ഈ സ്ഥലം. ഇവിടെ റോഡിന് മറുവശം ആന്റണി രാജു പ്രതിനിധീകരിക്കുന്ന തിരുവനന്തപുരമാണ്. മുന്‍മന്ത്രിയെ ഒഴിവാക്കാനാണ് പതിവിന് വിപരീതമായി ഇത്തവണ പാളയം ഡിപ്പോയില്‍ വച്ച് ഉദ്ഘാടനം നടത്തുന്നതെന്നാണ് വിമര്‍ശനം. വട്ടിയൂര്‍ക്കാവില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് സ്ഥലം എംഎല്‍എ വി.കെ പ്രശാന്തിനെ ക്ഷണിച്ചാല്‍ മതിയാകും.2023 ഡിസംബര്‍ 24നാണ് ആന്റണി രാജു ഗതാഗതമന്ത്രി സ്ഥാനം രാജിവയ്്ക്കുന്നതും കെ.ബി ഗണേഷ്‌കുമാര്‍ ചുമതലയേല്‍ക്കുന്നതും. ഗണേഷുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സിഎംഡി രാജിവച്ചു പോയിരുന്നു. ഗതാഗത കമ്മീഷണര്‍ മന്ത്രിയോടുള്ള വിയോജിപ്പ് ഓഫീസിലെത്തി പ്രകടിപ്പിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.

VIDEO